നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോൾ ബാധിക്കുന്ന ഒരിനം വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അരിമ്പാറ. പ്രത്യേകിച്ച് കുട്ടികളിൽ ത്വക്കിലോ, ത്വക്കിനോടു ചേർന്ന ശ്ളേഷ്മസ്തരത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസു കളാണ് ഇതിന് കാരണം. രോഗമുള്ള മനുഷ്യരുമായുള്ള സമ്പർക്കത്താൽ (സ്പർശനത്താൽ) ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാൽമുട്ടുകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്.
ചികിത്സ
ഭൂരിഭാഗം കേസുകളിലും അരിമ്പാറ തനിയെ അപ്രത്യക്ഷമാകുകയും ചെയ്യും. അത് ഒരു സൗന്ദര്യപ്രശ്നമായിട്ട് തോന്നുന്നു എങ്കിൽ നല്ല ഒരു ത്വക് രോഗ വിദഗ്ദ്ധനെ കണ്ടാൽ അത് ഇല്ലാതാക്കാൻ ശാസ്ത്രീയമായ പല മാർഗങ്ങളും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ്.
സാലിസിലിക് അമ്ലം പോലെയുള്ള അമ്ലങ്ങളുടെ മിശ്രിതം പല പ്രാവശ്യം പുരട്ടി വിരലുകളിലും മറ്റുമുണ്ടാകുന്ന അരിമ്പാറ മാറ്റാനാകും. ലിക്വിഡ് നൈട്രജൻ പോലുള്ള രാസപദാർഥങ്ങളുപയോഗിച്ചുള്ള ക്രയോസർജറിയിലൂടെ അരിമ്പാറയും അതിനു ചുറ്റുമുള്ള മൃതചർമവും സ്വയം കൊഴിഞ്ഞു പോകും. ലേസർ ചികിത്സ, കാൻഡിഡ കുത്തിവയ്പ്, കാന്താരി വണ്ടിന്റെ കാന്താരിഡിൻ എന്ന രാസപദാർത്ഥം ഉപയോഗിച്ച് പൊള്ളിക്കൽ, ഇന്റർഫെറോൺ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഇമിക്വിമോഡ് ക്രീം പുരട്ടി അരിമ്പാറ വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവ അരിമ്പാറയ്ക്കുള്ള പ്രതിവിധികളായി കണക്കാക്കപ്പെടുന്നു. മുറിവേല്ക്കുന്ന ചർമം വിവിധ ചികിത്സാരീതികളിലൂടെ ഉണങ്ങിക്കഴിയുമ്പോൾ വീണ്ടും അരിമ്പാറ പ്രത്യക്ഷപ്പെട്ടേക്കാം.
വെളുത്തുള്ളി, വിനാഗിരി, കോളിഫ്ളവർ നീര്, ഏത്തപ്പഴത്തിന്റെ തൊലി, ഉരുളക്കിഴങ്ങ് തൊലിമാറ്റിയത് തുടങ്ങിയവ അരിമ്പാറയിൽ പല പ്രാവശ്യം തേച്ചു പുരട്ടുന്നത് ഇതു നീക്കം ചെയ്യാൻ സഹായിക്കുന്നു. 25 ശതമാനം അരിമ്പാറയും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നു. 2 - 3 വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോകുന്നവയും അപൂർവമല്ല. അരിമ്പാറ വളരെ വേഗത്തിൽ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചർമത്തിൽ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കിൽ വീണ്ടും അരിമ്പാറ ഉണ്ടാകുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്. വേദനയോടുകൂടിയ അരിമ്പാറകൾക്ക് ചികിത്സ തേടണം. വേദന കുറച്ചു ദിവസങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളു എങ്കിൽ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.