modi-haseena-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയും കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഇരുരാഷ്ട്രനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ബം​ഗ്ലാദേശിൽ നിന്ന് എൽ.പി.ജി ഇറക്കുമതി ചെയ്യുന്നതുൾപ്പടെയുള്ള മൂന്ന് പദ്ധതികൾക്കാണ് ഇരുനേതാക്കളും സംയുക്തമായി തുടക്കം കുറിച്ചത്. കൂടാതെ ഏഴ് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അയൽരാജ്യങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ ലോകമാതൃകയെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ശക്തമായ ഉഭയകക്ഷിബന്ധത്തിലൂടെ ലക്ഷ്യമിടുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സന്തോഷവും പുരോഗതിയുമാണ്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയും ബംഗ്ലാദേശും 12 സംയുക്തപദ്ധതികൾ ആരംഭിച്ചതായും മോദി പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പര്യാപ്തമായ പുതിയ പദ്ധതികളെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. അതേസമയം, കൂടിക്കാഴ്ചയിൽ ജമ്മുകാശ്മീർ വിഷയം പ്രതിപാദിച്ചു. ജമ്മുകാശ്മീർ, ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന നിലപാടിന് ബം​ഗ്ലാദേശ് പിന്തുണ അറിയിച്ചിട്ടുണ്ട്.

ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എൽ.പി.ജി ഇറക്കുമതിക്കുള്ള പദ്ധതി വളരെയധികം പ്രയോജനം ചെയ്യുന്നതാണ്. പരിസ്ഥിതി സൗഹൃദവും ഏതു കാലാവസ്ഥയിലും അനുയോജ്യമായതും വർഷം മുഴുവൻ ആശ്രയിക്കാൻ കഴിയുന്നതുമായ പൈപ്പ്ലൈൻ പദ്ധതിയാണിതെന്നും മോദി അഭിപ്രായപ്പെട്ടു. ധാക്കയിലെ രാമകൃഷ്ണ മിഷനിൽ ഇന്ത്യ നിർമ്മിക്കുന്ന വിവേകാനന്ദ ഭവന് മോദി തറക്കല്ലിടുകയും ചെയ്തു. വിവേകാനന്ദ ഭവനിൽ 100 സർവ്വകലാശാല വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പഠനത്തിന് സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ വേൾഡ് എക്കണോമിക് ഫോറം സംഘടിപ്പിച്ച ഇന്ത്യ എക്കണോമിക് ഫോറം പരിപാടിയുടെ മുഖ്യാതിഥിയായായിരുന്നു ഹസീന. ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഹസീന നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്.

 ചർച്ചയിൽ എൻ.ആ‌ർ.സിയും

ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ മോദി ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റർ ചർച്ചയായി. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിൽ നിരവധിയുണ്ടെന്നായിരുന്നു തുടക്കംമുതലുള്ള ബി.ജെ.പിയുടെ ആരോപണം. ഇവരെ മടക്കി അയയ്ക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. നേരത്തെ യു.എൻ ജനറൽ അസംബ്ലിയിലും ഈ വിഷയം ഇരുവരും ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എൻ.ആർ.സിയെ കൊണ്ട് ബംഗ്ലാദേശിന് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി ഹസീന വ്യക്തമാക്കിയിരുന്നു.

എൽ.പി.ജി ത്രിപുര വഴി

ബംഗ്ളാദേശിൽ നിന്ന് ട്രക്കുകളിൽ ത്രിപുര വഴിയാണ് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് എൽ.പി.ജി എത്തിക്കുക. എൽ.പി.ജി ഉടമ്പടി ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെടുമെന്നും കയറ്റുമതി, തൊഴിൽ സാദ്ധ്യതകൾ തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിമാർ ഒപ്പിട്ട കരാറുകൾ:

 ഛത്തോഗ്രാം, മോംഗ്ള തുറമുഖങ്ങളുടെ നടത്തിപ്പ്

 ത്രിപുരയിലെ സബ്‌റൂം നഗരത്തിൽ കുടിവെള്ളം ലഭ്യമാക്കാൻ ഇന്ത്യയ്‌ക്ക് ഫെനി നദിയിൽ നിന്ന് 1.82 ക്യൂസക്‌സ് വെള്ളം വിട്ടു നൽകൽ

 ബംഗ്ളാദേശിന് ഇന്ത്യയുടെ വായ്പാ സേവനം

 ഹൈദരാബാദ് സർവ്വകലാശാലയും ഡാക്കാ സർവ്വകലാശാലയും തമ്മിലുള്ള സഹകരണം

 സാംസ്‌കാരിക വിനിമയം

 യുവജനകാര്യങ്ങളിലെ സഹകരണം

 സംയുക്ത തീരദേശ നിരീക്ഷണം