തൃശൂർ: ശമ്പളവും ഭക്ഷണവുമില്ലാതെ യാത്രാവിലക്കുമായി കൊടുംചൂടിൽ മലയാളികളുൾപ്പടെ അറുന്നുറോളം ഇന്ത്യൻ തൊഴിലാളികൾ ദമാമിൽ തീരാദുരിതം അനുഭവിക്കുന്നതായി സംസ്ഥാന പ്രവാസി ക്ഷേമ നിയമസഭാസമിതി..

തൊഴിലാളികൾക്ക് ലേബർ ക്യാമ്പുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും, അവരുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നും സമിതി ചെയർമാൻ കെ.വി അബ്ദുൾഖാദർ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ദമാമിലെ ' അൽദോസരി' കമ്പനിയുടെ ലേബർ ക്യാമ്പാണ് സന്ദർശിച്ചത്. മുന്നൂറ് തൊഴിലാളികളിൽ എഴുപതോളം മലയാളികളുണ്ട്. ദമാമിലെ മലയാളി സംഘടനകളുടെ കാരുണ്യത്തിലാണ് അവർ ജീവിക്കുന്നത്. നവോദയ ദമാം ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. കെ.എം.സി.സി, ഐ.ഒ.എഫ്, മലബാർ അടുക്കള എന്നീ കൂട്ടായ്മകളും സഹായം നൽകുന്നതിനാലാണ് ജീവൻ ശേഷിക്കുന്നത്.

സൗദി തൊഴിൽ മന്ത്രാലയവുമായി ഉന്നതല ഇന്ത്യൻ ദൗത്യസംഘം ചർച്ച നടത്തിയാലല്ലാതെ പ്രശ്‌നപരിഹാരമാവില്ല. ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ എന്നിവരെ കാര്യങ്ങൾ ധരിപ്പിക്കും. തൊഴിലാളി കോ- ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകിയിട്ടുമുണ്ട്.കേരളത്തിൽനിന്നുള്ള എം.പിമാരും ഇടപ്പെടണം. ദമാമിൽ നിതാകത്ത് (സ്വദേശിവത്കരണം) നടപ്പാക്കിയില്ലെന്ന പേരിൽ നിർമാണ മേഖലയിലെ വമ്പൻ കമ്പനികളെ സൗദി സർക്കാർ ചുവപ്പുവിഭാഗത്തിൽ ഉൾപ്പെടുത്തി പ്രവർത്തനം വിലക്കിയിരുന്നു. ഈ കമ്പനികളിലെ തൊഴിലാളികളാണ് ദുരന്തം പേറുന്നത്. .