koodathayi-

കോഴിക്കോട് : കൂടത്തായിയിലെ ദുരൂഹമരണങ്ങളിൽ സംശയമുണ്ടായിരുന്നില്ലെന്ന് ജോളിയുടെ അച്ഛൻ ജോസഫ് . ഷാജുവുമായുള്ള രണ്ടാം വിവാഹത്തിന് മുൻകൈയെടുത്തത് ജോളി തന്നെയാണ്. ജോളിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും റോയിയുടെ അനുജൻ റോജോയുമായി സ്വത്തുതർക്കമുണ്ടായിരുന്നുവെന്നും ജോസഫ് പറഞ്ഞു. അന്വേഷണത്തിൽ എല്ലാ സത്യവും പുറത്തുവരട്ടെയെന്നും അദ്ദേഹം പറ​ഞ്ഞു.

രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണ്. തനിക്ക് വിവാഹം കഴിക്കണമെന്ന് പറഞ്ഞു. തുടർന്ന് ഷാജുവിന്റെ വീട്ടുകാർ വന്ന് ആലോചിച്ചു. അങ്ങനെയാണ് വിവാഹം നടന്നത്. സ്വത്തുക്കൾ ജോളിയുടെ പേർക്ക് ഒസ്യത്ത് എഴുതിവച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. അത് പക്ഷേ തങ്ങളാരും കണ്ടിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം കൂടത്തായിയിലെ മരണങ്ങളിൽ ദുരൂഹതയില്ലെന്ന് ഷാജുവിന്റെ അമ്മ പ്രതികരിച്ചു. ജോളി അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ല. ആരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്നും അവർ പറഞ്ഞു. എല്ലാം റോയിയുടെ സഹോദരൻ റോജോയുടെ പണിയാണ്. റോയി മരിച്ചപ്പോഴോ അതിനു ശേഷമോ റോജോ എന്താണ് പരാതി കൊടുക്കാഞ്ഞത്. ശവമടക്കിനൊക്കെ റോജോ ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാത്ത സംശയം ഇപ്പോ സ്വത്തിന്റെ കാര്യം വന്നപ്പോ ഉണ്ടായതെങ്ങനെയാണെന്നും ഷാജുവിന്റെ അമ്മ ചോദിച്ചു.

കൂടത്തായി മരണപരമ്പരയിൽ ജോളിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. ജോളിയുടെ സുഹൃത്ത് എം.എസ്. ഷാജി (മാത്യു), സ്വർണപ്പണിക്കാരനായ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേർ. രാവിലെ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും മണിക്കൂറുകൾ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് ലഭ്യമാക്കിയത് മാത്യുവാണെന്നാണ് പൊലീസ് നഗമനം.