muraleedharan-sasi-taroo

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പീതാംബരക്കുറുപ്പിന്റെ പേര് നിർദ്ദേശിച്ചത് രമേശ് ചെന്നിത്തലയായിരുന്നെന്നും , ആരുടേയും പേര് പറയാതിരുന്ന താൻ ആ നിർദ്ദേശത്തോട് യോജിച്ചിരുന്നെന്നും കെ.മുരളീധരൻ എം.പി വെളിപ്പെടുത്തി. കൗമുദി ടിവിയിലെ സ്‌ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വട്ടിയൂർക്കാവിൽ എന്റെ വിജയത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച, മണ്ഡലത്തിലുള്ള ചിലർക്ക് സ്ഥാനാർത്ഥിയാകാൻ താത്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ആർക്കും വിഷമമാകാതിരിക്കാൻ ഏതെങ്കിലും ഒരു പേര് ഞാൻ മുന്നോട്ടു വയ്ക്കാതിരുന്നത്. എന്നാൽ സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ എന്റെ അഭിപ്രായം കേൾക്കണമെന്ന് ഉമ്മൻചാണ്ടിയാണ് രമേശിനോട് ആവശ്യപ്പെട്ടത്. പീതാംബരക്കുറുപ്പാണെങ്കിൽ നല്ലതായിരിക്കില്ലേയെന്ന് രമേശ് എന്നോട് ചോദിച്ചു. ഞാൻ യോജിക്കുകയായിരുന്നു.

ഞാൻ ഉൾപ്പെടെ പാർട്ടി വിട്ടപ്പോൾ ഡി.സി,സി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് വന്നയാളാണ് കുറുപ്പ്. ഒരിക്കലും അവകാശവാദങ്ങൾ നടത്തിയിട്ടില്ല. തിരികെ വന്നപ്പോൾ അച്ഛനാണ് (കെ.കരുണാകരൻ) കുറുപ്പിനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയത്. എം.പിയെന്ന നിലയിലും തുടർന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റെന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നു. അച്ഛനുണ്ടായിരുന്നെങ്കിലും കുറുപ്പിന്റെ പേര് പറയുമായിരുന്നു. അതുകൊണ്ടാണ് ഞാൻ കുറുപ്പിനെ പിന്തുണച്ചത്.

എന്നാൽ കഴിഞ്ഞ സെപ്തംർ 24 ന് യോഗം നടക്കുന്നതിനിടയിൽ ചാനലുകാരുടെയും പത്രക്കാരുടെയും സാന്നിദ്ധ്യത്തിൽ ചില പാർട്ടിക്കാർ അവിടെ വരുന്ന നേതാക്കന്മാരോട് കുറുപ്പിനെക്കുറിച്ച് പരാതി പറയുകയും അദ്ദേഹത്തെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവർക്ക് എന്റെ മുറിയിൽ വന്നു പറയാമായിരുന്നു. അതിനു മുതിരാതെയായിരുന്നു ഈ പരസ്യ നാടകം. ഞാൻ ഒരാളെ നിർദ്ദേശിച്ചെന്ന് വെറുതെ പറയുക, എന്നിട്ട് പിന്നെ അയാളെ മാറ്റുക, ആവശ്യമില്ലാത്ത പ്രതികരണം നടത്തുക, ഇതെല്ലാം എനിക്ക് മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് പറയാതിരിക്കാനാവില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പായതിനാൽ ലീഡർഷിപ്പിന് ഒരു ഭയം തോന്നി. എങ്കിലും എന്റെ അഭിപ്രായത്തിന് മുൻതൂക്കമുണ്ടായിരുന്നു. പാർട്ടി ജയിക്കുകയെന്നതാണ് പരമപ്രധാനമെന്നതിനാൽ ഞാൻ സമ്മർദ്ദത്തിന് പോയില്ല. അങ്ങനെയാണ് കെ.മോഹൻകുമാറിന്റെ പേര് വന്നത്. 2011 ൽ മോഹൻകുമാറിന് മത്സരിക്കണമെന്നുണ്ടായിരുന്നു. ഞാൻ പാർട്ടിയിൽ തിരികെ വന്നതിനാലാണ് അദ്ദേഹത്തിന് ആ അവസരം നഷ്ടപ്പെട്ടത്. ഇപ്പോൾ ഞാൻ മാറുകയല്ലേ. അതുകൊണ്ട് മോഹൻകുമാറിന് ഒരവസരമാകട്ടേയെന്ന് ഞാൻ കരുതി. ഇതാണ് യഥാർത്ഥത്തിൽ നടന്നത്.

ഏതെങ്കിലും നേതാവിന്റെ തന്ത്രമായിരുന്നോ ഇത്?

വ്യക്തമായി അറിയാതെ അങ്ങനെ പറയുന്നതിൽ അർത്ഥമില്ല.

പ്രതിപക്ഷ നേതാവിന്റെ നിലപാടോ?

ഒരിക്കലുമില്ല.ഞങ്ങൾ ഉള്ളുതുറന്നാണ് സംസാരിച്ചത്.

പ്രചാരണത്തിൽ സഹായം കിട്ടിയില്ലെന്ന് സ്ഥാനാർത്ഥി പറയുന്നുണ്ട്?

അതിൽ ഒരു കാര്യവുമില്ല. ഞാൻ മത്സരിച്ചപ്പോൾ ഇതിലും മോശമായിരുന്നു സ്ഥിതി. രണ്ടാംവട്ടം മത്സരിച്ചപ്പോൾ ഞാൻ ഡോർ ടു ഡോർ കാമ്പയിൻ നടത്തേണ്ടിവന്നു. അപ്പോൾ താഴെത്തട്ടിൽ ചെന്നപ്പോൾ ഞാൻ മത്സരിക്കുന്ന കാര്യം പോലും അറിയില്ല. പോസ്റ്ററില്ല,ചുവരെഴുത്തില്ല. അന്ന് ജനറൽ ഇലക്ഷനായിരുന്നു. ഞാൻ പരാതി പറയാനൊന്നും പോയില്ല. രാഷ്ട്രീയഭേദമന്യെ എനിക്ക് പിന്തുണ ലഭിച്ചിരുന്നു. ബി.ജെ.പി ജയിക്കരുതെന്ന് ആഗ്രഹിച്ച എൽ.ഡി.എഫ് പ്രവർത്തകരും എനിക്ക് വോട്ട് ചെയ്തിരുന്നു.

ഇവിടെ കൺവൻഷനിൽ ഞാൻ പങ്കെടുത്തിരുന്നു. അഞ്ചിനെ എത്തുകയുള്ളുവെന്നും അറിയിച്ചിരുന്നു. വടകര എം.പിയെന്ന നിലയിൽ മണ്ഡലത്തിൽ ചിലകാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അവിടെയും രാഷ്ട്രീയ കക്ഷി ഭേദമന്യെ നല്ല പിന്തുണ ലഭിക്കുന്നുണ്ട്.

ശശിതരൂർ എം.പിയേയും വട്ടിയൂർക്കാവിൽ കാണാനില്ലെന്ന് പരാതിയുണ്ടല്ലോ ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും അവിടെ ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടൊന്നും ഒരു പ്രശ്നവുമുണ്ടായതുമില്ല.

മോദിയെക്കുറിച്ചുള്ള പരാമർശത്തിൽ താങ്കൾ തരൂരിനെക്കുറിച്ച് നടത്തിയ പ്രതികരണം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. മോദിയെ പ്രശംസിക്കുകയും നെഹ്രുവിനെ അപമാനിക്കുകയും ചെയ്യുന്ന എല്ലാവരോടും എന്റെ സമീപനം അതുതന്നെ.കോൺഗ്രസിനെ തളർത്താനുള്ള ആ നീക്കത്തിനെതിരെ ഞാൻ പ്രതികരിക്കും. അത് തരൂരായാലും ആരായാലും.

തരൂർ ബി.ജെ.പിയിലേക്കു പോകുമോ?

എനിക്കറിയില്ല.അദ്ദേഹത്തോടു തന്നെ ചോദിക്കണം.

വട്ടിയൂർക്കാവിൽ നിന്ന് വടകരയിലേക്ക് മാറ്റിയതിലൂടെ കേരള രാഷ്ട്രീയത്തിൽ നിന്ന് താങ്കളെ ഒതുക്കിയെന്ന് കരുതാമോ?

എന്ന് ഞാൻ കരുതുന്നില്ല. വട്ടിയൂർക്കാവിൽ നിന്ന് പോകേണ്ടി വന്നതിൽ വിഷമമുണ്ട് . എന്നാൽ വടകര പോലൊരു മണ്ഡലത്തിൽ പി.ജയരാജനെതിരെ മത്സരിക്കാൻ കോൺഗ്രസിന്റെ മികച്ച ഒരു സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നിരുന്നു. മുസ്ലിംലീഗ് നേതാക്കളും കെ.കെ.രമയുമൊക്കെ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമാണ് ഞാൻ നടത്തിയത്. മന്ത്രിയായിരിക്കെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റയാൾ എന്നൊരു പേരുദോഷവുമുണ്ടായിരുന്നല്ലോ. അത് മാറിയില്ലേ. ഏത് പ്രതികൂല മണ്ഡലത്തിലും മത്സരിച്ചു ജയിക്കാൻ പ്രാപ്തനായ സ്ഥാനാർത്ഥിയായി മാറിയില്ലേ. ഇതെല്ലാം ഒരു നിയോഗമായിട്ടേ ഞാൻ കാണുന്നുള്ളൂ .

ജയസാദ്ധ്യത കണക്കിലെടുത്ത് അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

ഒരിക്കലുമില്ല. അഞ്ചുവർഷവും വടകരയിലെ ജനങ്ങളെ സേവിക്കുക തന്നെ ലക്ഷ്യം.

ഉപതിരഞ്ഞെടുപ്പ് ഫലമെന്താകും?

നാലു സിറ്റിംഗ് സീറ്റുകളും നിലനിറുത്തും. അരൂർ പിടിച്ചെടുക്കും.

അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഒമ്പത് മണിക്ക് കൗമുദി ടിവി സംപ്രേക്ഷണം ചെയ്യും.