മണ്ണിനെ പ്രണയിച്ച് പ്രകൃതിയിലേക്കിറങ്ങുന്നവരുടെ എണ്ണം ഇന്ന് കൂടുകയാണ്. അതിൽ നിന്നും തീർത്തും വ്യത്യസ്തനാവുകയാണ് മലപ്പുറം ചെമ്മങ്കടവിലെ തോരപ്പ മുസ്തഫ. പാതി തളർന്ന ശരീരത്തിലും പ്രതീക്ഷ കൈവിടാതെ പച്ചപ്പിനെ പ്രണയിക്കുകയാണ് മുസ്തഫ. മലപ്പുറത്തിന്റെ ജീവിതത്തിന് നിറചാർത്തുകൾ നൽകിയ ഗൾഫ് തന്നെയായിരുന്നു ജീവിതത്തിന്റെ വഴികൾ തണുപ്പിക്കാൻ ആദ്യം മുസ്തഫയും തെരഞ്ഞെടുത്തത്. ആറുവർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ ബേക്കറിയും ടാക്സി കാറുമായി കുടുംബത്തോടൊപ്പം കഴിയാനാഗ്രഹിക്കുമ്പോഴാണ് വിധി ആട്ടോറിക്ഷാ അപകടത്തിന്റെ രൂപത്തിൽ എത്തിയത്. 28-ാം പിറന്നാളാഘോഷത്തിന്റെ പിറ്റേ ദിവസമായിരുന്നു അത്.
'വീട്ടിൽ അന്ന് ചെറിയൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. ഞാൻ സാധനം വാങ്ങാൻ വേണ്ടി ഓട്ടോയിൽ പോയതാണ്. മലപ്പുറം നൂറാടി പാലത്തിനടുത്തെത്തിയപ്പോൾ സഞ്ചരിച്ചിരുന്ന ഓട്ടോ മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിച്ചു. പുറത്തേക്ക് ഒരപകടവും പറ്റാത്ത, ഒരു തുള്ളി ചോരപോലും പൊടിയാത്ത വളരെ ചെറിയൊരപകടം. പക്ഷേ നെഞ്ചിന് കീഴ്പ്പോട്ട് മറ്റ് ഭാഗങ്ങൾ ചലിപ്പിക്കാൻ ആകുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നെ അവിടെ നിന്ന് മണിപ്പൂർ കസ്തൂർബാ മെഡിക്കൽ കോളേജിലുമായി നിരവധി ചികിത്സകൾ. ഒടുവിൽ നട്ടെല്ലിനും സൂഷുമ്നാ നാഡിക്കും കാര്യമായ പരിക്ക് പറ്റിയെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് മാറിമാറി യാത്രയായിരുന്നു. " മുസ്തഫ കഴിഞ്ഞകാലം ഓർത്തെടുത്തു.
ആശുപത്രിയും വീടുമായി ജീവിതം ചുരുങ്ങിയപ്പോൾ മുസ്തഫയക്ക് എങ്ങനെയും അതിൽ നിന്നും പുറത്തു കടക്കണമെന്നായി. ഒടുവിൽ കുട്ടിക്കാലം മുതലേ മനസിൽ കൊണ്ട് നടന്ന കൃഷിയെ കൂട്ട് പിടിച്ചു. ഇന്ന് കോഡൂർ ചട്ടിപറമ്പിലെ ഒന്നരയേക്കറോളം വ്യാപിച്ച് കിടക്കുന്ന ഔഷധോദ്യാനവും ഫാം ഹൗസും അനുബന്ധ കൃഷിത്തോട്ടവും കണ്ടാൽ ആരുമൊന്ന് അത്ഭുതപ്പെടും. കഴിഞ്ഞ പന്ത്രണ്ട് വർഷമായി മുസ്തഫ ജീവിക്കുന്നത് ഈ പച്ചപ്പിന് നടുവിലാണ്. വിധി വില്ലനായപ്പോഴും അതിൽ തളരാതെ ഊർജസ്വലതയോടെ ജീവിതം മുന്നോട്ട് നീക്കാൻ സഹായിച്ചത് ഈ കൃഷിയാണെന്ന് മുസ്തഫ പറയുന്നു. ഔഷധത്തോട്ടം തുടങ്ങിയതിന് പിന്നിലും ഒരു കഥയുണ്ട്. വാഹനാപകടത്തിന് ശേഷം നാട്ടു ചികിത്സ നടത്താൻ ഇറങ്ങിയതാണ് നിമിത്തമായത്. ചികിത്സാർത്ഥം സ്വാമി നിർമ്മലാനന്ദ ഗിരിയെ കണ്ടപ്പോൾ കുറെയേറെ ഔഷധങ്ങൾ അദ്ദേഹം മുസ്തഫയ്ക്ക് കുറിച്ച് നൽകിയിരുന്നു. പക്ഷേ ഔഷധം തിരഞ്ഞിറങ്ങിയ മുസ്തഫയ്ക്ക് നിരാശയായിരുന്നു ഫലം. അപൂർവമായ ആ ഔഷധങ്ങളൊന്നും കിട്ടാനില്ല. ആ തിരിച്ചറിവാണ് കോഡൂർ ചട്ടിപറമ്പിലെ പത്തു സെന്റ് സ്ഥലത്തെങ്കിലും ഔഷധകൃഷി തുടങ്ങുന്നതിനെ കുറിച്ച് അദ്ദേഹത്തെ ചിന്തിപ്പിച്ചത്. നാമാവശേഷമായി കൊണ്ടിരിക്കുന്ന അപൂർവമായ 360-ൽ പരം ഔഷധ സസ്യങ്ങളുടെ സംരക്ഷണം കൂടി ഇന്ന് മുസ്തഫ ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ ചട്ടിപ്പറമ്പിലും മലപ്പുറം മുണ്ടു പറമ്പിലുമായി 16 ഏക്കറോളം സ്ഥലത്ത് അനുബന്ധ കൃഷികളും നടത്തുന്നുണ്ട്. പല തരത്തിലുള്ള കപ്പയും വാഴയും ചേനയും വെള്ളരിയും അങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും മുസ്തഫയുടെ കൃഷിഭൂമിയിലുണ്ട്. കൂട്ടത്തിൽ മുല്ലപ്പൂ കൃഷിയും സൂര്യകാന്തി കൃഷിയുമുണ്ട്.
വള പ്രയോഗത്തിലും വ്യത്യസ്തനാണ് മുസ്തഫ. രാസവളങ്ങളൊന്നും അധികം ഉപയോഗിക്കാറില്ല. സ്വന്തമായി വികസിപ്പിച്ചെടുത്ത കഷായ ചണ്ടിയിൽ മറ്റുവളങ്ങൾ ചേർത്തു രൂപപ്പെടുത്തിയ ജൈവ വളമാണ് ഉപയോഗിക്കുന്നത്. കൂടാതെ ചകിരിച്ചോറ് അടങ്ങിയ കോഴിക്കാഷ്ടവും ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മരുന്നു കൃഷിയുടെയും മരുന്നിന്റെയും ഡീലർ കൂടിയാണ് മുസ്തഫ. കൂടെ ജോലിയെടുക്കാൻ പത്തോളം തൊഴിലാളികളുണ്ടെങ്കിലും കാറിലും വീൽചെയറിലുമായി മുസ്തഫയുടെ കണ്ണെത്താത്ത ഇടങ്ങളില്ല. നിരന്തരമുള്ള ശ്രദ്ധയും പരിപാലനവുമാണ് അദ്ദേഹത്തിന്റെ കൃഷിയുടെ വിജയരഹസ്യവും.
കൃഷി കഴിഞ്ഞാൽ സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് മുസ്തഫയുടെ ആവശ്യം. അംഗപരിമിതരായവർക്ക് വേണ്ടി പ്രത്യേകം വാഹനങ്ങളും അദ്ദേഹം രൂപപ്പെടുത്തി. വൈകല്യങ്ങളെ മറന്ന് ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായ മുസ്തഫയെ തേടി ഈയിടെ കേന്ദ്ര അംഗീകാരവുമെത്തി. അദ്ദേഹം വികസിപ്പിച്ചെടുത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ കേന്ദ്രസർക്കാർ ഏജൻസിയായ ദ ഓട്ടോ മോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും (എ.ആർ.എ.ഐ) സംസ്ഥാന വാഹനവകുപ്പിന്റെയും ലൈസൻസ് ലഭിച്ചു.
ആത്മയുടെ ഫാം സ്കൂളായും കോഡൂർ പഞ്ചായത്തിന്റെ പ്രദർശന കൃഷിയായും മുസ്തഫയുടെ തോട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഔഷധ മിത്രം അവാർഡ്, മാതൃക കർഷകൻ അവാർഡ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും മുസ്തഫയെ തേടിയെത്തി. കൂടാതെ സഹ ദുഃഖിതരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി 'ലൈഫ്ലൈൻ" എന്ന സംഘടന സ്ഥാപിച്ച് നിരവധികാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. അംഗപരിമിതർക്കായി ഒരു സ്വകാര്യ ചാനലിലെ 'ഡീൽ ഓർ നോഡീൽ" പരിപാടിയിൽ പങ്കെടുത്തപ്പോൾ ലഭിച്ച മൂന്നരലക്ഷം രൂപയുമായി ഒരു പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിലാണിപ്പോൾ മുസ്തഫ. മുസ് തഫയുടെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി ഭാര്യ സഫിയയും മകൻ മുർഷിദും സദാ കൂടെയുണ്ട്.
(മുസ്തഫയുടെ
ഫോൺ : 9447137572)