mallika-

ബംഗളുരു: സയനൈഡ് എന്ന് കേൾക്കുമ്പോൾ പലരും ആദ്യം ഓർക്കുക മല്ലികയെ ആയിരിക്കും. കെ.ഡി. കെമ്പമ്മ എന്ന് യഥാർത്ഥ പേര്. ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയൽ കില്ലറാണ് മല്ലിക. ജീവിതത്തിൽ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്താനായി എട്ട് വർഷത്തിനിടെ ആറു പേരെയാണ് സയനൈഡ് നൽകി അവർ കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലായതിനുശേഷം അറിയപ്പെടുന്നത് സയനൈഡ് മല്ലിക എന്ന പേരിൽ.

1970 ൽ കർണാടകയിലെ കഗ്ഗളിപുരയിൽ ജനിച്ച മല്ലിക വിവാഹം കഴിച്ചെങ്കിലും ഭർത്താവുമായി പിരിഞ്ഞു. മൂന്ന് മക്കളെ വളർത്താനായി പല ജോലികളും ചെയ്തു. ഒരു വീട്ടിൽ പുറംപണിക്കായി പോയ അവർ ഒരു തട്ടാന്റെ സഹായിയായും ജോലിക്ക് ചേർന്നു. ജോലിക്ക് നിന്ന വീട്ടിൽ മോഷണം നടത്തിയെന്ന ആരോപണം മൂലം ജോലി നഷ്ടപ്പെട്ടു. ഇതോടെ,​ കൂടുതൽ വലിയ മോഷണം നടത്താൻ അവർ തയ്യാറെടുത്തു. അതിന് തട്ടാനൊപ്പമുള്ള ജോലി സഹായകരമായി. ഇവിടെ നിന്നാണ് അവർക്ക് സയനൈഡ് ലഭിച്ചത്.

തന്റെ ക്രൂരകൃത്യങ്ങൾക്ക് മറയായി അവർ ഉപയോഗിച്ചത് ഭക്തിമാർഗമായിരുന്നു. ബംഗളൂരുവിൽ അടിക്കടി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന ഇവർ, വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് ഇവിടെയെത്തുന്ന അതീവ ദു:ഖിതരായ സ്ത്രീകളെ വശത്താക്കും. ഇവരോട് നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പൂജ നടത്തിയ ശേഷം പുണ്യതീർത്ഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തും. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും മറ്റും മോഷ്ടിക്കുകയും ചെയ്യും. 1999 ഒക്ടോബർ 19 ന് ഹൊസ്‌കോടെയിൽ വെച്ച് ക്ഷേത്രത്തിലെത്തിയ 30കാരിയായ മമത രാജനെ ഇപ്രകാരം മല്ലിക കൊലപ്പെടുത്തി. ഏഴ് വർഷത്തിന് ശേഷം 2007ൽ കബലമ്മ ക്ഷേത്രത്തിൽ വെച്ച് എലിസബത്തെന്ന സ്ത്രീയെ കൊലപ്പെടുത്തി. പിന്നീട്,​ 60 കാരിയായ യശോദമ്മ,​ മുനിയമ്മ,​ പിള്ളമ്മ,​ നാഗവേണി എന്നിവരേയും കൊലപ്പെടുത്തി.

എന്നാൽ, താൻ കൊലപ്പെടുത്തിയ മറ്റൊരു സ്ത്രീയായ രേണുകയുടെ മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 2008 ഡിസംബർ 31 ന് മല്ലികയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിനിടെ ഇവർ കുറ്റകൃത്യങ്ങൾ സമ്മതിച്ചു. മുനിയമ്മയുടെ കൊലപാതകത്തിൽ മല്ലികയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്.

 ശശികലയുടെ ജയിൽമേറ്റ്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ വി.കെ ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിഞ്ഞ സമയത്ത് അന്ന് ശശികലയ്ക്ക് ഉച്ചയ്ക്ക് തടവുകാരുടെ ക്യൂവിൽ നിന്ന് ഭക്ഷണം വാങ്ങി സെല്ലിൽ എത്തിച്ച് നൽകിയത് മല്ലികയായിരുന്നു. ഇരുവരും തമ്മിൽ നല്ല സൗഹൃദമായിരുന്നുവെന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ ശശികലയുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനയെ തുടർന്ന് മല്ലികയെ ഈ ജയിലിൽ നിന്ന് മാറ്റുകയും ചെയ്തു.