ലണ്ടൻ: ടോട്ടൻ ഹാമിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ 7-2ന്റെ തോൽവി വഴങ്ങിയ ടോട്ടൻഹാം ഇന്നലെ പ്രിമിയർ ലീഗിൽ ബ്രൈറ്രൺ ഹോവ് ആൽബിയോണിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്രു. മത്സരത്തിൽ നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസിന് കൈക്ക് ഗുരുതരമായി പരിക്കേറ്റത് അവർക്ക് വലിയ തിരിച്ചടിയായി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ഗോൾ പോസ്റ്രിന് നേർക്ക് ഉയർന്ന് വന്ന പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബാലൻസ് തെറ്രി ലോറിസ് ഗോൾ പോസ്റ്രിനകത്തേക്ക് പോവുകയായിരുന്നു. പന്ത് പുറത്തേക്കിട്ട ലോറിസ് ഇടത്തേ കൈകുത്തിയാണ് വീണത്. ഉടൻ തന്നെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയ ലോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് പൊട്ടലുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ലോറിസ് പുറത്തേക്കിട്ട പന്ത് ഗോൾപോസ്റ്രിന് തൊട്ടുമുന്നിലുണ്ടായിരുന്ന മർഫി ഹെഡ് ചെയ്ത് വലയിലേക്കിട്ട് ബ്രൈറ്രണ് ലീഡ് സമ്മാനിക്കുകയായിരുന്നു. തുടർന്ന് 32, 65 മിനിട്ടുകളിൽ പത്തൊമ്പതുകാരൻ താരം ആരോൺ കോണ്ണോലി ടോട്ടനം വലയിൽ പന്തെത്തിച്ച് ബ്രൈറ്റണ് തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു.
നിലവിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ 2-1ന് ലെസ്റ്രറിനെ തകർത്ത് വിജയക്കുതിപ്പ് തുടരുകയാണ്. മാനേയും മിൽനറുമാണ് ലിവറിനായി ലക്ഷ്യം കണ്ടത്. മാഡിസൺ ലെസ്റ്രറിനായി ഒരു ഗോൾ മടക്കി.