ന്യൂഡൽഹി: ഭാരത്-22 ഇ.ടി.എഫിന്റെ നാലാം പതിപ്പിലൂടെ കേന്ദ്രസർക്കാർ 4,368 കോടി രൂപ സമാഹരിച്ചു. 2,000 കോടി രൂപയായിരുന്നു അടിസ്ഥാന വിലയെങ്കിലും 24,000 കോടി രൂപയുടെ അപേക്ഷകൾ സർക്കാരിന് ലഭിച്ചു. അധികമായി നിശ്‌ചിത യൂണിറ്റുകൾ കൂടി വില്‌ക്കാനുള്ള 'ഗ്രീൻ-ഷൂ" ഓപ്‌ഷനിലൂടെയാണ് സമാഹരണം 4,368 കോടി രൂപയായി സർക്കാർ ഉയർത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള മറ്റ് സ്ഥാപനങ്ങളുടെയും ഓഹരികളിൽ മ്യൂച്വൽഫണ്ട് മാതൃകയിൽ നിക്ഷേപം തേടിയാണ് ഭാരത് - 22 എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അവതരിപ്പിച്ചത്. ഒ.എൻ.ജി.സി., ഐ.ഒ.സി., എസ്.ബി.ഐ., കോൾ ഇന്ത്യ, ബി.പി.സി.എൽ., ഗെയ്‌ൽ തുടങ്ങിയവയുടെയും ആക്‌സിസ് ബാങ്ക്, ഐ.ടി.സി., എൽ ആൻഡ് ടി എന്നിവയുടെയും ഓഹരികളാണ് ഭാരത്-22 ഇ.ടി.എഫിലുള്ളത്.
2017 നവംബറിൽ ആദ്യഘട്ടത്തിലൂടെ 14,500 കോടി രൂപയും 2018 ജൂണിൽ രണ്ടാംഘട്ടത്തിലൂടെ 8,400 കോടി രൂപയും കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാംഘട്ടത്തിലൂടെ 13,000 കോടി രൂപയും കേന്ദ്രസർക്കാർ സമാഹരിച്ചിരുന്നു.