ചണ്ഡീഗഡ്: ഹരിയാനയിൽ അധികം വൈകാതെ തന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ ഇക്കൂട്ടത്തിൽ ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ഹരിയാനയിലെ പ്രമുഖ ടിക് ടോക് താരമായ സൊനാലി ഫോഗാട്ട് ആണിത്. മുൻ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭജൻ ലാലിന്റെ മകൻ കുൽദീപ് ബിഷ്‌ണോയിയോട് മത്സരിക്കുന്ന 40കാരിയായ സൊണാലിക്ക് ടിക്ക് ടോക്കിൽ എണ്ണിയാലൊടുങ്ങാത്ത ആരാധകരാണ് ഉള്ളത്. 1.4 ലക്ഷം ഫോളോവേഴ്സും 6.5 ലക്ഷം ലൈക്കുകളുമാണ് സീരിയൽ നടി കൂടിയായ സൊണാലിയുടെ ടിക്ടോക്കിലെ 'പിന്തുണ'.
എന്നാൽ മറ്റൊരു കാര്യത്തിന്റെ പേരിലാണ് ഇപ്പോൾ സൊനാലിയെ ഇപ്പോൾ ടിക്ക്ടോക്ക് യൂസേഴ്സ് തിരയുന്നത്. സൊനാലി മോഹൻലാൽ ആരാധികയാണോ എന്നതാണ് ഇവരുടെ മലയാളി ആരാധകരുടെ സംശയം. സൊനാലി തന്റെ ഒരു വീഡിയോയ്ക്കായി ഉപയോഗിച്ച ഗാനമാണ് ആരാധകരുടെ ഈ സംശയത്തിന് കാരണമാകുന്നത്. മോഹൻലാലും വസുന്ധര ദാസും പാടി അഭിനയിച്ച രാവണപ്രഭുവിലെ 'അറിയാതെ' എന്ന പാട്ടാണ് സൊനാലി മഞ്ഞ സാരി ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. 'ഡിങ്കാ ലാലേട്ടൻ ഫാൻ' എന്നും മറ്റുമാണ് സൊണാലിയുടെ മലയാളി ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു.