മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ ചുരുൾ അഴിയുന്നതേയുള്ളൂ. ജോളി ജോസഫ് എന്ന 47കാരിയാണ് സ്വന്തം കുടുംബത്തിലെ ആറുപേരെ നിഷ്‌കരുണം കൊലപ്പെടുത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന കൊലപാതകങ്ങൾ നടത്താൻ ജോളി തിരഞ്ഞെടുത്തത് പുകൾകേട്ട സയനൈഡ് എന്ന മാരക രാസസംയുക്തത്തെ ആയിരുന്നു. കൊല്ലപ്പെട്ട ആറുപേർക്ക് പിന്നിലും ജോളിയുടെയും സയനൈഡിന്റെ നിശബ്‌ദ സാന്നിധ്യം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി കഴിഞ്ഞു.
എന്താണ് സയനൈഡ്?
നമ്മൾ ഭൂമിയിൽ കാണാറുള്ള പല പദാർത്ഥങ്ങളിലും സയനൈഡ് അടങ്ങിയിട്ടുണ്ട്, അവയിൽ പലതും ഹാനികരമല്ലെന്ന് മാത്രം. കാർബൺ- നൈട്രജൻ രാസഘടകങ്ങളാൽ നിർമ്മിതമാണ് സയനൈഡ്. എന്നാൽ സോഡിയം സയനൈഡ്, പൊട്ടാസിയം സയനൈഡ്, ഹൈഡ്രജൻ സയനൈഡ് എന്നിവ മാരകങ്ങളായ വിഷക്കൂട്ടുകളാണ്. പല ഫാർമസ്യൂട്ടിക്കൽ ഉത്‌പന്നങ്ങളിലും സയനൈഡിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ ഇവയൊന്നും തന്നെ കാർബൺ- നൈട്രജൻ ഘടകങ്ങളെ സ്വതന്ത്രമാക്കുന്നില്ല എന്നതുകൊണ്ടു മാത്രമാണ് അപകടകാരികളാകാത്തത്. എന്തിനേറെ പറയുന്നു ആപ്പിളിന്റെയും ചെറിയുടെയും കുരുവിൽ പോലും സയനൈഡ് അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ അരിയിൽ സയനൈഡും ഷുഗറും ചേർന്ന മോളിക്കുലർ ആണ് ഉള്ളത്. ശരീരത്തിലെ എൻസൈമുകളുമായി ചേരുമ്പോൾ ഷുഗർ വേർപെടും. അവശേഷിക്കുന്ന സയനൈഡ് വിഘടിച്ച് ഹൈഡ്രജൻ സയനൈഡ് ആയി മാറും. ആപ്പിളിന്റെ അരി വലിയ അളവിൽ കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാൽ ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും സയനൈഡ് ചെറിയ രീതിയിൽ അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന അളവ് ചെറുതായതിനാൽ പ്രശ്നങ്ങളുണ്ടാകുന്നില്ല.
കൊടിയവിഷമായി സയനൈഡ് മാറുന്നതെങ്ങനെ?
അതിതീവ്രമായ എരിവും പുളിയും കലർന്ന അനുഭവമാണ് സയനൈഡ് തരിക എന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. സയനൈഡ് ഒരിക്കലും സ്ളോ പോയിസണിംഗ് ആകില്ല. ഭക്ഷണത്തിൽ കലർത്തിയാൽ ഉടൻ തന്നെ മനസിലാക്കുമെന്നതു തന്നെ കാരണം. വായിൽ എത്തിയാൽ തന്നെ തുപ്പാനുള്ള പ്രവണതയാണ് ഉണ്ടാവുക. എന്നാൽ മസാലക്കൂട്ടുകൾ കൂടുതലടങ്ങിയ സൂപ്പ് പോലുള്ളവയിൽ ഇതിന്റെ സാന്നിധ്യം അധികം അറിയാൻ കഴിയില്ല. ഇതു തന്നെയാണ് ജോളിയും ഈ മാർഗം തിരഞ്ഞെടുക്കാൻ കാരണം.
കല്ലുപ്പിന്റെ ആകൃതിയിലാണ് സയനൈഡ് കാണപ്പെടുന്നത്. ശരീരത്തിനുള്ളിൽ എത്തിയാലുടൻ മൈറ്റോകോൺട്രിയുടെ പ്രവർത്തനത്തെ ഇത് നേരിട്ട് ബാധിക്കുന്നു. കോശങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെടുന്നതോടെ ത്വരിതഗതിയിൽ മരണം സംഭവിക്കുന്നു.
സയനൈഡ് ഉള്ളിൽ ചെന്നാൽ എങ്ങനെ മനസിലാക്കാം?
ശക്തമായ തലവേദന, രക്തത്തിന്റെ മർദം അമിതമായി ഉയരുക, ഹൃദയമിടിപ്പ് കുറയുക എന്നിവയാണ് ആദ്യം ശരീരത്തിൽ സംഭവിക്കുക. പിന്നീട് ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നു. തുടർന്ന് ബോധരഹിതനാകുന്നയാൾ കോമയിലേക്കും അവിടെ നിന്ന് മരണത്തിലേക്കും നയിക്കപ്പെടുന്നു. സയനൈഡ് ശരീരത്തിലെത്തുന്നയാളുടെ ശരീരം ചെറിക്ക് സമാനമായി ചുവക്കുന്നതും പ്രത്യേകതയാണ്. സയനൈഡ് അയണിന്റെ പ്രവർത്തനഫലമായാണിത്. തുടർന്ന് ശരീരത്തിൽ നിന്നുള്ള സ്രവങ്ങൾക്ക് ബദാമിന്റെതിന് സമാനമായ ഗന്ധമായിരിക്കും ഉണ്ടാവുക.
സയനൈഡിന് ചികിത്സയുണ്ടോ?
ചെറിയ അളവിലുള്ള സയനൈഡൊക്കെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെയാണ് ആപ്പിളിന്റെ കുരു ശരീരത്തിനുള്ളിൽ ചെന്നാലോ, പുകലിക്കുമ്പോഴോ ഒന്നും സയനൈഡ് ഹാനികരമാകാത്തത്. സയനൈഡിന് ചികിത്സയുണ്ടോ എന്ന ചോദ്യത്തിന്, അത് എത്രത്തോളം ശരീരത്തിനുള്ളിൽ കടന്നിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും എന്നതാണ് ഉത്തരം. അതീവമാരകങ്ങളായ പൊട്ടാസ്യം സയനൈഡോ, ഹൈഡ്രജൻ സയനൈഡോ ഉള്ളിൽ ചെന്നാൽ നിമിഷ നേരത്തിനുള്ളിൽ മരണം സംഭവിക്കാം. തമിഴ് പുലികളാണ് ഇത് ഉപയോഗിച്ചിരുന്നത്. ഹൈഡ്രോ ക്ലോറിക്ക് ആസിഡും പൊട്ടാസ്യം സയനൈഡും രണ്ട് പ്രത്യേകം അറകളിലാക്കി കഴുത്തിൽ മാലയാക്കി ഇടുകയാണ് പതിവ്. പിടിയിലാകുമ്പോൾ ഇത് കടിച്ചു പൊട്ടിക്കുകയും ഈ രണ്ട് മിശ്രിതങ്ങളും ചേർന്ന് നിമിഷ നേരത്തിനുള്ളിൽ മരണം സംഭവിക്കുകയുമാണ്. വായിൽ നിന്ന് നേരിട്ട് രക്തത്തിൽ കയറിയാണ് മരണം സംഭവിക്കുന്നത്.
എന്തുതന്നെയായാലും സയനൈഡ് ഉള്ളിൽ ചെന്നയാളെ ശുദ്ധവായു ലഭിക്കുന്നിടത്തേക്ക് മാറ്റുകയാണ് ആദ്യം വേണ്ടത്. നാച്വറൽ വൈറ്റമിൻ ബി12, ഹൈഡ്രോക്‌സോകൊബാലുമിൻ എന്നീ ആന്റീഡോട്ട്സ് നൽകി കഴിഞ്ഞാൽ അതീവ മാരകങ്ങളല്ലാത്ത സയനൈഡ് സംയുക്തത്തിൽ നിന്ന് രക്ഷപ്പെടുത്താനാകും. മേൽപ്പറഞ്ഞവ സയനൈഡുമായി ചേർന്ന് രൂപപ്പെടുന്ന സിയാനൊകൊബാലുമിൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതുകൊണ്ടാണിത്.