terminal-ksrtc

തിരുവനന്തപുരം: ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിച്ച് സർവീസുകൾക്ക് ഉപയോഗിച്ചു തുടങ്ങിയെങ്കിലും സാധാരണ യാത്രക്കാരുടെ യാത്രദുരിത്തതിന് തുടർച്ചയായ ഇന്നലേയും പരിഹാരമായില്ല. 5200 ഷെഡ്യൂളുകളിൽ ഇന്നലെ സർവീസ് നടത്തിയത് 3719 മാത്രം.

പിരിച്ചുവിട്ട താത്കാലിക ഡ്രൈവർമാരുൾപ്പെടെയുള്ളവരെ വീണ്ടും ജോലിക്കെത്തിച്ചാണ് കോർപ്പറേഷൻ പ്രശ്നത്തിന് പരിഹാരംകാണാൻ ശ്രമിക്കുന്നത്. പ്രവർത്തിപരിചയം അനുസരിച്ച് മുൻഗണനാക്രമം നൽകി ഇവരെ സ്ഥിര ജീവനക്കാരില്ലാത്ത ഡ്യൂട്ടികളിൽ നിയോഗിച്ചു. ശമ്പളവും അന്നുതന്നെ നൽകും. ഡ്യൂട്ടി കഴിയുമ്പോൾ വൗച്ചർ ഒപ്പിട്ട് വേതനം നൽകാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകി. സ്ഥിരഡ്യൂട്ടി ഷെഡ്യൂളുകൾ നൽകില്ല.


കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവീസ് നടത്താൻ അധികാരമുള്ള റൂട്ടുക ളിലെ ട്രിപ്പ് റദ്ദാക്കൽ യാത്രക്കാരെ ഇന്നലേയും വലച്ചു. ദിവസക്കൂലിക്കാരെ എടുക്കുന്നെങ്കിലും ഇവ സ്ഥിരം ഒഴിവുകളിലേക്കുള്ളതല്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.അവശ്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് താത്കാലികഡ്രൈവർമാരെ നിയോഗിക്കുന്നത്. യാത്രക്കാരുടെ തിരക്കില്ലാത്ത ദിവസങ്ങളിൽ ഇവരെ പൂർണ്ണമായും ഒഴിവാക്കാനും സ്ഥിരജീവനക്കാരെ ഉപയോഗിച്ച് ബസോടിക്കാനുമാണ് നിർദേശം. അവധി കഴിഞ്ഞുള്ള ഒമ്പതിനായിരിക്കും ഇനി തിരക്കുള്ളത്. അന്നത്തേയ്ക്ക് കൂടുതൽ താത്കാലിക ഡ്രൈവർമാരെ നിയോഗിക്കും.


പുനരുദ്ധാരണപാക്കേജ് പ്രകാരം ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറക്കേണ്ടതിനാൽ പുതിയ നിയമനങ്ങൾ ഉടൻ സാധ്യമല്ലെന്ന് കെ.എസ്.ആർ.ടി.സി എം.ഡി പത്രക്കുറിപ്പിൽ അറിയിച്ചു. 2015 മേയിൽ നടത്തിയ ഡ്രൈവർ പരീക്ഷ എഴുതിയവരാണ് നിയമനം പ്രതീക്ഷിച്ചിച്ചുള്ളത്. ഇതിന്റെ ചുരുക്കപ്പട്ടികയായിട്ടുണ്ട്. ഇവരുടെ പ്രതീക്ഷ കെടുത്തുന്നതാണ് മാനേജ്‌മെന്റ് തീരുമാനം.