rohit

വിശാഖപട്ടണം: തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി ടെസ്റ്ര് ഓപ്പണറുടെ റോളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച രോഹിത് ശർമ്മയുടെ മികവിൽ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ചത് 395 റൺസിന്റെ വിജയ ലക്ഷ്യം. നാലാം ദിനം സ്റ്രമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 1 വിക്കറ്ര് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ഡീൻ എൽഗാറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എൽഗാറിനെ ജഡേജ എൽബിയിൽ കുരുക്കുകയായിരുന്നു. ഒരുദിവസം ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 384 റൺസാണ്. ജയത്തേക്കാൾ മത്സരം സമനിലയിൽ ആക്കാനായിരിക്കും ദക്ഷിണാഫ്രിക്ക പ്രധാനമായും ശ്രമിക്കുക.

സ്കോർ: ഇന്ത്യ 502/7ഡിക്ലയേർഡ്, 323/4ഡിക്ലയേർഡ്

ദക്ഷിണാഫ്രിക്ക 431/10,11/1

അശ്വിന് 7 വിക്കറ്ര്

നാലാം ദിനം 385/8 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 431 റൺസിന് ആൾഔട്ടായി. ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ട് വിക്കറ്റും വീഴ്ത്തിയത് അശ്വിനായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്സിൽ അശ്വിന്റെ ആകെ വിക്കറ്റ് നേട്ടം ഏഴായി. മുത്തുസ്വാമിക്കൊപ്പം ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേശവ് മഹാരാജിനെ (9) മായാങ്കിന്റെ കൈയിൽ എത്തിച്ചും ലാസ്റ്റ് മാൻ കഗിസൊ റബാഡയെ (15) വിക്കറ്രിന് മുന്നിൽ കുടുക്കിയുമാണ് അശ്വിൻ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടത്. മഹാരാജ് 33 റൺലസുമായി പുറത്താകാതെ നിന്നു.

രോഹിത് ഷോ

71 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെ (127) സെഞ്ച്വറിയുടെയും ചേതേശ്വർ പുജാരയുടെ (81) അർദ്ധ സെ‌ഞ്ച്വറിയുടെയും മികവിൽ വേഗത്തിൽ സ്കോർ ചെയ്ത് 323/4 എന്ന നിലിയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഡബിൾ സെഞ്ച്വറിയടിച്ച മായാങ്ക് അഗർവാളിനെ (7) ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായി. ടീം സ്കോർ 21ൽ വച്ച് അഗർവാളിനെ മഹാരാജ് ഡുപ്ലെസിസിന്റെ കൈയിൽ എത്തിക്കുകായിരുന്നു. തുടർന്ന് ക്രീസിൽ എത്തിയ പുജാര രോഹിതിനൊപ്പം 169 റൺസിന്റെ കൂട്ടുകെട്ട് രണ്ടാം വിക്കറ്രിൽ ഉണ്ടാക്കി ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു. ടീം സ്കോർ 190ൽ പുജാരയെ വിക്കറ്രിന് മുന്നിൽ കുടുക്കി ഫിലാണ്ടറാണ് കൂട്ടുകെട്ട് പൊളിച്ചത്. പകരമെത്തിയത് ജഡേജയായിരുന്നു. വേഗത്തിൽ റൺസ് സ്കോർ ചെയ്യുവാനായി ബാറ്രിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ജഡേജ 25 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 31 റൺസ് നേടി തന്റെ റോൾ ഭംഗിയാക്കി. 149 പന്തിൽ 10 ഫോറിന്റെയും 7 സിക്സിന്റെയും അകമ്പടിയോടെ 127 റൺസെടുത്ത രോഹിതിന്റെ ആദ്യ ഇന്നിംഗ്സിലെ പോലെ തന്നെ മഹാരാജിന്റെ പന്തിൽ ഡികോക്ക് സ്റ്രമ്പ് ചെയ്താണ് പുറത്താക്കിയത്. ജഡേജയെ റബാഡ ക്ലീൻ ബൗൾഡ് ചെയ്തു. നായകൻ വിരാട് കൊഹ്‌ലിയും (25 പന്തിൽ 31), അജിങ്ക്യ രഹാനെയും (17 പന്തിൽ 27) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.