ഇത്തവണത്തെ നോബൽ പുരസ്കാരങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെയുള്ള തീയതികളിൽ പ്രഖ്യാപിക്കും. സാഹിത്യത്തിനുള്ള നോബൽ ഒക്ടോബർ 10നാണ് പ്രഖ്യാപിക്കുന്നത്. ഇത്തവണ ഒന്നല്ല, രണ്ട് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുക. 2018ലെയും 2019ലെയും. ലൈംഗികാരോപണങ്ങളെത്തുടർന്ന് കഴിഞ്ഞവർഷം സാഹിത്യനോബൽ പ്രഖ്യാപിച്ചിരുന്നില്ല.
2018 ലെ പുരസ്‌കാരം 2019ൽ നൽകുമെന്നാണ് അക്കാഡമി അറിയിച്ചത്. 1943ൽ രണ്ടാംലോകമഹായുദ്ധത്തിന്റെ കാലത്തും നൊബൽ പുരസ്കാരം നൽകിയിരുന്നില്ല.
ഈ വർഷം രണ്ടുപുരസ്കാരങ്ങളായതിനാൽ പ്രതീക്ഷകളും കൂടുതലാണ്. റഷ്യൻ നോവലിസ്റ്റ് ല്യൂഡ്മില ഉലിറ്റ്‌സ്‌ക, കരീബിയൻ എഴുത്തുകാരി മോറിസ് കോണ്ടേ, മാർഗ്രറ്റ് ആറ്റ്‌വുഡ് എന്നിവരുടെയെല്ലാം പേരുകളാണ് പുരസ്കാര സാദ്ധ്യതാപട്ടികയിൽ വായനക്കാർ ചർച്ച ചെയ്യുന്നത്. രണ്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതിനാൽ അതിൽ ഒരാൾ സ്ത്രീയാകാനുള്ള സാദ്ധ്യതകളും തള്ളിക്കളയുന്നില്ല.
ഹംഗേറിയൻ നോവലിസ്റ്റ് ലാസ്ലോ ക്രസ്‌നഹർക്കോയി, പോളിഷ് എഴുത്തുകാരി ഓൾഗ ടൊകാർചുക് എന്നിവരും സാദ്ധ്യതാപട്ടികയിലുണ്ട്. ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമിയുടെ പേരും സജീവചർച്ചയിലുണ്ട്. മറ്റൊരു സജീവ സാന്നിദ്ധ്യം. കെനിയൻ എഴുത്തുകാരൻ ന്യൂഗി വ തിയോംഗൊ, മോറിസ് കോണ്ട എന്നിവർക്കും സാദ്ധ്യത കൽപ്പിക്കുന്നവരുണ്ട്.