ദോഹ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വേഗമേറിയ ഓട്ടക്കാരിയായ (നാലാം തവണ) ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ അമ്മയായ ശേഷം ട്രാക്കിൽ മടങ്ങിയെത്തുകയായിരുന്നു. യു.എസിന്റെ ആലിസൻ ഫെലിക്സ് മിക്സ്ഡ് റിലേയിലൂടെ ലോക ചാംപ്യൻഷിപ്പിൽ 12-ാം സ്വർണം നേടിയതും അമ്മയായ ശേഷം. താൻ ഗർഭിണിയായിരുന്നപ്പോൾ സ്പോൺസർഷിപ്പ് തുക വെട്ടിക്കുറച്ച സ്പോർട്സ് നിർമാണ കമ്പനിക്കെതിരെ ആലിസൺ പൊട്ടിത്തെറിച്ചത് ലോക ശ്രദ്ധയാകർഷിച്ചിരുന്നു.
ഇനി ഒക്ടോബർ 10 ന് ഇറാൻ- കംബോഡിയ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിന് ഇറാൻ വനിതകൾക്ക് പ്രത്യേക ഗാലറിയിൽ പ്രവേശനം നൽകുമ്പോൾ ചരിത്രം മാറുകയാണ്. 1981 ലാണ് ഇറാൻ വനിതകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം നിരോധിച്ചത്. ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയതിന് പിടികൂടപ്പെട്ട ഇറാൻ ആരാധിക -ബ്ലൂ ഗേൾ- ജയിലിൽ ആകുമെന്നു ഭയന്ന് ആത്മഹത്യ ചെയ്ത സംഭവം ഇറാനെ വെട്ടിലാക്കിയിരുന്നു.
കായികരംഗത്ത് പോയ വർഷം വനിതകളുടേതായിരുന്നു. തുറന്നു പറച്ചിലിന്റെയും പോരാട്ട വീര്യത്തിന്റെയും ഒത്തിരി ഉദാഹരണങ്ങൾ നാം കണ്ടു. യുഎസ്. ജിംനാസ്റ്റിക്സ് ടീമിന്റെ മുൻ ഡോക്ടർ ലോറൻസ് ജി. നാസറിനെതിരെ 150ൽ പരം വനിതകളാണ് ലൈംഗിക ചൂഷണം ആരോപിച്ചത്. 20 വർഷത്തെ പീഡനകഥകളാണ് ഡോ. ലോറൻസിനെതിരെ പുറത്തുവന്നത്. ''ഇന്നു ഞങ്ങൾക്ക് കരുത്തും ശബ്ദവും ഉണ്ട്. ഞാനൊരു തുടക്കം മാത്രം. നാസർ നിങ്ങൾ അനുഭവിക്കും."" ഒളിംപിക് ചാംപ്യൻ ആലിറെയ്സ്മാൻ കോടതിയിൽ പറഞ്ഞ വാക്കുകളാണിത്.
അഫ്ഗാനിസ്ഥാനിൽ വനിതാ ഫുട്ബോൾ താരങ്ങൾക്കെതിരെ നടന്ന ലൈംഗിക അതിക്രമം അന്വേഷിക്കാൻ ഫിഫ നേരിട്ടിറങ്ങുകയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് കെറമുദ്ദീൻ കരീം ഉൾപ്പെടെ അഞ്ചു പേർ കുടുങ്ങി. 'ഗാർഡിയൻ"പത്രമാണ് പീഡനവാർത്ത പുറത്തുകൊണ്ടുവന്നത്. അസോസിയേഷൻ പ്രസിഡന്റിന്റെ ഓഫിസിലെ രഹസ്യമുറിയിലും വിദേശത്തും വനിതാ താരങ്ങൾ പീഡിപ്പിക്കപ്പെട്ടു. മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ഒരു വനിത-നോർവേയുടെ ആദ ഹെഗർബർഗ് - നേടിയതും 2018 ൽ.
എൻ.ബി.എ (യു.എസ്.ബാസ്ക്കറ്റ്ബോൾ) ടീം ഡാലസ് മാവ്റിക്ക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി സിൻത്യ മാർഷൽ എത്തിയതും ഇംഗ്ലീഷ് പ്രീമിയർ (ഫുട്ബോൾ) ലീഗിന്റെ സി.ഇ.ഒ സ്ഥാനത്ത് സൂസന ഡിന്നഗെ നിയമിതയായതും ചരിത്രം.
ഈയിടെ ഫ്രാൻസിൽ വനിതാ ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് നേടിയ യു.എസ് വനിതാ ടീം നായിക മെഗൻ റാപ്പിനോ വനിതാ താരങ്ങൾക്കു നൽകുന്ന വേതനം ഉയർത്തണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധം കായികലോകത്തെ ഇളക്കിമറിച്ചു. ''ആദ്യം ലോകകപ്പ് നേടുക; പിന്നീട് സംസാരിക്കുക"" എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിന് മെഗൻ മറുപടി പറഞ്ഞു ''ലോകകപ്പ് നേടിയാലും ഞാൻ ആ നശിച്ച വൈറ്റ് ഹൗസിൽ പോകില്ല."" ഇക്കഴിഞ്ഞ ലോകകപ്പിൽ ആറു ഗോൾ നേടിയതു വഴി സ്വന്തമാക്കിയ ഗോൾഡൻ ഷൂവും ലോകകപ്പും ഉയർത്തിപ്പിടിച്ചാണ് മെഗൻ റാപ്പിനോ നിലപാട് വ്യക്തമാക്കിയത്. റാപ്പിനോ ഫിഫയുടെ മികച്ച വനിതാ താരവുമായി. ലോകകപ്പ് നേടുന്ന വനിതാ ടീമിന് മൂന്നു കോടി ഡോളറും പുരുഷ ടീമിന് 40 കോടി ഡോളറും നൽകുന്ന ഫിഫയെ അവർ വെല്ലുവിളിച്ചു. യു.എസ് വനിതാ ഫുട്ബോൾ താരങ്ങൾ തുല്യവേതനത്തിനായി 2015 ൽ തുടങ്ങിയ പോരാട്ടത്തിന്റെ തുടർച്ചയായിരുന്നു ഇതൊക്കെ.
ക്രിസ് സൈബോർഗ് മിക്സ്ഡ് മാർഷ്യൽ ആർട്സിലെ മൈക്ക് ടൈസൻ ആയാണ് അറിയപ്പെടുന്നത്. പക്ഷേ, കഴിഞ്ഞ ഡിസംബറിൽ അമന്ദ ന്യൂൺസ് ക്രിസ് സൈബർഗിനെ ഒരു മിനിറ്റുള്ളിലാണ് കീഴ്പ്പെടുത്തിയത്. അൾട്ടിമേറ്റ് ഫൈറ്റിംഗ ് ചാംപ്യൻഷിപ്പിൽ (UFC) വനിതകളുടെ ബാന്റം വെയ്റ്റ് ചാംപ്യനാണ് അമന്ദ. സൈബർഗിനെ നോക്കൗട്ട് ചെയ്ത് ഫെതർവെയ്റ്റ് കിരീടവും സ്വന്തമാക്കി. ഇതോടെ യുഎഫ്സി ചരിത്രത്തിൽ ഒരേ സമയം രണ്ടു ഭാരവിഭാഗങ്ങളിൽ ജേതാവായ ആദ്യ വനിതയായി അമന്ദ. യുഎഫ്സിയുടെ പോസ്റ്റർ ഗേൾ റോണ്ടാ റൗസി എം.എം.എ ഗ്ലൗസ് ഉപേക്ഷിച്ച് ഡബ്ലിയു. ഡബ്ലിയു. ഇ യിലേക്കു ചുവടുമാറ്റാൻ കാരണമായതും ഇതേ അമന്ദ സമ്മാനിച്ച കനത്ത തോൽവിയാണ്.
ബ്രസീലിലെ സാൽവഡോറിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് പുരുഷനെ വെല്ലുന്ന കരുത്തും സാങ്കേതിക മികവുമായി അമന്ദ വളർന്നു വലുതായത്. രണ്ടു ഭാരവിഭാഗങ്ങളിൽ കിരീടം സൂക്ഷിക്കാൻ കഴിയാതെ വന്ന അനുഭവമാണ് പുരുഷ താരങ്ങളായ കൊണോർ മക്ഗ്രഹറിനും ഡാനിയേൽ കോർമിയറിനും ഉണ്ടായതെന്നും ഓർക്കണം.
പുരുഷ ഏകദിന ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയർ എന്ന ബഹുമതി ഓസ്ട്രേലിയയുടെ ക്ലെയർ പൊളോസാക് സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ഏപ്രിലിൽ. 15 വനിതാ മത്സരങ്ങൾ നേരത്തെ നിയന്ത്രിച്ച ക്ലെയർ നമീബിയ-ഒമാൻ മത്സരം നിയന്ത്രിച്ചാണ് ചരിത്രത്തിൽ സ്ഥാനം നേടിയത്. ഐ.സി.സി.യുടെ പ്രഥമ വനിതാ മാച്ച് റഫറിയായി ഇന്ത്യയുടെ ജി.എസ്. ലക്ഷ്മി അംഗീകാരം നേടിയത് കഴിഞ്ഞ മേയിൽ. 1986 മുതൽ 2004 വരെ ദേശീയ വനിതാ ക്രിക്കറ്റിൽ ഓൾ റൗണ്ടറായി തിളങ്ങിയ ചരിത്രം ആന്ധ്രയിൽ നിന്നുള്ള ലക്ഷ്മിക്കുണ്ട്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പുരുഷ കോണ്ടിനെന്റൽ ക്ലബ് കപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റഫറി സംഘം ആദ്യമായി നിയോഗിക്കപ്പെട്ടത് മേയിൽ. എ.എഫ്.സി കപ്പിൽ നടന്ന യാക്കൂൺ യുണൈറ്റഡ് (മ്യാൻമാർ)- നാഗാ വേൾഡ് (കംപോഡിയ) മത്സരമാണ് ചരിത്രമായത്.
വിപ്ലവം അറബിനാട്ടിലും
ഫോർമുല ഫോർ കാറോട്ട മത്സരത്തിൽ സൗദിയുടെ റീമ ജുഫാലി ഏപ്രിലിൽ അരങ്ങേറി. ബ്രിട്ടീഷ് ചാംപ്യൻഷിപ്പിൽ 'ഡബിൾ ആർ" റേസിംഗ് ടീമിലാണ് റീമ സാന്നിദ്ധ്യമറിയിച്ചത്. സൗദിയിലെ പ്രഥമ വനിതാ റേസിംഗ് ഡ്രൈവറാണ് റീമ. 2018 ജൂണിൽ മാത്രമാണ് സൗദി വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചു തുടങ്ങിയത്.
ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ലോകകപ്പ് ഷൂട്ടിംഗിൽ ഇറാന്റെ ഹനിയെ റൊസ്റ്റാമിയൻ 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ വെങ്കലം നേടി. ലോകകപ്പിൽ മെഡൽ നേടുന്ന ഇറാന്റെ ആദ്യ വനിതാ ഷൂട്ടറായി ഹനിയെ. എട്ടു വർഷമായി ഇവർ മത്സരരംഗത്തുണ്ട്. യുഎസ് ഉപരോധം കാരണം ബുള്ളറ്റ് ഇറക്കുമതിക്കു തടസം ഉള്ളതിനാൽ പരിശീലനം വിഷമമാണ്. നിയന്ത്രണം കാരണം ഇറാനിൽ ആകെ 15 രാജ്യാന്തര പിസ്റ്റൽ ഷൂട്ടർമാരേയുള്ളു. അതിൽ ഏഴു പേർ വനിതകളാണ്.
ദോഹ ലോക അത്ലറ്റിക്സിൽ ഖത്തറിന്റെ ബ്രാൻഡ് അംബാസഡർ ആണ് മറിയം ഫരീദ്. ഹിജാബ് ധരിച്ചാണ് മറിയം ഫരീദ് മത്സരിക്കുന്നത്. ഇതൊരു തടസമല്ലെന്ന് അവർ വ്യക്തമാക്കി. തുടക്കത്തിൽ നീണ്ട ഷർട്ട് ധരിച്ചായിരുന്ന പരിശീലനവും മത്സരവും. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിച്ചുകൊണ്ടു മത്സരിക്കുമ്പോൾ വേഗം കുറയുന്നില്ലെന്ന് മറിയം ഫരീദ് സാക്ഷ്യപ്പെടത്തുന്നു. കൈയും തലയും മൂടിയ വസ്ത്രം ധരിച്ചല്ലേ ഓസ്ട്രേലിയയുടെ കാത്തി ഫ്രീമാൻ 2000ത്തിലെ ഒളിംപിക്സിൽ വനിതകളുടെ 400 മീറ്റർ ജയിച്ചതെന്ന് മറിയം ചോദിക്കുന്നു.
'ഫാമിലി സെക്ഷൻ" ഒരുക്കി 2018 ജനുവരിയിൽ സൗദി അറേബ്യ വനിതകളെ ഒരു പ്രാദേശിക ഫുട്ബോൾ മത്സരം കാണാൻ ആദ്യമായി അനുവദിച്ചിരുന്നു. ജിദ്ദയിലായിരുന്നു മത്സരം. റിയാദിലെ നാഷണൽ സ്റ്റേഡിയത്തിലും വനിതകളെ പ്രവേശിപ്പിച്ചു; 2001 ലോകകപ്പിലെ യോഗ്യതാ റൗണ്ടിൽ ഇറാൻ-അയർലൻഡ് മത്സരം കാണാൻ അയർലൻഡിലെ വനിതകളെ ഇറാൻ അനുവദിച്ചിരുന്നു. ഇറാനും സൗദിയും ഒഴികെയുള്ള അറബ് രാജ്യങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ മുമ്പും ഇല്ലായിരുന്നു. ടുനീഷ്യ വനിതകൾക്കു സൗജന്യ ടിക്കറ്റാണ് നൽകുന്നത്. മൊറോക്കോ വനിതകളായ കാണികളെ പ്രോത്സാഹിപ്പിച്ചു പോന്നു. മഹാ ജന്യൂദ് സിറിയൻ പുരുഷ ഫുട്ബോൾ ടീമിന്റെ ആദ്യ വനിതാ പരിശീലകവേഷം അണിഞ്ഞത് ഈ വർഷം ജനുവരിയിൽ. സിറിയൻ ഫുട്ബോൾ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് അൽമുഫാസയുടെ സഹപരിശീലകയാണ് ജനൂദ്.
ഇതിനിടെയാണ് രാജ്യാന്തര ബോക്സിംഗ് മത്സരത്തിൽ വിജയിച്ച ആദ്യ ഇറാനിയൻ വനിത സദഫ് ഖാദേമിനെതിരെ നാട്ടിൽ അറസ്റ്റ് വാറന്റ് ഇറങ്ങിയ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സംഭവം. ഇരുപത്തിനാലുകാരി സദഫ് ഫ്രാൻസിലെ റൊയാനിൽ നടന്ന മത്സരത്തിൽ ആതിഥേയരുടെ ആൻ ഷൗവിനെ പരാജയപ്പെടുത്തി. വനിത കായികതാരങ്ങൾക്ക് ഇറാൻ നിഷ്കർഷിച്ച വസ്ത്രധാരണ രീതി സദഫ് ലംഘിച്ചത്രെ. അത്ലറ്റിക്സ്, നീന്തൽ, ബോക്സിംഗ്, ഗുസ്തി, റഗ്ബി തുടങ്ങിയവയിൽ മത്സരിക്കാൻ ഇറാൻ വനിതകൾക്ക് അനുമതിയുണ്ടെങ്കിലും ഇസ്ലാമിക രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നുണ്ട്. പരിശീലകർ വനിതകളും ആകണം. എന്നാൽ നിയമ നടപടിയുണ്ടാകുമെന്ന വാർത്ത ഇറാനിയൻ ബോക്സിംഗ് ഫെഡറേഷൻ നിഷേധിച്ചു.
നൂർ ദിയാന എന്ന മലേഷ്യൻ യുവതി ഗുസ്തിയിൽ പുരുഷന്മാരെ മലർത്തിയടിച്ചാണ് ലോകശ്രദ്ധ നേടിയത്. 'ഫീനിക്സ് " എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവർ മുസ്ലിം വസ്ത്രധാരണരീതി ലംഘിക്കാതെയാണ് ഗോദകൾ കീഴടക്കുന്നത്. 43 കിലോ മാത്രം ഭാരം. 155 സെ.മീ ഉയരം പക്ഷേ, ഗോദയിൽ സാങ്കേതിക മികവും മിന്നൽ നീക്കങ്ങളുമായി അദ്ഭുതം സൃഷ്ടിച്ചു. കൈകാലുകൾ പൂർണമായി മറയ്ക്കുന്ന ട്രൗസറും ടോപ്പും ഒപ്പം ഹിജാബും അണിഞ്ഞാണ് ഈ പത്തൊൻപതുകാരി മത്സരിക്കുന്നത്.
''ഞാനൊരു മുസ്ലിമാണ്. ഹിജാബും ധരിക്കുന്നു. പക്ഷേ, എന്റെ ഇഷ്ടം നിറവേറ്റപ്പെടാൻ ഇതൊന്നും തടസമല്ല."" ജൂലൈയിൽ മത്സരത്തിനു ശേഷം നൂർ ദിയാന പറഞ്ഞു. 2015ലാണ് ഗുസ്തി പരിശീലിച്ചു തുടങ്ങിയത്. കഴിഞ്ഞ ജൂലൈയിൽ നാലു പുരുഷ എതിരാളികളെ കീഴടക്കിയാണ് നൂർ ദിയാന മലേഷ്യൻ ഗുസ്തി ചാംപ്യനായത്. മുൻപ് മുഖം മറച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒരു മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇത് ഒഴിവാക്കി. മലേഷ്യയിൽ മാത്രമല്ല വിദേശങ്ങളിലും നൂർ ദിയാന ഇന്നു സൂപ്പർ താരമാണ്.
അഞ്ചു പേരുടെ മിക്സ്ഡ് ടീമിനെ ഇറക്കി മിക്സ്ഡ് ജെൻഡർ ഹോക്കി 2017 നവംബറിൽ പുണെയിൽ തുടങ്ങി. ബാലെവാഡിയിലായിരുന്നു പ്രഥമ നാഷണൽസ്. ഒൻപതംഗ ടീമിൽ നാലു വനിതകൾക്കാണു സ്ഥാനം. കളിസ്ഥലത്തിന്റെ വിസ്തീർണം പകുതിയാക്കി. രാജ്യാന്തര ഹോക്കി ഫെഡറേഷൻ (F.I.H) സാരഥി, ഇന്ത്യയുടെ നരീന്ദ്ര ബത്രയുടെ ആശയമാണിത്.
2017 ൽ തന്നെ മലപ്പുറത്ത് സ്ക്രൈബ്സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ജെൻഡർ ന്യൂട്രൽ ഫുട്ബോൾ അരങ്ങേറി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവ സമിതിയാണ് കോട്ടപ്പടി മൈതാനത്ത് മത്സരം സംഘടിപ്പിച്ചത്. ഭിന്നലിംഗക്കാരും ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെട്ടതായിരുന്നു ടീം. ആൺകുട്ടികൾക്കു മാത്രം 15 വയസ് എന്നു പ്രായ പരിധി നിശ്ചയിച്ചു. കോഴിക്കോട് വനിതാ ഫുട്ബോൾ അക്കാദമിയായിരുന്നു ജേതാക്കൾ.
മുഖംതിരിച്ച് ടെന്നിസ് ലോകം
റോജർ ഫെഡററും സെറീനാ വില്യംസും ടെന്നിസ് കോർട്ടിൽ മുഖാമുഖം. പെർത്തിൽ, കഴിഞ്ഞ ജനുവരിയിൽ യാഥാർത്ഥ്യമായ പോരാട്ടം. കായിക ലോകം മാത്രമല്ല, ഫെഡററും സെറീനയും ആ മത്സരത്തിന് വലിയ പ്രാധാന്യമാണു നൽകിയത്. ഇനി ഇത്തരമൊരു ഐതിഹാസിക മത്സരത്തിനു സാദ്ധ്യതയില്ലന്നു കണ്ടപ്പോൾ സെറീന പറഞ്ഞു. ''പ്രത്യക്ഷത്തിൽ തന്നെ ഹൃദയഭേദകം.""
ഹോപ്മാൻ കപ്പ് മിക്സ്ഡ് ടീം ടെന്നിസ് ടൂർണമെന്റിലെ മിക്സ്ഡ് ഡബിൾസിലാണ് പുരുഷ, വനിതാ ഇതിഹാസതാരങ്ങൾ നേർക്കുനേർ പോരാടിയത്. കാത്തിരുന്ന പോരാട്ടമായി അവർ തന്നെ പ്രകീർത്തിച്ച മത്സരത്തിൽ ഫെഡററുടെ സ്വിസ് ടീം സെറീനയുടെ യു.എസ്. ടീമിനെ പരാജയപ്പെടുത്തി. ഫൈനലിൽ ഫെഡറർ ബെലിൻഡ ബെൻസിക് ടീം ജർമനിയുടെ അലക്സാണ്ടർ സ്വരേവ്-ഏഞ്ചലിക്വ് കെർബർ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി ഹോപ്മാൻ കപ്പ് നേടി. അഞ്ചു തവണ ടൂർണമെന്റിൽ പങ്കെടുത്തിട്ടുള്ള ഫെഡറർ മൂന്നു തവണ കിരീട ജയത്തിൽ പങ്കാളിയായി. അഞ്ചു തവണ തന്നെ മത്സരിച്ച് സെറീന രണ്ടു തവണ കിരീടം യു.എസിനു നേടിക്കൊടുത്തു.
ഇനിയൊരു 'ഹോപ്മാൻ കപ്പ്" ഇല്ല, അഥവാ കഴിഞ്ഞ ജനുവരിയിൽ നടന്നത് അവസാന പതിപ്പായിരുന്നു എന്നു രാജ്യന്തര ടെന്നിസ് ഫെഡറേഷൻ വ്യക്തമാക്കുമ്പോൾ ഉൾക്കൊള്ളാൻ ഇതിഹാസ താരങ്ങൾക്കും ബുദ്ധിമുട്ട്. ''സഹതപിക്കുന്നു"" ഫെഡറർ പറഞ്ഞു, ''വർഷങ്ങളോളം നടന്ന അവിശ്വസനീയ മത്സരങ്ങൾ. കളിക്കാരുടെ ഭാഗത്തു നിന്നു നോക്കിയാൽ വലിയ വിജയം."" തന്റെ ജീവിത പങ്കാളിയായി മാറിയ മിരോസ്ലാവ വാവ്രിനെകുമൊത്തായിരുന്നു 2002ൽ ഫെഡറർ ഹോപ്മാൻ കപ്പിൽ മത്സരിച്ചത് എന്നതും ശ്രദ്ധേയം. കളിക്കാർ എന്നും ആസ്വദിച്ച ഈ ടൂർണമെന്റ് ഏതെങ്കിലും വിധത്തിൽ തുടരണം, പക്ഷേ, എങ്ങനെയെന്ന് സത്യമായും തനിക്കറിയില്ലെന്നു ഫെഡറർ പറയുമ്പോൾ ടെന്നിസ് പ്രേമികൾ അമ്പരക്കുന്നു.
ഞാൻ ഒത്തിരി ഇഷ്ടപ്പെട്ട ടൂർണമെന്റ് കഴിഞ്ഞ രണ്ടു തവണയും ഫൈനൽ കളിച്ച കെർബർ പറഞ്ഞ വാക്കുകളാണിത്. പക്ഷേ, ആരോടു പറയും. ടെന്നിസിലെ ഏക മിക്സ്ഡ് ടീം ടൂർണമെന്റ് നിർത്തി പകരം, പുരുഷന്മാർക്കായി എടിപി വേൾഡ് ടീം കപ്പ് തുടങ്ങാനൊരുങ്ങുകയാണ് ഐ.ടി.എഫ്.
ഓസ്ട്രേലിയയുടെ മുൻ കളിക്കാരായ പോൾ മക്നമിയും ചാർലി ഫാൻകറ്റും ചേർന്ന്, ഓസ്ട്രേലിയൻ ടെന്നിസ് താരം ഹാരി ഹോപ്മാന്റെ പേരിൽ 1989 ൽ തുടക്കമിട്ടതാണ് ഈ ടൂർണമെന്റ്. മൂന്നു പതിറ്റാണ്ട് ഡേവിസ് കപ്പിനും ഫെഡറേഷൻ കപ്പിനും ഒപ്പം ലോകശ്രദ്ധ നേടിയ ടൂർണമെന്റ്. ടെന്നിസിലെ പ്രതിഫലത്തിൽ സ്ത്രീ-പുരുഷ സമത്വം വേണമെന്ന് ബില്ലിജീൻ കിങ്ങും മാർട്ടീനാ നവ്രത്തിലോവയുമെക്കെ ആവശ്യപ്പെട്ടതിന്റെ തുടർച്ച കൂടിയായിരുന്നു ഈ മിക്സഡ് ടീം മത്സരങ്ങൾ. കായിക ലോകത്തെ മാറ്റങ്ങൾ രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ അറിയാതെ പോകരുത്.