ന്യൂഡൽഹി: ഉത്സവകാലത്തിന് മുന്നോടിയായി നടത്തിയ പ്രത്യേക വില്പന മേളകളിലൂടെ ഇ-കൊമേഴ്സ് കമ്പനികൾ കൊയ്തത് കോടികളുടെ വരുമാനം. സെപ്തംബർ 29 മുതൽ ഈമാസം നാലുവരെ നടന്ന മേളയിലൂടെ, 370 കോടി ഡോളറാണ് (26,200 കോടി രൂപ) ഫ്ളിപ്കാർട്ടിന്റെയും ആമസോണിന്റെയും കീശയിലെത്തിയത്. മുൻവർഷത്തെ ഉത്സവകാല വില്പനയെ അപേക്ഷിച്ച് 33 ശതമാനമാണ് വർദ്ധന.
ദീപാവലിയോട് അനുബന്ധിച്ച് ഈമാസം 29വരെ നീളുന്ന ഉത്സവകാല കച്ചവടം കൂടി പരിഗണിക്കുമ്പോൾ മൊത്തം വരുമാനം 480 കോടി ഡോളർ (34,000 കോടി രൂപ) കടക്കുമെന്നാണ് വിലയിരുത്തൽ. നാലിന് സമാപിച്ച പ്രത്യേക വില്പന മേളയിൽ ഇന്ത്യയിലെ 99.4 ശതമാനം പിൻകോഡുകളിൽ നിന്നും ഓർഡറുകൾ ലഭിച്ചുവെന്ന് ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാൾ പറഞ്ഞു. 500 നഗരങ്ങളിലായുള്ള 65,000 വിതരണക്കാർക്കും ഇക്കാലത്ത് ഓർഡറുകൾ ലഭിച്ചു.
15,000 പിൻകോഡുകളിൽ നിന്ന് ആമസോണിന്റെ പ്രീമീയം സർവീസായ 'ആമസോൺ പ്രൈം" മെമ്പർഷിപ്പ് സ്വീകരിച്ചു. ചെറു പട്ടണങ്ങളിൽ നിന്നുള്ള ഓർഡറുകളിൽ 88 ശതമാനവും പുതിയ ഉപഭോക്താക്കളുടേത് ആയിരുന്നുവെന്നും അമിത് അഗർവാൾ പറഞ്ഞു. പ്രത്യേക മേളയിലെ മൊത്തം കച്ചവടത്തിൽ 70-75 ശതമാനം വിഹിതവും ഫ്ളിപ്കാർട്ടിന് ലഭിച്ചുവെന്ന് ഫ്ളിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തി അവകാശപ്പെട്ടു. പുതിയ ഉപഭോക്താക്കളിൽ 50-60 ശതമാനം വർദ്ധനയുമുണ്ട്.
ആമസോൺ
സ്മാർട്ഫോൺ വില്പന വളർച്ച : 15 മടങ്ങ്
വൺപ്ളസ് വില്പന : ₹700 കോടി
സാംസംഗ് : 5 മടങ്ങ്
ഫാഷൻ ഉത്പന്നങ്ങൾ : 5 മടങ്ങ്
ഹോം അപ്ളയൻസസ് : 8 മടങ്ങ്
സ്മാർട് ഹോം എക്കോ ഡിവൈസസ് : 70 മടങ്ങ്
ഹോം അപ്ളയൻസസ് വില്പനയിൽ 50% ഇ.എം.ഐ മുഖേന
99.4%
ഇന്ത്യയിലെ 99.4 ശതമാനം പിൻകോഡുകളിൽ നിന്നും ഓർഡറുകൾ ലഭിച്ചുവെന്ന് ആമസോൺ
75%
ഉത്സവകാലത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക വില്പന മേളയിൽ 70-75 ശതമാനം വിപണി വിഹിതവും ലഭിച്ചുവെന്ന് ഫ്ളിപ്കാർട്ട്. പുതിയ ഉപഭോക്താക്കളുടെ എണ്ണം 50-60 ശതമാനം വർദ്ധിച്ചു.
₹34,000 കോടി
ഒക്ടോബർ 29വരെ നീളുന്ന ഈ ഉത്സവകാല വില്പനയിൽ ഫ്ളിപ്കാർട്ടും ആമസോണും പ്രതീക്ഷിക്കുന്ന മൊത്തം വരുമാനം 34,000 കോടി രൂപ.
₹2.73 ലക്ഷം കോടി
കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) ഇന്ത്യൻ ഇ-കൊമേഴ്സ് വിപണിയുടെ വില്പനമൂല്യം 2.73 ലക്ഷം കോടി രൂപയായിരുന്നു. 2017-18ൽ മൂല്യം 2.34 ലക്ഷം കോടി രൂപ. നടപ്പുവർഷം ഇത് മൂന്നുലക്ഷം കോടി രൂപ കവിയും.