ഒാരോ സിനിമകളിലും പരസ്പരം ഓർമ്മപ്പെടുത്താത്ത കഥാപാത്രങ്ങളായാണ് സുധി കോപ്പ അഭിനയിക്കുന്നത്. നടനാണെങ്കിലും ആ തിളക്കം ഒട്ടുമേ ജീവിതത്തിലേക്ക് പകർത്തിയിട്ടില്ല സുധി. ഇപ്പോഴും അവസരം ചോദിക്കാൻ ഒട്ടും മടിയില്ലെന്ന് താരജാഡകളുടെ കനമില്ലാതെ ഈ നടൻ പറയുന്നു. സുധിയുടെ വിശേഷങ്ങൾ.
ആ കാലം മറന്നിട്ടില്ല
ഒടുവിലെത്തിയത് ജോഷി സാർ സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസാണ്. എനിക്ക് കുറച്ച് പെർഫോം ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. പലരും നല്ല അഭിപ്രായം പറഞ്ഞു. ജോഷി സാറിന്റെ ആദ്യ ചിത്രം ബ്ളാക്ക് ആൻഡ് വൈറ്റിലാണ് എടുത്തത്. പിന്നീട് സിനിമയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായി. കളർ വന്നു, ഫിലിം മാറി ഡിജിറ്റലായി, സിങ്ക് സൗണ്ടായി. എന്നിട്ടും ഈ ന്യൂജനറേഷൻ കാലത്തും അദ്ദേഹം സൂപ്പർഹിറ്റ് സിനിമകളെടുക്കുന്നു. ഞാൻ ചാൻസ് ചോദിച്ച് നടക്കുന്ന കാലത്ത് പനമ്പള്ളി നഗറിലുള്ള ജോഷി സാറിന്റെ വീട്ടിൽ സ്ഥിരം പോകുമായിരുന്നു. അദ്ദേഹം കത്തിനിൽക്കുന്ന സമയമാണ്. പക്ഷേ, അന്നും നമ്മളോട് ഗംഭീരമായി പെരുമാറും. പറയാനുള്ളതെല്ലാം കേട്ടിട്ട് കൃത്യമായി മറുപടി തരും. റോബിൻ ഹുഡിലും റൺബേബി റണ്ണിലുമൊക്കെ ഞാൻ ഒറ്റ ഡയലോഗുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഞാൻ മാറുന്ന വഴി
എല്ലാവരും പറയാറുണ്ട് ഓരോ സിനിമയിലും വ്യത്യസ്ത ഗെറ്രപ്പുകളിലാണല്ലോ അഭിനയിക്കുന്നത് എന്ന്. സത്യത്തിൽ എനിക്ക് ഒരുപാട് പടങ്ങളൊന്നുമില്ലല്ലോ. ഒരു പടം കഴിഞ്ഞ് കുറച്ചുനാൾ താടിയൊക്കെ വളർത്തി വെറുതെ ഇരിക്കുമ്പോഴായിരിക്കും അടുത്തതിലേക്ക് വിളിക്കുന്നത്. അതു കഴിഞ്ഞ് ഷേവ് ചെയ്തിരിക്കുമ്പോൾ പുതിയ സിനിമയിലേക്ക് വിളിക്കും. താടിയൊക്കെ നമ്മുടെ കഷ്ടപ്പാടിന്റെ അടയാളമാണ്, അല്ലാതെ പുതിയ ഗെറ്രപ്പല്ല. ആളുകൾ ഗംഭീര മേക്കോവറാണല്ലോ എന്നു പറയും. അഭിനയത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ പറ്രിയില്ലെങ്കിലും രൂപത്തിലെങ്കിലും വ്യത്യാസം വരട്ടെ എന്നു കരുതി ചെയ്യുന്നതാണ് അതൊക്കെ. എന്നെ കാത്തിരിക്കേണ്ട കാര്യമൊന്നും മലയാള സിനിമയ്ക്കില്ലല്ലോ. എനിക്കാണ് സിനിമയെ വേണ്ടത്. അല്ലാതെ സിനിമയ്ക്ക് എന്നെയല്ല. ആമേനടക്കമുള്ള ആദ്യകാല സിനിമകൾ കാണുമ്പോൾ പലർക്കും എന്നെ തിരിച്ചറിയാനാകില്ല.
അഭിനയമോഹം അച്ഛനിൽ നിന്ന്
എന്റെ അച്ഛന് ഒരു നാടക ട്രൂപ്പുണ്ടാണ്ടായിരുന്നു. അച്ഛന്റെ കൂടെ നടന്നാണ് അഭിനയമൊക്കെ കാണുന്നത്. പിന്നെ സിനിമ ക്രേസായി. ഒരു ഘട്ടത്തിൽ ഈ സിനിമാപ്രാന്ത് അങ്ങോട്ട് മൂത്തു. അതോടെ ചാൻസ് അന്വേഷിച്ച് നടക്കാൻ തുടങ്ങി. അന്നത്തെ രൂപമൊക്കെ കണ്ടാൽ ആരും അവസരം തരില്ല. ചിലർ ഉപദേശിച്ച് വിടും. ഈ ശരീരം വച്ച് അഭിനയിക്കാൻ നടക്കാതെ വേറെ ജോലി ചെയ്ത് ജീവിക്കാൻ പറയും. ഓരോ ഒഡിഷന് പോകുമ്പോഴും നല്ല സുന്ദരന്മാരെയാണ് കാണുന്നത്. പക്ഷേ, എനിക്ക് അപകർഷതാ ബോധം ഒന്നും ഉണ്ടായിരുന്നില്ല. നല്ല ആത്മവിശ്വാസമായിരുന്നു. സിനിമയിൽ മുതലാളി മാത്രം പോരല്ലോ വീട്ടുപണിക്കാരും വേണ്ടേ എന്ന് ആലോചിച്ച് ആശ്വസിക്കും. പ്രണയ വർണങ്ങൾ എന്ന സിനിമയിൽ ആൾക്കൂട്ടത്തിൽ ഒരാളായി നിന്നിട്ടുണ്ട്. കാമ്പസിൽ നടക്കുന്ന കുറേ പേരുണ്ടല്ലോ. ചുവന്ന ഷർട്ടിട്ട് അതിൽ ഒരാളായി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. അവസരങ്ങൾ ചോദിക്കാൻ ഇപ്പോഴും മടിയില്ല. കൊച്ചി കോർപറേഷൻ മേയറോടോ എം.എൽ.എയോടോ അല്ല സിനിമാ സംവിധായകരോടല്ലേ ചോദിക്കുന്നത്. ഞാൻ അവരോട് വീട്ടിലെ കഷ്ടപ്പാട് പറയുന്നില്ല. വിശക്കുന്നു ഭക്ഷണം വാങ്ങി തരൂ എന്ന് പറയുന്നില്ല. ജോലി ചെയ്യാൻ അവസരം അന്വേഷിക്കുന്നത് ഒരു മോശം കാര്യമാണോ. അതെന്റെ ജോലിയുടെ ഭാഗമല്ലേ.
ജോസഫ് തന്ന ബ്രേക്ക്
സത്യം പറഞ്ഞാൽ ജോസഫിലാണ് വൃത്തിയുള്ള ഒരു വേഷം ചെയ്യുന്നത്. അതുവരെ ഗുണ്ടയോ എന്തെങ്കിലും വഷളത്തരങ്ങൾ കാണിക്കുന്ന കഥാപാത്രങ്ങളോ ഒക്കെയാണ് എനിക്ക് ലഭിച്ചത്. ജോസഫിലെ പൊലീസ് വേഷം എനിക്ക് ചേരുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. സെറ്റിലെത്തി ഷേവ് ചെയ്ത്, മുടി വെട്ടി ആ ഗെറ്രപ്പിൽ നിന്നപ്പോൾ തനി പൊലീസുകാരനായെന്ന് എല്ലാവരും പറഞ്ഞു. എന്റെ വീട് പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുന്നിലാണ്. ദിവസവും നിരവധി പൊലീസുകാരെ കാണാറുമുണ്ട്. എന്നാലും പൊലീസുകാരനായി അഭിനയിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ല. മലയാള സിനിമയിൽ വന്ന മാറ്രം എന്നെ പോലെയുള്ള നടന്മാരെ സഹായിച്ചിട്ടുണ്ട്. സംവിധായകരും പ്രേക്ഷകരുമെല്ലാം ഒരുപാട് മാറി. ഒരോ സംവിധായകനും അവർക്ക് എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. കഥാപാത്രത്തിന് ചേരുന്നവരെ കണ്ടെത്തി അഭിനയിപ്പിക്കാൻ അവർക്കറിയാം. ലിജോ ജോസഫ് പെല്ലിശേരിയൊക്കെ ഓസ്കാർ നേടാൻ വരെ കഴിവുള്ള സംവിധായകരാണ്. മറ്റ് ഭാഷകളിലേതു പോലെ ബഡ്ജറ്റുണ്ടെങ്കിൽ ലിജോ എപ്പോൾ ഓസ്കാർ അടിച്ചു എന്ന് ചോദിച്ചാൽ മതി. അതുപോലെ അളന്നു മുറിച്ച് കാണുന്നവരാണ് നമ്മുടെ പ്രേക്ഷകർ. ലോകനിലവാരത്തിലുള്ള സിനിമ കാണുന്ന അവരെ കബളിപ്പിക്കാൻ പറ്റില്ല.