ന്യൂഡൽഹി: രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്ന ജവാന്മാർക്കായുള്ള നഷ്ടപരിഹാര തുക നാലിരട്ടിയാക്കി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. മുൻപ് രണ്ടു ലക്ഷമായിരുന്ന നഷ്ടപരിഹാര തുക ഇപ്പോൾ എട്ട് ലക്ഷ്മാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്. കുടുംബപെൻഷൻ, ഇൻഷുറൻസ് എന്നിവയ്ക്ക് പുറമെയാണ് ഈ സഹായം കേന്ദ്ര സർക്കാർ അനുവദിക്കുക. ആർമി ബാറ്റിൽ കാഷ്വാലിറ്റീസ് വെൽഫെയർ ഫണ്ടിൽ നിന്നുമാണ് ജവാന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക നൽകുക.
2016ൽ സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ പത്ത് ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ നിരവധി ആളുകൾ ഇവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് സർക്കാർ ആർമി ബാറ്റിൽ കാഷ്വാലിറ്റീസ് വെൽഫെയർ ഫണ്ട് രൂപീകരിച്ചത്. 2017 ജൂലൈയിൽ നിലവിൽ വന്ന എ.ബി.സി.ഡബ്ല്യൂ.എഫ് 2016 ഏപ്രിൽ മുതലുള്ള മുൻകാല പ്രാബല്യത്തോടെ നടപ്പിലാവുകയായിരുന്നു. വീരമൃത്യു വരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന അർദ്ധ സൈനികരുടെ കുടുംബാംഗങ്ങൾ ക്കായി 'ഭാരത് കെ വീർ' ഫണ്ട് കഴിഞ്ഞ കേന്ദ്ര സർക്കാരിന്റെ കാലത്ത് ആരംഭിച്ചതും രാജ്‌നാഥ് സിംഗ് ആയിരുന്നു.