നമ്മുടെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന കുറച്ചു പക്ഷികളെ പരിചയപ്പെടാം.ആൾത്തിരക്കിൽ ഇവയെ കാണാറില്ല. ആളൊഴിഞ്ഞ തീരങ്ങളിൽ കൂട്ടത്തോടെ കാണുകയും ചെയ്യും. മിക്ക പക്ഷികൾക്കും നീണ്ട കാലുകളും ചുണ്ടുമായിരിക്കും. അതിലൊന്നാണ് വാൾകൊക്കൻ എന്ന യുറേഷ്യൻ കർള്യൂ. പേര് സൂചിപ്പിക്കുന്നത് പോലെ യൂറോപ്പിലും ഏഷ്യയിലും പ്രജനനം നടത്തുന്ന ഇവർ ഒക്ടോബർ മുതൽ ഇന്ത്യൻ കടൽത്തീരങ്ങളിൽ ദേശാടകരായി എത്താറുണ്ട്. പേര് പോലെ വാൾ പോലെ വളഞ്ഞ കൊക്ക്. നീണ്ട കാലുകൾ. വെള്ളത്തിൽ നടന്നു ഇര തേടുന്ന പക്ഷികളിൽ ഏറ്റവും വലുതാണ് ഇവ. 50-60 സെന്റിമീറ്ററിൽ കൂടുതൽ നീളവും പൊക്കവും ഉള്ള ഇവയുടെ ചിറകുകൾ വിടർത്തുമ്പോൾ ഒരു മീറ്ററിൽ കൂടുതൽ നീളമുണ്ടാവും. ശരീര ഭാരം ഒന്നര കിലോയിൽ താഴെ മാത്രം. ദീർഘദൂരം പറക്കുന്ന പക്ഷികൾക്ക് വലിയ ശരീര ഭാരമുണ്ടാവാറില്ല. നിറയെ വരകളും കുറികളും നിറഞ്ഞ ദേഹം. നരച്ച ബ്രൗൺ നിറത്തിൽ പുറം ഭാഗം. വാലറ്റത്തിന്റെ അടിഭാഗം വെളുത്ത നിറം. നീലിമ കലർന്ന നരച്ച നിറത്തിൽ കാലുകൾ. നീണ്ട കറുത്ത ചുണ്ടുകളുടെ അടിയിൽ ചുവന്ന നിറം. ആണും പെണ്ണും ഒരുപോലെയാണ്. തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടാണ്. പെണ്ണിനാണ് ആണിനേക്കാൾ കൊക്കിനു നീളം കൂടുതൽ. നീണ്ട കാലുകൾ കൊണ്ട് നനഞ്ഞ തീരത്തെ മണ്ണിൽ പരതി കിട്ടുന്ന അകശേരുക്കളെയും ഞണ്ടുകളെയും ഒക്കെ അകത്താക്കുന്നു.തീരത്തിനടുപ്പിച്ചുള്ള പുൽമേടുകളിലും മറ്റും കൂടൊരുക്കുന്നു. മണ്ണിൽ കൊക്കുകൊണ്ടു ചുരണ്ടി ഒരു ചെറിയ താഴ്ച പോലെയുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്. ക്രീം കളറിൽ ചുവപ്പു കലർന്ന ബ്രൗൺ നിറത്തോടുകൂടിയുള്ള പുള്ളിക്കുത്തുകളുള്ള അഞ്ചോ ആറോ മുട്ടകൾ ഉണ്ടാവാറുണ്ട്.ഒരു മാസത്തോളം അട യിരുന്നാണ് മുട്ടകൾ വിരിക്കുന്നത്. മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും ശത്രുക്കളുടെ ഭീഷണി കുറവല്ല. ആഫ്രിക്കൻ യൂറേഷ്യൻ സംരക്ഷിത ദേശാടന നീർപക്ഷികളുടെ കൂട്ടത്തിൽ പെടുന്ന ഇവർ നിലവിൽ വംശ നാശ ഭീഷണി നേരിടുന്നവരാണ്. വാൾകൊക്കനെ പോലെയുള്ള മറ്റൊരു പക്ഷിയാണ് വിംബ്രെൽ (Whimbrel)എന്ന തെറ്റികൊക്കൻ. അവയുടെ ചുണ്ടിന് ഇത്ര നീളമുണ്ടാവില്ല .