മുംബയ്: മുംബയ് നഗരത്തിന്റെ ശ്വാസകോശം എന്ന് അറിയപ്പെടുന്ന ആരേ കോളനിയിലെ മരങ്ങൾ മുറിക്കുന്നത് തടയാനെത്തിയ 29 പരിസ്ഥിതിപ്രവർത്തകർ അറസ്റ്റിൽ. 23 പുരുഷന്മാരും ആറ് സ്ത്രീകളുമാണ് അറസ്റ്റിലായത്. പ്രദേശത്ത് സംഘർഷസാദ്ധ്യത നിലനിൽക്കുന്നതിനാൽ 144 (നിരോധാനാജ്ഞ) പ്രഖ്യാപിച്ചു. നൂറ് കണക്കിന് പേരാണ് മരം മുറിക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മരം മുറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. 38 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മുംബയ് മെട്രോയ്ക്ക് വേണ്ടി കാർഷെഡ് സൗകര്യം ഒരുക്കാനാണ് മെട്രോ റെയിൽ കോർപറേഷൻ കോളനിയിലെ മരങ്ങൾ മുറിക്കാനെത്തിയത്. അതേസമയം, അറസ്റ്റിലായ 29പേരുടെ ജാമ്യഹർജി കോടതി തള്ളി. ഇവരെ തിങ്കളാഴ്ച വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതേസമയം, രണ്ട് കോൺസ്റ്റബിൾമാരെ പ്രതിഷേധക്കാർ ആക്രമിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ പ്രണയ അശോക് ആരോപിച്ചു. ഒരു വനിതാ കോൺസ്റ്റബിളിനെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്തതായും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് മരംമുറി തുടങ്ങിയത്. ഇതുവരെ 200 മരങ്ങൾ മുറിച്ചിട്ടുണ്ട്. ഹർജികൾ ദേശീയ ഹരിത ട്രൈബ്യൂണൽ പരിഗണിക്കുന്ന ഈ മാസം 10ന് മുമ്പായി ഇവിടത്തെ മരങ്ങൾ മുറിച്ചുനീക്കാനാണ് അധികൃതരുടെ നീക്കം എന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. മരം മുറിയ്ക്കലിനെതിരെ എൻ.ജി.ഒയും പരിസ്ഥിതി പ്രവർത്തകരും സമർപ്പിച്ച നാല് ഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ മരംമുറിക്കാനായി വാഹനങ്ങൾ ഉൾപ്പെടെ സംഘമെത്തിയത്.