രണ്ടു പേർ അറസ്റ്റിൽ, സംഘത്തലവൻ രക്ഷപ്പെട്ടു
രണ്ട് കാറുകളും മാരകായുധങ്ങളും പിടിച്ചെടുത്തു
തൃശൂർ: കണ്ണാറ മണ്ണഞ്ചിറയിൽ വാടക വീട് റെയ്ഡ് ചെയ്ത എക്സൈസ് സംഘം 220 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. മാരകായുധങ്ങളും രണ്ട് ആഡംബര കാറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അതേസമയം, റെയ്ഡ് മുൻകൂട്ടിയറിഞ്ഞ സംഘത്തലവൻ രക്ഷപ്പെട്ടു. ആന്ധ്രപ്രദേശിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് വിതരണത്തിന് സൂക്ഷിച്ചിരുന്നതാണ് കഞ്ചാവ്.
തൃശൂർ നെടുപുഴ പനമുക്ക് തൊണ്ണൻകാവിൽ വീട്ടിൽ രൂപേഷ് (32), കൂർക്കഞ്ചേരി സ്വദേശി രാഹുൽ (24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തലവൻ തൃശൂർ സ്വദേശി കടു എന്ന് വിളിക്കുന്ന നെഫിനാണ് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാൻ അന്വേഷണം ശക്തമാക്കി.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറും സംഘവും റെയ്ഡ് നടത്തിയത്. വാടകയ്ക്ക് വീടെടുത്ത് അന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് മദ്ധ്യകേരളത്തിൽ വിതരണം ചെയ്തു വരികയായിരുന്നു സംഘം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കത്തി, വാൾ, ഇരുമ്പ് ദണ്ഡ്, ചുറ്റിക എന്നിവ പിടിച്ചടുത്ത ആയുധങ്ങളിൽപ്പെടുന്നു. വ്യാജ രജിസ്ട്രേഷൻ നമ്പർ വച്ച കാറുകളിലാണ് ഇവർ കഞ്ചാവ് എത്തിച്ച് വിതരണം ചെയ്തിരുന്നത്. ആന്ധ്ര, തമിഴ്നാട് നമ്പർ പ്ളേറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് വിവരം.
ഇലക്ട്രിക് വർക്കുകൾ നടത്തുന്നവരെന്ന് പറഞ്ഞാണ് ഇവർ അഞ്ച് മാസം മുൻപ് വീട് വാടകയ്ക്കെടുത്തത്. 2.10 കിലോഗ്രാം വീതമുള്ള നൂറ്റിപ്പത്തോളം കഞ്ചാവ് പായ്ക്കറ്റുകളാണ് ഇവർ സൂക്ഷിച്ചിരുന്നത്. ഇതിൽ മൂന്ന് പായ്ക്കറ്റുമായാണ് നെഫിൻ കടന്നത്. ഇയാൾക്കെതിരെ കൊലപാതകമുൾപ്പെടെ കേസുകളുണ്ട്.
സർക്കിൾ ഇൻസ്‌പെക്ടർ കെ.വി. സദയകുമാർ, ഇൻസ്‌പെക്ടർമാരായ ജി. കൃഷ്ണകുമാർ, എ. പ്രദീപ് റാവു, കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ ഓഫീസർമാരായ ജസീം, സുരേഷ് ബാബു, സുബിൻ ഷംനാദ്, രാജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. അഡിഷണൽ എക്‌സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയൽ, മദ്ധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണർ കെ. സുരേഷ് ബാബു, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സി.കെ.സനു എന്നിവർ സ്ഥലത്തെത്തി.