ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ വയറുവേദനയെ തുടർന്ന് വൈദ്യപരിശോധനയ്ക്കായി ഡൽഹി എയിംസ് ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് എയിംസിൽ എത്തിച്ച അദ്ദേഹം രാത്രി വൈകിയും അവിടെ തുടരുകയാണ്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ജയിലേക്ക് തന്നെ കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കി. ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ ചിദംബരം കഴിഞ്ഞ സെപ്തംബർ അഞ്ചുമുതൽ തിഹാർ ജയിലിലാണ്. പ്രത്യേക സി.ബി.ഐ കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി ഒക്ടോബർ 17വരെ നീട്ടിയിരുന്നു.
തിഹാറിൽ കഴിയുന്നവരെ ദീൻ ദയാൽ ഉപാധ്യായ് ഹോസ്പിറ്റലിലേക്കാണ് സാധാരണ കൊണ്ടുപോകാറുള്ളത്. എന്നാൽ ചിദംബരത്തിന് വൈദ്യസഹായം ആവശ്യമായി വന്നാൽ അദ്ദേഹത്ത എയിംസിലേക്കോ, ആർ.എം.എൽ ഹോസ്പിറ്റലിലേക്കോ, സഫ്ദർജങ് ഹോസ്പിറ്റലിലേക്കോ കൊണ്ടുപോകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വീട്ടിൽനിന്നുള്ള ഭക്ഷണം അദ്ദേഹത്തിന് എത്തിച്ചു നൽകാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
അതിനിടെ, തന്റെ ആരോഗ്യം ക്ഷയിച്ചു വരികയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചിദംബരം അവകാശപ്പെട്ടിരുന്നു. നാലുകിലോ ഭാരം കുറഞ്ഞുവെന്നും ജയിലിലെ ഭക്ഷണവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും അദ്ദേഹം
പറഞ്ഞിരുന്നു.