തിരുവനന്തപുരം: ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തി അനുമതി നേടിയതിനെ സംസ്ഥാനം ഒന്നാകെ അഭിനന്ദിക്കുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ ആക്ഷേപിച്ചുകോണ്ട് നിരന്തരം നടത്തുന്ന പ്രസ്താവനകൾ വികസന വിരുദ്ധരെ സന്തോഷിപ്പിക്കുന്നതാണെന്ന് മന്ത്രി ജി.സുധാകരൻ.
മുഖ്യമന്ത്രി ഡൽഹിയ്ക്ക് പോയത് ലാവ്ലിൻ കേസിനെ സ്വാധീനിക്കാനാണെന്ന വിചിത്രമായ കണ്ടുപിടിത്തവും ചെന്നിത്തലയുടെ പ്രസ്താവനയിലുണ്ട്. ലാവ്ലിൻ കേസിൽ സി.ബി.ഐ കോടതി മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ കാര്യം അറിയാത്ത മട്ടിൽ പ്രചരണം നടത്തുന്നത് രാഷ്ട്രീയ മര്യാദകളുടെയും നിയമ മര്യാദകളുടെയും ധാർമിക മര്യാദകളുടെയും ലംഘനമാണ്.
നിതിൻ ഗഡ്കരിയെ കാണാൻ പൊതുമരാമത്ത് മന്ത്രിയെ അയച്ചാൽ മതിയായിരുന്നു, മുഖ്യമന്ത്രി പോകേണ്ടതില്ലായിരുന്നു എന്ന മട്ടിലുള്ള ചെന്നിത്തലയുടെ പ്രസ്താവന ദേശീയപാത വികസനത്തിന് കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന ആത്മാർത്ഥവും ഫലപ്രദവുമായ നടപടികളെ പറ്റി അല്പം പോലും ശ്രദ്ധിക്കാതിരുന്നതിന്റെ ഫലമാണ്. നിരവധിതവണ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും എൻ.എച്ച്.എ.ഐ ചെയർമാനുമായും ദേശീയപാതാ വികസനം ചർച്ച ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ ഭരണ പരാജയമാണ് ദേശീയപാത നിർമ്മാണം അനന്തമായി നീളാൻ കാരണമെന്നും ജി.സുധാകരൻ പറഞ്ഞു.