ന്യൂഡൽഹി: ഹരിയാന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അശോക് തൻവാർ കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവച്ചു. ഹരിയാന കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് കഴിഞ്ഞമാസം തൻവാറിനെ നീക്കിയിരുന്നു. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് തൻവാർ പാർട്ടിയിലെ സ്ഥാനങ്ങളിൽനിന്നെല്ലാം കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽനിന്നുള്ള രാജി.
പാർട്ടി കടുത്ത ആന്തരിക വൈരുദ്ധ്യങ്ങൾ അനുഭവിക്കുകയാണെന്ന് പാർട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ അശോക് തൻവാർ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ രാജി. കോൺഗ്രസിനെ തകർക്കുന്നത് അകത്തുനിന്നുള്ളവരാണ്. രാഹുൽ ഗാന്ധി കൊണ്ടുവന്നവരെ തഴയുകയാണ് ചെയ്യുന്നത്.തൻവാർ ആരോപിച്ചു. പി.സി.സി അദ്ധ്യക്ഷ പദം അശോക് തൻവാറിൽനിന്നും കുമാരി ഷെല്‍ജയിലേക്ക് മാറ്റിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. അതേസമയം, പോരാട്ടം തുടരുമെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും തൻവാർ വ്യക്തമാക്കി.
ഇപ്പോൾ കോൺഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രാഷ്ട്രീയ എതിരാളികൾ മൂലമല്ല ഇത്. മറിച്ച്, ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാർട്ടി അനുഭവിക്കുന്നത്. ഏറെ മാസങ്ങളായുള്ള ആലോചനകൾക്കു ശേഷമാണ് എന്റെ വിയർപ്പും രക്തവുംകൊണ്ട് വളർത്തിയ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചത്. വ്യക്തികളോടല്ല, പാർട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയോടാണ്- തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നാലു പേജുള്ള രാജിക്കത്തിൽ തൻവാർ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ അനുയായികൾക്ക് സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലും തൻവാർ പ്രതിഷേധിച്ചിരുന്നു.