jolly-

കോഴിക്കോട്: നിറം പിടിപ്പിച്ച നുണകളുടെ കൂടാരമായിരുന്നു ജോളി. കോഴിക്കോട് എൻ.ഐ.ടിയിൽ ലക്ചററാണെന്ന കല്ലുവച്ച നുണ പൊളിഞ്ഞതോടെയാണ് പൊലീസ് ജോളിയെ സംശയിച്ച് തുടങ്ങുന്നത്.

എൻ.ഐ.ടിയിലെ വ്യാജ ഐ.ഡി കാർഡ് ഉണ്ടാക്കിയ ജോളി അതുമിട്ട് ദിവസവും കാറിൽ കയറി കോളേജിൽ പോകും. വൈകിട്ട് തിരികെ വരും. 14 വർഷം ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു. എന്നാൽ മുക്കത്തെ ഒരു ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു ജോളി എന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. എന്തിനാണ് എൻ.ഐ.ടിയിൽ ജോലിയെന്ന് കളളം പറഞ്ഞതെന്ന് പൊലീസ് ചോദിച്ചപ്പോൾ എൻ.ഐ.ടിയിൽ ജോലിയെന്ന് പറഞ്ഞാൽ നാട്ടിൽ നല്ല വിലകിട്ടുമെന്നും അതിനു വേണ്ടിയാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു ജോളിയുടെ മറുപടി.

 തനിക്ക് ബി.ടെക് ബിരുദം ഉണ്ടെന്നായിരുന്നു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ജോളിക്ക് ബി.കോം ബിരുദം മാത്രമേയുള്ളൂ എന്ന് വ്യക്തമായി.

 ആദ്യ ഭർത്താവ് റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. റോയി രാത്രി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ജോളി നൽകിയ മൊഴി. ആ സമയം താൻ അടുക്കളയിൽ റോയിക്കായി മുട്ട പൊരിക്കുകയായിരുന്നുവെന്നും ജോളി പറഞ്ഞു. എന്നാൽ മരണത്തിന് 15 മിനിട്ടുമുമ്പ് റോയി ഇഷ്ട ഭക്ഷണമായ ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മനസിലായി. പിറ്റേന്ന് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിൽ സയനൈഡിന്റെ അംശവും കണ്ടെത്തി. എന്നിട്ടും മരണം ഹാർട്ട് അറ്റാക്കാണെന്ന് പ്രചരിപ്പിക്കാൻ ജോളി വ്യഗ്രത കാട്ടി.

 റോയിയുടെ സഹോദരൻ റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയെപ്പോഴേക്കും ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്ന് ജോളി പറഞ്ഞെങ്കിലും റോജോ വിശ്വസിച്ചില്ല. റവന്യൂ അധികൃതർക്ക് പരാതി നൽകി. അന്വേഷണത്തിൽ ഒസ്യത്ത് വ്യാജമാണെന്ന് തെളിഞ്ഞു. അതോടെ ഒസ്യത്ത് റദ്ദായി.

 ആറു മരണങ്ങൾക്കു ശേഷം ജോളിയും സിലിയുടെ മുൻ ഭർത്താവ് ഷാജുവും വിവാഹിതരായി. ബന്ധുക്കൾ എതിർത്തിട്ടും ജോളി മുൻകൈ എടുത്താണ് വിവാഹം നടത്തിയതെന്ന് ഷാജുവിന്റെ പിതാവ് പറഞ്ഞു.