vikruthi-film

കൊച്ചി: മെട്രോ ട്രെയിനിൽ കിടന്ന് ഇറങ്ങിപ്പോയതിന്റെ പേരിൽ വ്യാജ വാർത്തകളാൽ വേട്ടയാടപ്പെട്ട അങ്കമാലിക്കാരനാണ് മൂകനും ബധിരനുമായ എൽദോ. രണ്ടു വർഷം മുൻപ് എൽദോ ട്രെയിനിൽ കിടന്നുറങ്ങുന്ന ചിത്രങ്ങൾ മൊബൈൽ ഫോണിലെടുത്ത ചിലർ അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എൽദോ മദ്യപിച്ച് കിടക്കുകയാണെന്ന തരത്തിൽ 'മെട്രോയിലെ പാമ്പ്' എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ഈ ചിത്രം ചില്ലറ അപമാനമല്ല ഇദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാക്കിയത്. എൽദോയുടെ അനുഭവം സിനിമയ്ക്ക് വിഷയമായപ്പോൾ അങ്ങേയറ്റം വികാരാധീനനായാണ് അദ്ദേഹം അത് കണ്ടത്.

എംസി ജോസഫ് സംവിധാനം ചെയ്ത 'വികൃതി' എന്ന ചിത്രത്തിലൂടെയാണ് എൽദോ തന്നെതന്നെ കണ്ടത്. എൽദോയ്ക്കെതിരെ ഉണ്ടായ സോഷ്യൽ മീഡിയ ആക്രമണം വിഷയമാക്കിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് എൽദോയായി എത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് കുതിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം കാണാനായി എറണാകുളത്തെ പദ്മ തീയറ്ററിലാണ് എൽദോ എത്തിയത്.

എറണാകുളത്തെ ജനറൽ ആശുപത്രിയിൽ പോയി മടങ്ങിവരവേയാണ് എൽദോയും കുടുംബവും മെട്രോയിൽ കയറിയത്. യാത്രക്കിടെ ക്ഷീണം കൊണ്ട് എൽദോ ഉറങ്ങിപ്പോവുകയായിരുന്നു. ഇതിന്റെ ചിത്രം എടുത്തയാൾ 'മദ്യപിച്ച് മെട്രോയിൽ കിടക്കുന്നു' എന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. സത്യം മനസിലാക്കാതെ പലരും ഈ ചിത്രം പങ്കുവെക്കുകയും ചെയ്തു. എൽദോക്കെതിരെ ഉണ്ടായ വ്യാജ പ്രചരണത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു.