crime-

കോഴിക്കോട് : കൂടത്തായിയിൽ ഒരുകുടുംബത്തിലെ ആറുപേർ മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ജോളിയെ അറസ്റ്റ് ചെയ്തത് റോയിയുടെ മരണത്തിലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. കെ.ജി. സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. റോയിയെ കൊലപ്പെടുത്തിയത് സയനൈഡ് നൽകിയാണെന്നും സ്ഥിരീകരിച്ചു. ജോളിയും സുഹൃത്ത് എം.എസ്..മാത്യുവും പ്രജികുമാറുമാണ് പ്രതികള്‍.

ആറ് മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചതായും എസ്.പി വെളിപ്പെടുത്തി. അന്നമ്മയെ കൊന്നത് സാമ്പത്തിക അധികാരം കിട്ടാനാണ്. ടോം തോമസിനെ കൊന്നത് കുടുംബസ്വത്ത് പിടിച്ചെടുക്കാനും. ഒസ്യത്ത് നിർണായക തെളിവാകുമെന്നും എസ്.പി പറഞ്ഞു. കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം മാത്രമല്ലെന്നും എസ്.പി വ്യക്തമാക്കി.

എൻ.ഐ.ടി അദ്ധ്യാപികയാണെന്ന് കള്ളം പറഞ്ഞതാണ് ജോളിയെ കുടുക്കിയത്. പൊലീസിന് സംശയം തുടങ്ങിയത് ഈ കളവിൽ നിന്നാണ്. എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് സംശയം വര്‍ധിപ്പിച്ചു. റോയി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ജോളി പ്രചരിപ്പിച്ചതും തിരിച്ചടിയായി. റോയിയുടെ സഹോദരിയേയും കൊലപ്പെടുത്താൻ ശ്രമിച്ചു.

ജോളി കൂടുതൽ കൊലപാതകങ്ങൾ നടത്താൻ സാദ്ധ്യതയുണ്ടായിരുന്നു. ജോളിയെ ഇപ്പോൾ പിടിക്കാൻ സാധിച്ചത് നന്നായെന്നും എസ്.പി. കൂട്ടിച്ചേർത്തു.