അബുദാബി: ഉപഭോക്താക്കൾക്ക് ആഗോളതല പണമിടപാട് സാദ്ധ്യമാക്കാനായി അബുദാബി ആസ്ഥാനമായുള്ള പേമെന്റ് പ്ളാറ്ര്‌ഫോമായ ഫിനാബ്ളറും സാംസംഗ് ഇലക്‌ട്രോണിക്‌സ് അമേരിക്കയും തമ്മിൽ ധാരണയിലേർപ്പെട്ടു. അമേരിക്കയിലെ സാംസംഗ് പേ മൊബൈൽ വാലറ്റ് ഉപയോക്താക്കൾക്ക് ഇനിമുതൽ ഇന്ത്യ, ചൈന, ഫിലിപ്പൈൻസ്, മെക്‌സിക്കോ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി 47 രാജ്യങ്ങളിലേക്ക് ഇനി ക്രോസ് - ബോർഡർ പേമെന്റുകൾ നടത്താനാകും.
ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന, ഫിനാബ്ളറിന്റെ ആഗോള ശൃംഖല വഴിയാണ് ഏതു കറൻസിയിലും അതിർത്തി കടന്നുള്ള പേമെന്റുകൾ സാദ്ധ്യമാകുന്നത്. ഫിനാബ്ളർ ഗ്രൂപ്പിന് കീഴിലുള്ള ട്രാവലക്‌സ് കമ്പനിയാണ് സാംസംഗ് പേ ആപ്പിൽ ഈ മണി ട്രാൻസ്‌ഫർ ഫീച്ചർ ഏർപ്പെടുത്തുന്നത്. സാംസംഗ് പേയുമായി കൈകോർത്ത് അമേരിക്കൻ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഈ സേവനം, 2020ഓടെ മറ്റു വിപണികളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫിനാബ്ളർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.