jolly-

കോഴിക്കോട്: കൂടത്തായിയിലെ കൂട്ടമരണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോളി ആദ്യം കൊലപ്പെടുത്തിയത് റോയിയുടെ മാതാവ് അന്നമ്മ തോമസിനെയാണ്. എന്നാൽ രണ്ടാമത്തെ ശ്രമത്തിലാണ് ഇവരെ കൊലപ്പെടുത്താൻ ജോളിക്ക് സാധിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ..

അന്നമ്മ തോമസ് മുൻപൊരു തവണ അസുഖബാധിതയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴി‍ഞ്ഞിരുന്നു. എന്നാൽ പല പരിശോധനകളും നടത്തിയിട്ടും അന്നമ്മയുടെ അസുഖം എന്താണെന്ന് കണ്ടെത്താൻ ആശുപത്രിയിലെ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് ആശുപത്രിക്കെതിരെ അന്നമ്മയുടെ ഭർത്താവ് പരാതി നൽകി.

യഥാർത്ഥത്തിൽ സയനൈഡ് ശരീരത്തിലെത്തിയതിനാലാണ് അന്നമ്മ അസുഖബാധിതയായതെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. അന്നമ്മയുടെ ശരീരത്തിലെ വിഷസാന്നിദ്ധ്യം കണ്ടെത്താൻ പക്ഷേ ആശുപത്രിയിലുള്ളവർക്ക് സാധിച്ചില്ല. ഇത് ജോളിക്ക് ഗുണകരമായി. രണ്ടാമത്തെ ശ്രമത്തിൽ സംശയത്തിന് പോലും ഇടനൽകാതെ അന്നമ്മയെ കൊലപ്പെടുത്താൻ ജോളിക്ക് സാധിച്ചു.

റോയിയുടെ മാതാവ് അന്നമ്മ തോമസാണ് ആ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അവരുടെ മരണത്തോടെ വീട്ടിലെ സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം ജോളിയിലേക്ക് എത്തി. അതു തന്നെയായിരുന്നു അവരെ ജോളി ആദ്യം കൊലപ്പെടുത്തിയതിന്റെ ഉദ്ദേശ്യവും.