excise-custody-death

തൃശൂർ: എക്‌സൈസ് പ്രത്യേക സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ തിരൂർ സ്വദേശി രഞ്ജിത്ത് കുമാർ (35) മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാനുള്ള വഴി പൊലീസ് ഒരുക്കുകയാണെന്ന് ആക്ഷേപം. അറസ്റ്റ് രേഖപ്പെടുത്തിയാൽ മൂന്ന് ദിവസം കോടതി അവധിയായതിനാൽ ജാമ്യം ലഭിക്കില്ലെന്നതിനാൽ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
യുവാവിനെ കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ കീഴടങ്ങാൻ തയ്യാറായി വെള്ളിയാഴ്ച ഓഫീസിലുണ്ടായിരുന്നുവെന്ന് പറയുന്നു. ഇവർ പിന്നീട് മുങ്ങിയതായാണ് സൂചന. യുവാവിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്തുണ്ടായിരുന്ന എട്ട് പേരോടും ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും ശനിയാഴ്ച വൈകിട്ട് വരെ ആരും എത്തിയില്ല. അറസ്റ്റ് ഭയന്ന് അവർ ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരമുണ്ട്. പ്രമുഖ നേതാവിന്റെ അടുത്ത ബന്ധുവായ ഒരുദ്യോഗസ്ഥനെ രക്ഷിക്കാനുള്ള നീക്കങ്ങളുമുണ്ട്. രഞ്ജിത്ത്കുമാർ അപസ്മാരബാധയെ തുടർന്ന് മരണപ്പെട്ടുവെന്നാണ് എക്‌സൈസ് സംഘം ആശുപത്രിയിൽ അറിയിച്ചിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

മൃതദേഹത്തോടും

അവഗണന

സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചില്ലെന്ന പരാതിയുമുണ്ട്. മരണം സംഭവിച്ചതിന്റെ പിറ്റേന്ന് നടപടിക്രമങ്ങൾ കഴിഞ്ഞ് മൃതദേഹം എത്തിക്കാൻ വൈകിയതിനാൽ ഒരു ദിവസത്തിനു ശേഷമാണ് പോസ്റ്റ് മോർട്ടം ചെയ്യാനായത്. ശീതീകരണമുറിയിൽ പോലും മൃതദേഹം സൂക്ഷിക്കാതിരിക്കുന്നത് തെളിവുകൾ ഇല്ലാതാവുന്നതിന് കാരണമാകും.

"ഒൗദ്യോഗിക നടപടികളുടെ പേരിൽ പോസ്റ്റ്മോർട്ടം വൈകുന്നതിനും ആശുപത്രികളിൽ മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കാതിരിക്കുന്നതിനും പൊലീസിനും ആശുപത്രി അധികൃതർക്കുമെതിരെ കേസെടുക്കേണ്ടതാണ്.

-ഡോ. ഹിതേഷ് ശങ്കർ,

പൊലീസ് സർജൻ,

(ഫോറൻസിക് അസോസിയേഷൻ

സംസ്ഥാന സെക്രട്ടറി)