ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ട്. കടുത്ത വയറു വേദനയെ തുടർന്നാണ് ചിദംബരത്തെ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ വൈദ്യ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ചിദംബരത്തെ ജയിലിലേക്ക് തന്നെ തിരികെയെത്തിച്ചു.
ഐ.എൻ.എക്സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ച് മുതൽ തിഹാർ ജയിലിൽ കഴിയുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും നാല് കിലോയോളം ശരീരഭാരം കുറഞ്ഞെന്നും അദ്ദേഹം നേരത്തെ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ചിദംബരത്തെ ഒക്ടോബർ 17 വരെ ജയിലിൽ കഴിയണമെന്ന് പ്രത്യേക കോടതി വ്യാഴാഴ്ച പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ അദ്ദേഹത്തിന് നൽകണമെന്നും കോടതി സി.ബി.ഐയോട് നിർദ്ദേശിച്ചിരുന്നു. കോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന് സി.ബി.ഐ അറിയിച്ചിരുന്നു.