രാവും പകലും പോലെയാണ് ഓർമ്മയും മറവിയും. ഇതിൽ ഏതിനാണ് ശക്തിയെന്ന് പറയാനാവില്ല. ചെരിപ്പുകട നടത്തുന്ന ആന്റണിക്ക് നല്ല ഓർമ്മശക്തിയാണ്. ആളിന്റെ കാലുകണ്ടാൽ മതി അളവ് മനസിൽ തെളിയും. നഗരത്തിലും നാട്ടിൻപുറത്തും നിരവധി ചെരിപ്പുകടകൾ വന്നെങ്കിലും ആന്റണിക്ക് തിരക്കാണ്. രണ്ടാഴ്ച മുമ്പെങ്കിലും ഓർഡർ കൊടുക്കണം. എല്ലാം ഒരു ബുക്കിൽ രേഖപ്പെടുത്തും. അളവെടുക്കുന്നതും അതു രേഖപ്പെടുത്തുന്നതുമൊക്കെ വളരെ സാവകാശത്തിൽ. ഒരു നാടകവേദിയിൽ അഭിനയിക്കുന്നതുപോലെയാണ് ആന്റണിയുടെ ഭാവപ്രകടനങ്ങളും സംഭാഷണങ്ങളും. എത്ര തിരക്കുണ്ടായാലും ഈ ശൈലിക്ക് മാറ്റമില്ല. ഇഷ്ടപ്പെടാത്തവർക്ക് പോകാം. വേറെ എത്രയോ ചെരുപ്പുകടകളുണ്ട്.നാല്പതു വർഷമായി താനിങ്ങനെയാണ്. ഇനി മാറണമെന്ന് വച്ചാലും പറ്റില്ലെന്ന് ആന്റണി തന്നെ അപരിചിതരോട് മുൻകൂറായി പറയും.
ചെരിപ്പ് തയ്ക്കുന്നതും പോളിഷ് ചെയ്യുന്നതുമൊക്കെ ആസ്വദിച്ചാണ്. സഹായത്തിനാരുമില്ല. യേശുവിനെത്ര സഹായികളുണ്ടായിരുന്നു. ദൈവപുത്രന്റെ കാര്യം അങ്ങനെയാണെങ്കിൽ മനുഷ്യപുത്രനായ എനിക്കെന്തിന് സഹായി എന്ന് ചിലപ്പോൾ ആന്റണി ചോദിക്കാറുണ്ട്. രൂക്ഷമായി മനുഷ്യന്റെ പൊങ്ങച്ച സഞ്ചികളെ വലിച്ചുകീറും. അങ്ങനെ നിശബ്ദശത്രുക്കളെ സൃഷ്ടിക്കാനും വിരുതനാണ്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ചിലർ നന്ദി പറയും. പലതും നിസാരകാര്യങ്ങളായിരിക്കും. എന്നാൽ തന്റെ ജീവിതം വഴി തിരിച്ചുവിട്ടവരെ സ്വയം മറന്ന് സഹായിച്ചവരെപ്പറ്റി ഒരു നല്ല വാക്ക് പറയില്ല. അതാണ് പൊതുവേ മനുഷ്യന്റെ സ്വഭാവമെന്നപക്ഷക്കാരനാണ്. അതിന് ഉദാഹരണവും നിരത്തും കമല ടീച്ചറുടെ ജീവിതത്തെപ്പറ്റി പലരോടും പറയാറുണ്ട്. ഇരുപതാംവയസിൽ വിധവയായി. പറക്കമുറ്റാത്ത മൂന്നുകുട്ടികൾ. അച്ഛനും സഹോദരനും പണിപ്പെട്ട് ജോലി തരപ്പെടുത്തി. ജോലിയും വേണ്ട ജീവിതവും വേണ്ട. കുറേനാൾ കഴിഞ്ഞ് കൂട്ടത്തോടെ ജീവനൊടുക്കണം. കമല പല ബന്ധുക്കളോടും പറഞ്ഞു. ജോലികിട്ടിയെന്നറിഞ്ഞപ്പോൾ കൊന്നാലും പോകില്ലെന്നായി. പോയാലും ഒരുമാസം കഴിഞ്ഞ് രാജിവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. പിതാവും സഹോദരനും ബലാൽക്കാരമായി പിടിച്ചു കാറിൽ കയറ്റിയാണ് ജോലിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുപോയത്. ആദ്യത്തെ ഒരാഴ്ച അങ്ങനെയായിരുന്നു. അതൊക്കെ പഴയ കലണ്ടർ വിശേഷങ്ങളെന്ന് ആന്റണി പറയും.
പിൽക്കാലത്ത് ആ സഹോദരനുമായി കമല ടീച്ചർ പിണങ്ങി. സഹോദരനും അച്ഛനുമാണ് തനിക്ക് ജീവിതമുണ്ടാക്കിത്തന്നതെന്ന് കേൾക്കാൻ അവർ അശേഷം ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കൽ കൃത്യസമയത്ത് ചെരിപ്പ് ഉണ്ടാക്കി കൊടുത്തപ്പോൾ അവർ ആന്റണിയോട് താങ്ക്സ് പറഞ്ഞു. എടുത്തവായിൽ ആന്റണി അതു നിരസിച്ചു. സ്വന്തം സഹോദരന് കൊടുക്കാത്ത 'താങ്ക്സ്"എനിക്ക് വേണ്ടാ പണിക്കൂലി മാത്രം മതി. കമല കടയിൽ നിന്നിറങ്ങിപ്പോകുമ്പോൾ ആന്റണിയുടെ മുഖം ചുവന്നിരുന്നു.
(ഫോൺ: 9946108220)