തൃശൂർ: കഞ്ചാവ് കേസിലെ പ്രതി മലപ്പുറം സ്വദേശി രഞ്ജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ടു എക്സൈസ് ഉദ്യോഗസ്ഥരെ എക്സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അതേസമയം, സി.പി.എം ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധു ഉൾപ്പെടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ വി.എ. ഉമ്മർ, എം.ജി. അനൂപ്കുമാർ, ചാലക്കുടി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ നിതിൻ എം. മാധവൻ, വി.എം.സ്ബിൻ, എം.ഒ. ബെന്നി, മഹേഷ്, ഡ്രൈവർ വി.ബി. ശ്രീജിത്ത് എന്നിവർക്കാണ് സസ്പെൻഷൻ. സംഘത്തെ നയിച്ചത് വി.എ. ഉമ്മറാണെന്ന് അഡി. എക്സൈസ് കമ്മിഷണർ സാം ക്രിസ്റ്റി കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എക്സൈസ് വിജിലൻസ് ഓഫീസർ വിശദമായ അന്വേഷണം നടത്തും.
രഞ്ജിത്തിനെ പിടികൂടാനുള്ള നിർദ്ദേശം സംഘത്തിന് നൽകിയത് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസാണ്. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ മരുമകനാണ് ജിജു ജോസ്. അബ്ദുൾ ജബ്ബാർ സംഘത്തോടൊപ്പം തിരിച്ചത് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനുവിന്റെ നിർദ്ദേശപ്രകാരമാണ്.
അറസ്റ്റ് ഉടൻ
രഞ്ജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ അറസ്റ്റ് നാളെയോ മറ്റന്നാളോ ഉണ്ടാകും. മർദ്ദനത്തിന് നേതൃത്വം നൽകിയത് ആരാണ്, ആരൊക്കെ മർദ്ദിച്ചു തുടങ്ങിയ വിവരങ്ങളിൽ വ്യക്തത വരുത്തിയ ശേഷം ഉദ്യോഗസ്ഥരെ പ്രതികളാക്കും. അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എ.സി.പി ബിജുഭാസ്കർ പറഞ്ഞു.