ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ബി.എസ്-6 കാറുകളുടെ വില്‌പനയിൽ രണ്ടുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ആറുമാസത്തിനകമാണ് ഈ നേട്ടം മാരുതി കുറിച്ചത്. 2020 ഏപ്രിൽ മുതൽ വിപണിയിലെത്തുന്ന എല്ലാ വാഹനങ്ങളും ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം.
എന്നാൽ, 2019 ഏപ്രിലിൽ തന്നെ മാരുതി ഓൾട്ടോ 800, ബലേനോ എന്നിവയുടെ ബി.എസ്-6 പതിപ്പ് വിപണിയിലെത്തിച്ചിരുന്നു. വാഗൺആർ (1.2 ലിറ്റർ), സ്വിഫ്‌റ്റ് ഡിയസർ, എർട്ടിഗ, എക്‌സ്.എൽ-6, എസ്-പ്രസോ എന്നിവയും ബി.എസ്-6 ശ്രേണിയിൽ മാരുതി അവതരിപ്പിച്ചു. നിർദ്ദിഷ്‌ട സമയപരിധിക്ക് മുമ്പ് എട്ടോളം വാഹനങ്ങൾ ബി.എസ്-6 ശ്രേണിയിൽ വിപണിയിൽ എത്തിച്ചതാണ് മാരുതിയുടെ നേട്ടത്തിന് കാരണമെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിചി അയുകാവ പറഞ്ഞു.
അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന നൈട്രജൻ ഓക്‌സൈഡിന്റെ പുറന്തള്ളലിൽ 25 ശതമാനം വരെ കുറവുണ്ടാക്കാൻ ബി.എസ്-6 വാഹനങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ബി.എസ്-6 പെട്രോൾ എൻജിൻ വാഹനങ്ങൾക്ക് ബി.എസ്-4 ഇന്ധനം ഉപയോഗിച്ചും പ്രവർത്തിക്കാൻ കഴിയും. ഇത് പരിശോധനകളിലൂടെ മാരുതി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.