മഞ്ചാടിയിൽ എം.എം. മാത്യുവിന്റെ മനസ്സിലാണ് ആദ്യം ആ സംശയം കനൽ പോലെ കിടന്നു പൊള്ളിയത്. സഹോദരി അന്നമ്മ മാത്യുവും അന്നമ്മയുടെ ഭർത്താവ് ടോം തോമസ് പൊന്നാമറ്റവും മരിച്ചതുപോലെ, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണ് അവരുടെ മകൻ റോയ് തോമസും മരിച്ചിരിക്കുന്നു. 2011 സെപ്തംബർ 30 നായിരുന്നു അത്. ഭക്ഷണം കഴിച്ച് ശുചിമുറിയിലേക്കു പോയ റോയ്, അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ശുചിമുറി അകത്തു നിന്ന് താഴിട്ടിരുന്നു. വാതിൽ പൊളിച്ച് റോയിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.
മാത്യുവിന്റെ സഹോദരി അന്നമ്മ മരിച്ചിട്ട് അപ്പോൾ ഒൻപതു വർഷങ്ങൾ കഴിഞ്ഞിരുന്നു. ടോം തോമസ് മരിച്ചിട്ട് മൂന്നു വർഷവും. വീട്ടുകാർക്ക് പരാതിയില്ലാതിരുന്നതുകൊണ്ട് പോസ്റ്റ്മോർട്ടം നടത്തിയില്ല. പക്ഷേ, റോയ് തോമസ് കൂടി മരിച്ചപ്പോൾ മാത്യു നിർബന്ധം പിടിച്ചു: മരണത്തിൽ സംശയമുണ്ട്, പോസ്റ്റ്മോർട്ടം വേണം! അപ്പോൾ റോയിയുടെ ഭാര്യ ജോളി ചോദിച്ചു: ശുചിമുറി അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നില്ലേ? പിന്നെന്താ സംശയം? റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അത്ര സാധാരണല്ലാത്ത ഒരു കാര്യം രേഖപ്പെടുത്തിയിരുന്നു: ശരീരത്തിൽ പൊട്ടാസ്യം സയനൈഡിന്റെ അംശമുണ്ടായിരുന്നു!
പോസ്റ്റ്മോർട്ടം വേണമെന്നു പറഞ്ഞപ്പോൾ ജോളി രൂക്ഷമായി പ്രതികരിച്ചത് മാത്യുവിന് മറക്കാനായില്ല. താനും ഭർത്താവും തമ്മിൽ ചെറിയ പിണക്കമുണ്ടായിരുന്നെന്ന് ജോളി പൊലീസിനോട് പറഞ്ഞതോടെ, സംശയത്തിന്റെ ആ വാതിടഞ്ഞു. കുടുംബവഴക്കു കാരണം റോയ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്‌തതായിരിക്കും! പിന്നെ, ആരുമൊന്നും ചോദിച്ചില്ല, പറഞ്ഞുമില്ല.
റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് താൻ പറഞ്ഞതിന്, ജീവൻ തന്നെ വിലനൽകേണ്ടിവരുമെന്ന് അന്ന് മാത്യു ചിന്തിച്ചതേയില്ല. ആരുമറിയാതെ അണിയറയിലൊതുങ്ങിയ കൊലപാതക പരമ്പരയിലെ അടുത്ത ഇര മാത്യു ആയിരുന്നു! അത്, റോയിയുടെ മരണത്തിനു ശേഷം രണ്ടരവർഷത്തോളം കഴിഞ്ഞ് 2014 ഫെബ്രുവരി 24 ന്. ഭാര്യ വീട്ടിൽ പോയതുകൊണ്ട് മാത്യ തനിച്ചായിരുന്നു. വൈകുന്നേരത്തോടെ അയൽപക്കത്തു തന്നെ താമസിക്കുന്ന ജോളി വീട്ടിലേക്കു വന്നു...
അസാധാരണവും ദുരൂഹവുമായ ആ കഥ തുടരുക തന്നൊയിരുന്നു. മാത്യുവിനു ശേഷം ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ രണ്ടുവയസുകാരിയായ മകൾ ആൽഫൈൻ, പിന്നെ ഷാജുവിന്റെ ഭാര്യയും ആൽഫൈനിന്റെ അമ്മയുമായ സിലി... പതിന്നാലു വർഷങ്ങൾക്കിടെ ഒരേ കുടുംബത്തിൽ ആറ് അസാധാരണ മരണങ്ങൾ. എല്ലാവരും മരിച്ചത് ഭക്ഷണശേഷം കുഴഞ്ഞുവീണ്. എല്ലാ മരണങ്ങളിലും കൊടുംവിഷമായ സയനൈഡിന്റെ സാന്നിധ്യം. ഒപ്പം, എല്ലാ മരണങ്ങൾക്കുമൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു- ജോളി!
ചോദ്യംചെയ്യലിനിടെ ജോളി പറഞ്ഞ കഥകൾ നിറയെ പൊരുത്തക്കേടുകളായിരുന്നു. ആ വൈരുദ്ധ്യങ്ങളോരോന്നും പൊലീസ് അക്കമിട്ട് നിരത്തി. അൻപതോളം വിവരങ്ങൾ പരസ്പരവിരുദ്ധം. കഥാപാത്രങ്ങൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരുന്നു. ബന്ധുവായ മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രദീപ്കുമാർ... പക്ഷേ, ചില വലിയ ചോദ്യങ്ങൾക്ക് ഇനിയും മറുപടി വേണം. ജോളിയുടെ കൊലപാതക പദ്ധതികൾ മാത്യുവിന് അറിയാമായിരുന്നില്ലേ? ഇത്തരമൊരു സഹായം ചെയ്യത്തക്ക ബന്ധം ഇവർ തമ്മിലെന്ത്? ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് കൊലപാതകങ്ങളുമായി ഒരു ബന്ധവുമില്ലേ? ജോളിയുടെ ഒടുങ്ങാത്ത പകയ്ക്കു പിന്നിൽ അവിഹിതമോ സ്വത്തു മോഹമോ....