കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേർ പതിന്നാല് വർഷങ്ങൾക്കിടെ സമാന സാഹചര്യത്തിൽ മരണമടഞ്ഞ സംഭവത്തിൽ മരുമകളും മുഖ്യ പ്രതിയുമായ ജോളി ഉൾപ്പെടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആറ് പേരെയും ജോളി ഭക്ഷണത്തിൽ ഉഗ്രവിഷമായ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി എന്നാണ് പൊലീസ് നിഗമനം.
ജോളിക്ക് സയനൈഡ് എത്തിച്ച ബന്ധുവായ ജുവലറി ജീവനക്കാരൻ മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രദീപ്കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ മകൻ റോയി തോമസിന്റെ ഭാര്യയായിരുന്നു ജോളി. ഇരുവരും നേരത്തേ കൊല്ലപ്പെട്ടതാണ്.
ഇന്നലെ രാവിലെയാണ് ജോളിയെ ആദ്യം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞിരുന്ന ജോളി ഇന്നലെ ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ കുറ്റം സമ്മതിച്ചു. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. താൻ ഒറ്റയ്ക്കാണ് കൊലകൾ നടത്തിയതെന്നും എല്ലാ കൊലകളിലും തനിക്ക് പങ്കുണ്ടെന്നും ജോളി പൊലീസിനോട് സമ്മതിച്ചു എന്നാണ് അറിയുന്നത്.
ജോളിയിൽ നിന്നാണ് സയനൈഡ് എത്തിച്ച മാത്യുവിന്റെ വിവരം ലഭിച്ചത്. താമരശേരിയിലെ ഒരു ജുവലറി ജീവനക്കാരനായ മാത്യുവിനെ ഉടൻ തന്നെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ജോളിയുടെ ആവശ്യപ്രകാരം താൻ സയനൈഡ് നൽകിയിരുന്നതായി മാത്യു അറിയിച്ചു. ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. തനിക്ക് പങ്കില്ലെന്നാണ് ഇയാൾ ആവർത്തിക്കുന്നത്. ജോളി ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന കാലത്തെ പരിചയത്തിലാണ് സയനൈഡ് നൽകിയതെന്നും താമരശേരിയിലെ സ്വർണ്ണപ്പണിക്കാരനായ പ്രദീപ്കുമാറാണ് തനിക്ക് സയനൈഡ് തന്നതെന്നും മാത്യു മൊഴി നൽകി. തുടർന്ന് പ്രദീപ്കുമാറിനെയും കസ്റ്റഡിയിലെടുത്തു. പരിചയം കാരണം മാത്യുവിന് സയനൈഡ് നൽകിയതായി പ്രദീപ്കുമാർ സമ്മതിച്ചു. ഇവരുടെ അറസ്റ്റും അന്വേഷണ സംഘം രേഖപ്പെടുത്തി. വടകര റൂറൽ എസ്.പി ഓഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യം ചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.
താൻ ഒറ്റയ്ക്കാണ് കൊലകൾ നടത്തിയതെന്നും കൂടത്തായി ടൗണിനടുത്തുള്ള കോടികളുടെ സ്വത്തുക്കൾ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും ജോളി പറഞ്ഞു. അന്വേഷണസംഘം ഇത് പൂർണമായി വിശ്വസിക്കുന്നില്ല. ആരുടെയോ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. കൂടുതൽ ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാവൂ.
ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകത്തിന്റെ പേരിലാണ് ജോളിയെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് അഞ്ച് കൊലകളിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചിട്ടുണ്ടെങ്കിലും ശവക്കല്ലറകളിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ഡി.എൻ.എ പരിശോധനാഫലവും ഫോറൻസിക് ഫലവും വന്ന ശേഷമേ പ്രതി ചേർക്കുകയുള്ളു.
എല്ലാ മരണങ്ങളിലും ജോളിയും സയനൈഡും : എസ്. പി
കോഴിക്കോട്: ആറ് മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചെന്ന് വടകര റൂറൽ എസ്.പി കെ.ജി.സൈമൺ പറഞ്ഞു. എല്ലാ മരണത്തിലും സയനൈഡിന്റെ അംശം കണ്ടെത്തി. ഓരോ കൊലപാതകത്തിനും ഓരോ കാരണമുണ്ട്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണത്തിലാണ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണം ഊർജ്ജിതമാക്കുന്നത് രണ്ട് മാസം മുൻപാണ്. റോയ് തോമസിന്റെ മരണമാണ് ആദ്യം അന്വേഷിച്ചത്. സയനൈഡ് എവിടെ നിന്നാണ് കിട്ടിയതെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആറ് മരണവും സമാനമായ രീതിയിലാണെന്ന് മനസ്സിലായി. ഒരാളുടെ സാന്നിദ്ധ്യം അവിടെയെല്ലാം കണ്ടെത്തി. അത് അന്വേഷിച്ചപ്പോഴാണ് ജോളിയിലേക്ക് എത്തിയത്.
എൻ. ഐ. ടി ലക്ചറർ ആണെന്നാണ് ജോളി നാട്ടിൽ പറഞ്ഞിരുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നും ജോളി പ്രചരിപ്പിച്ചു. ഇതൊക്കെയാണ് അന്വേഷണം ജോളിയിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്.
ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ കുഞ്ഞ് മരിച്ചത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണെന്നാണ് പറഞ്ഞിരുന്നത്. ഷാജുവിന്റെ ഭാര്യ സിലിയെ കൊന്നത് വെള്ളത്തിൽ വിഷം ചേർത്താണ്. സ്വത്ത് മാത്രമായിരുന്നില്ല കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകം. മറ്റ് മരണങ്ങളിൽ തുടര്ച്ചയായ അന്വേഷണം ഉണ്ടാകും. രണ്ട് മാസത്തിനകം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെന്നും എസ്.പി അറിയിച്ചു.