മുംബയ്: താൻ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും സഹസൈനികർ തന്നെ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും പറഞ്ഞ് സൈന്യത്തിൽ നിന്നും വിട്ടു പോരാനൊരുങ്ങി ഇന്ത്യൻ പട്ടാളക്കാരൻ. 2016ലാണ് സൈനികനായ ചന്ദു ചവാൻ പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ പിടിയിലാകുന്നത്. തുടർന്ന് ആറുമാസക്കാലം പാകിസ്ഥാൻ പട്ടാളത്തിന്റെ ക്രൂരപീഡനത്തിന് ഇരയായ ചന്ദുവിനെ പാതി ജീവനോടെയാണ് ഒടുവിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. അന്ന് മുതൽ ഇന്ത്യൻ സൈന്യം തന്നെ സംശയദൃഷ്ടിയോടെയാണ് നോക്കുന്നതെന്നും അവർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നുംചന്ദു പറയുന്നു. ഇത് സഹിക്കവയ്യാതെയാണ് സൈന്യം ചന്ദു സൈന്യം വിടാനുള്ള തീരുമാനമെടുക്കുന്നത്.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള തന്റെ യൂണിറ്റ് കമാൻഡർക്ക് ചന്ദു ചവാൻ രാജിക്കത്ത് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലുള്ള ബോഹ്‌രിവീറിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹം അപകടത്തിൽ പെടുകയും തലയ്ക്കും മുഖത്തിനും സാരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. അപകടസമയത്ത് ഹെൽമെറ്റ് ധരിക്കാതിരുന്നതിനാൽ ചന്ദുവിന്റെ നാല് പല്ലുകൾ അടർന്നുമാറുകയും പുരികത്തിന് താഴെയും ഇടത് താടിയിലും മേൽച്ചുണ്ടിലും ആഴത്തിലുള്ള മുറിവേൽക്കുകയും ചെയ്തിരുന്നു. സൈന്യം വിടാനുള്ള ചന്ദുവിന്റെ തീരുമാനത്തിന് പിന്നിൽ ഈ അപകടവും തുടർന്നുള്ള ആശുപത്രി വാസവും കരണമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.