
കടൽ ഉള്ളിലൊളിപ്പിക്കുന്നത് എത്ര അനുഭവങ്ങളാണ്! ഒരു നിമിഷം തോന്നിയ കൗതുകത്തിൽ അതന്വേഷിച്ച് പുറപ്പെട്ട രണ്ടുപേർ ഇപ്പോൾ കടലും തീരവും കടലിന്റെ മക്കളും പറഞ്ഞു തരുന്ന അത്ഭുതകഥകൾ കണ്ടും കേട്ടും അറിഞ്ഞും പങ്കിട്ടും കേരളത്തിലും പുറത്തുമുള്ള തീരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ യാത്രയും സമ്മാനിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകളാണ്, പല കാലങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഇടയ്ക്കെപ്പൊഴോ നഷ്ടപ്പെട്ട ആ വർത്തമാനങ്ങൾക്ക് കടൽജീവിതത്തിൽ വലിയ പങ്കുണ്ട്. അവ തിരിച്ചെടുത്ത് സൂക്ഷിക്കുന്നതിനുള്ള പരിശ്രമത്തിലാണ് 'എന്റെ കടലറിവുകൾ" എന്ന ഒരു വർഷം മാത്രം പ്രായമുള്ള ഫേസ് ബുക്ക് കൂട്ടായ്മ. അജിത് ശംഖുമുഖവും ഗോപകുമാർ മാതൃകയും നടത്തിയ ആ യാത്രയിൽ പങ്കുചേരാം.
കടൽ, കടൽ മാത്രം
അജിത്തിനും ഗോപകുമാറിനും കടൽ എന്നും മനസിൽ അലയടിക്കുന്ന കൗതുകമായിരുന്നു. ഷെഫും പ്രവാസിയുമായ അജിത്തും സാമൂഹ്യപ്രവർത്തകനും മുട്ടത്തറ മാതൃക സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിലെ പ്രിൻസിപ്പലുമായ ഗോപകുമാറും കണ്ടുമുട്ടേണ്ടവർ തന്നെയായിരുന്നു. സോഷ്യൽമീഡിയയിൽ നേരത്തെ തന്നെ താരമായ അജിത്ത്, ശംഖുമുഖത്ത് വച്ച് ഗോപകുമാറുമായി നടത്തിയ കടൽ അനുഭവങ്ങളുമായി ബന്ധപ്പെട്ട അഭിമുഖമായിരുന്നു ഇങ്ങനെ ഒരു ഫേസ്ബുക്ക് കൂട്ടായ്മയുടെ തുടക്കമായത്. 'എന്റെ കടലറിവുകൾ" എന്ന പേരിൽ തുടങ്ങിയ ഫേസ് ബുക്ക് കൂട്ടായ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ അടക്കം കടലുമായി ഉറ്റബന്ധമുള്ളവർ കടൽ അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്ക്കുന്ന വേദിയാണിത്. അതോടൊപ്പം മാഞ്ഞുതുടങ്ങിയ ഒട്ടേറെ കടൽക്കാഴ്ചകളും ജീവിതങ്ങളും കടൽസമ്പത്തുമുൾപ്പെടെയുള്ളവ ലൈവായും ചിത്രങ്ങളായും ഇവിടെയുണ്ട്. കടലിനെ സ്നേഹിക്കുന്നവരുടെ മനസ് നിറയ്ക്കുന്നതോടൊപ്പം കടലിനെക്കുറിച്ച് പഠിക്കുന്നവർക്കും അറിവുകളുടെ വലിയലോകമാണ് ഈ കൂട്ടായ്മ. ആരാണോ കടലറിവുകൾ പങ്കുവയ്ക്കുന്നത് അവരുടെ പേരിൽ അറിയപ്പെടണം എന്നതിനാലാണ് 'എന്റെ കടലറിവുകൾ" എന്ന പേര് തിരഞ്ഞെടുത്തത്. എത്രയോ വർഷങ്ങളായി കടലിനെ പ്രാണനാക്കി പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളാണ് ഈ കൂട്ടായ്മയുടെ ജീവൻ. അവർ സ്വന്തം അനുഭവങ്ങൾ, കാഴ്ചകൾ എല്ലാം ഉള്ളിൽ നിന്നു പറയുമ്പോൾ കടലിനെ കൂടുതൽ സ്നേഹിച്ചുപോകുന്ന അനുഭവമാണിത്.
കാറ്റും കോളും മുതൽ അപ്രതീക്ഷിതമായി പാഞ്ഞെത്തുന്ന തിരകളെ നോക്കിയാൽ തന്നെ അവർക്കറിയാം കടലമ്മയ്ക്ക് അവരോട് പറയാനുള്ളതെന്താണെന്ന്. കരയിലുള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള അവരുടെ ജീവിതം സാധാരണ മൊബൈൽ ഫോണിലൂടെ പകർത്തിയാണ് ഈ കൂട്ടുകാർ ലോകത്തെ കാണിക്കുന്നത്. ഈ അറിവുകൾക്കൊപ്പം വിവിധ സ്കൂളുകളിൽ ഈ വിഷയത്തിൽ ക്ളാസെടുക്കാനും അജിത്തിനും ഗോപകുമാറിനും ക്ഷണം കിട്ടുന്നുണ്ട്.
വിളിക്കുന്ന കടൽമക്കൾ
വെറും ഒരു കിലോമീറ്റർ മാത്രം അകലമുള്ള കടപ്പുറങ്ങളിൽ പോലും വ്യത്യസ്തമായ രീതികളും ഭാഷയും സംസ്കാരവുമാണെന്ന യാഥാർത്ഥ്യം ഒരു കൂട്ടം മനുഷ്യരോടൊപ്പം നടന്ന് ഈ പേജിലൂടെ പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടവരേറെയാണ്. ആ ദേശക്കാർക്ക് പോലും അവിശ്വസനീയമായിരുന്നു ഇത്രയധികം മാറ്റങ്ങൾ തങ്ങൾക്കിടയിലുണ്ടെന്ന സത്യം. അവരുടെ പാട്ടുകൾ, ചേലുകൾ... ചേലുകൾ എന്നാൽ കടൽ കാണുമ്പോൾ വള്ളമിറക്കാൻ പറ്റുമോ, എത്ര തിരമാലകളുണ്ടാകും എന്നൊക്കെയുള്ള മനക്കണക്ക്... ഇങ്ങനെ കടലിൽ അറിയേണ്ട കുറേ കാര്യങ്ങൾ. കടലിനും പുറംലോകത്തിനൊപ്പമുള്ള മൂന്നാമത്തെയാൾ മാത്രമായാണ് ഇവർ നിൽക്കുന്നത്. നൽകിയ അറിവിൽ കൂടുതൽ വിശദീകരണം ആവശ്യമുണ്ടെങ്കിൽ അതും നൽകാൻ ശ്രദ്ധിക്കാറുണ്ട്. ഓരോ കടലിനും ഓരോ രീതിയാണ്. അവയുടെ അടിത്തട്ടിലുള്ള പാരുകളിൽ പോലും ആ വ്യത്യാസമുണ്ട്. പൂവാറിലെ കടലിന്റെ സ്വഭാവമല്ല വലിയതുറയിൽ, അതിൽ നിന്നും വ്യത്യസ്തമാണ് കന്യാകുമാരിയിലേത്. കടൽമക്കൾക്കു മാത്രമറിയുന്ന ഒരു ഗണിതം ഇതിലുണ്ട്. ഇത് ഓരോ ദേശത്തിന്റെയും സ്വഭാവത്തിലും ജീവിതത്തിലും വ്യവസ്ഥിതിയിലുമൊക്കെ പ്രതിഫലിക്കും. പാരുകൾ തന്നെ രസകരമായി ബിരിയാണിപ്പാര്, കപ്പൽപ്പാര്, ഇതോടൊപ്പം കൃത്രിമപ്പാര്, ക്ളാഞ്ഞിൽ പാര്... ഇങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഒരിക്കൽ അന്വേഷിച്ചിറങ്ങിയാൽ അടിത്തട്ടിലെ കാഴ്ചകൾ പോലെ കടൽജീവിതവും മനസ് കീഴടക്കുമെന്നാണ് ഈ തീര സഞ്ചാരികൾ ഓർമ്മിപ്പിക്കുന്നത്.
മറക്കാത്ത കടൽ ചിത്രങ്ങൾ
ഓരോ മത്സ്യത്തൊഴിലാളിയുടെയും ജീവിതം അവരുടെ വിരൽത്തുമ്പിലാണ്. സ്വന്തം ജീവൻ പോലും പണയം വച്ച് കടലിലേക്കിറങ്ങുന്ന നിമിഷം മുതൽ തുടങ്ങുന്നു അവന്റെ അറിവും അനുഭവങ്ങളും ജീവിതവുമായുള്ള സമരസപ്പെടൽ. ജി.പി.എസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് 'കണിച്ചം" എന്ന മനസിലെ കണക്കു നോക്കിയാണ് ഓരോ ദിവസത്തെയും ജീവിതത്തിനായി അവർ പണിക്കിറങ്ങുന്നത്. ഈ മനക്കണ്ണക്ക് അതിശയിപ്പിക്കുന്നതാണെന്ന് കേരളത്തിന്റെ തീരങ്ങളിലങ്ങോളമിങ്ങോളം സഞ്ചരിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവർ പറയുന്നു. കടപ്പുറത്തേക്ക് മീനുമായി വരുന്ന ഒരു തൊഴിലാളിയോട് മീൻ ചോദിച്ചാൽ തുറന്ന മനസോടെ അവർ തരുമെന്നാണ് ഇവരുടെ അനുഭവം. കാരണം കൊടുത്തില്ലെങ്കിൽ കടലമ്മയ്ക്കാണതിന്റെ കേട്. ആ മനോഭാവത്തിൽ നിന്ന് ജീവിതത്തോടുള്ള അവരുടെ നിലപാട് വ്യക്തമാണ്. നാളത്തെക്കാര്യം നാളെ, ഇന്ന് ഈ നിമിഷത്തിൽ ഇതാണ്, അതിൽ ഒരു തരി മായമുണ്ടാകില്ല. കൈയിൽ നിന്നെടുത്ത കാശുകൊണ്ട് പ്രൊജക്ടർ വാങ്ങി തീരദേശത്ത് സിനിമകൾ കാണിച്ചു നടന്ന ഒരു ജീവിതം ഇവർ പകർത്തിയതിനും വലിയ പ്രതികരണമായിരുന്നു ലഭിച്ചത്. പെട്ടെന്നൊരു ദിവസം കടൽത്തീരത്തെത്തിയാൽ അവരിൽ ഒരാളാകാൻ കഴിയില്ലെന്നും അതിന് ക്ഷമയോടെയുള്ള കാത്തിരിപ്പ് വേണമെന്നും ഇരുവരും ഓർമ്മിപ്പിക്കുന്നു.
കടൽത്തീരത്ത് അവരുടെ ജീവിതം പകർത്താൻ എത്തുമ്പോൾ ലഭിക്കുന്ന വരവേൽപ്പാണ് 'എന്റെ കടലറിവുകളു" ടെ ഏറ്റവും വലിയ വിജയമെന്ന തിരിച്ചറിവും അവർ പങ്കുവച്ചു. പ്രവാസികളുടെ വലിയ ലോകവും ഓരോ അറിവുകൾക്കുമായി കാത്തിരിക്കുന്നുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരത്തെ തൊഴിലാളികൾ തങ്ങൾ നേരിടുന്ന ഏതുപ്രശ്നവും അറിയിക്കുന്നത് അംഗീകാരമായിട്ടാണ് ഇവർ കാണുന്നത്. വലിയൊരു ഉത്തരവാദിത്തമാണ് തങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നതെന്ന തിരിച്ചറിവുമുണ്ട്. മത്സ്യത്തിൽ മായം എന്നു മുറവിളി കൂട്ടുന്നവരോട് തൊഴിലാളികൾ ഒരിക്കലും അത് ചെയ്യില്ല എന്ന് കൂടി ഇവർ ഓർമ്മിപ്പിക്കുന്നു. കാരണം അവർക്ക് കടലമ്മയാണ് സത്യം. നേരും നെറിയുമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. മത്സ്യമാർക്കറ്റുകളിലേക്കുള്ള യാത്രയിലെവിടെയോ മായം കലരുന്നുണ്ടെന്ന നിരീക്ഷണവും ഇവരുടെ യാത്രയിൽ വെളിപ്പെട്ടിട്ടുണ്ട്. ഈ വിഷയവും ഈ കൂട്ടായ്മയിൽ വലിയ ചർച്ചയായിരുന്നു. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ ആറുമാസമായി ഭക്ഷണവിതരണം നടത്തുന്നത് അജിത്ത് ശംഖുമുഖമാണ്. ഇത്തവണത്തെ ഓണവും മൂന്നുക്യാമ്പുകളിലായി ഗംഭീരമായി ആഘോഷിച്ചിരുന്നു.
കടൽയാത്ര തുടരുന്നു
കടൽ ഓരോരുത്തർക്കും ഓരോ അനുഭവമാണ്. മത്സ്യത്തൊഴിലാളിയിലേക്കെത്തുമ്പോൾ അത് അസംഖ്യം അറിവാകും. ഇത്ര മാർ വലയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് അവർക്ക് കൃത്യമായി അറിയാം. അത് കടൽ പഠിപ്പിച്ചതാണ്. വെള്ളത്തിന്റെ ഒഴുക്ക് കാണുമ്പോൾ, അതിന്റെ നിറം മാറുമ്പോൾ വല നിറയ്ക്കാനെത്തുന്നത് ഏതു മീനാണെന്ന് അവർ പറയും. ആയിരക്കണക്കിന് രൂപ ചെലവിട്ട് എണ്ണയുമടിച്ച് കടലിൽ പോയവർ മുപ്പതുകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും കടലിന്റെ കോള് പന്തിയല്ലെന്ന് കണ്ട് തിരിച്ചെത്തുന്നതിന് കാരണവും ഈ അറിവാണ്. ഓഖി സമയത്ത് വള്ളത്തിൽ ഒറ്റപ്പെട്ടു പോയ ഒരാൾ ആറുദിവസത്തിനുശേഷം ജീവനോടെ തിരിച്ചെത്തിയത് വെള്ളത്തിന് തണുപ്പില്ലാത്തതു കൊണ്ടു മാത്രമായിരുന്നു. വേദനിപ്പിക്കുന്ന ആ അനുഭവവും ഇവർ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ശീലമായ കടൽക്കാറ്റിനും മണത്തിനും വേണ്ടി സർക്കാർ നൽകിയ ഫ്ളാറ്റുകളിൽ നിന്നും ഓട്ടോയിലും നടന്നും തീരത്ത് എത്തിക്കൊണ്ടിരുന്ന സാധാരണക്കാരുടെ മാനസികാവസ്ഥയും പിടിച്ചുലയ്ക്കും വിധം നൽകി. കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും രാവിലെ എത്തി പൊരിവെയിലത്ത് കടപ്പുറത്ത് കിടന്ന് വൈകിട്ട് മടങ്ങുന്നവരുടെ മനസ് കടലിനെ അറിയുന്നവർക്ക് മാത്രമേ മനസിലാകൂ. തിരുവനന്തപുരത്തെ യുവ സ്കൂബാഡൈവർ (കുഴിയാളി) അനീഷയെയും ഏറ്റവും മുതിർ കുഴിയാളിയായ ആന്റണിയെയും ഒരേ വേദിയിൽ ആദരിക്കാൻ കഴിഞ്ഞത് ഈ കൂട്ടായ്മയ്ക്ക് ഏറെ വിലപിടിച്ച അനുഭവമാണ്. കടൽയാത്ര തുടങ്ങിയിട്ടേയുള്ളൂ എന്നാണ് അജിത്തും ഗോപകുമാറും ഒരേ സ്വരത്തിൽ പറയുന്നത്. ഇനിയുമേറെ ദൂരം യാത്ര ചെയ്യാനുണ്ടെന്ന ബോദ്ധ്യവുമുണ്ട് ആ വാക്കുകളിൽ. തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കടലറിവുകളെങ്കിലും നഷ്ടപ്പെടാതെ തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടമാണിതെന്ന് ഇവർ ഓർമ്മിപ്പിക്കന്നു.