mallika

ബംഗളൂരു: 2002​- 2016 കാലയളവിൽ സയനൈഡ് നൽകി കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കൂടത്തായിയിലെ ജോളിയുടെ ക്രൂരതയുടെ കഥകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് സയനൈഡ് മല്ലിക എന്ന പേര് കുറച്ച് പേരുടെ മനസിലെങ്കിലും തെളിഞ്ഞുവരുന്നുണ്ടാകും. രാജ്യത്തെ ആദ്യത്തെ വനിതാ സീരിയൽ കില്ലറാണ് മല്ലിക.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന മല്ലിക 1999​ -2007 കാലഘട്ടത്തിൽ മാത്രമായി സയനൈഡ് നൽകി കൊലചെയ്തത് ഏഴ് പേരെയാണ്. ഇതുവരെ കണ്ടെത്തിയ വിവരമനുസരിച്ച് മാത്രമാണിത്. 200 രൂപയ്ക്ക് ഒരു സ്വർണ പോളിഷിംഗ് ഷോപ്പിൽ നിന്ന് സയനൈഡ് വാങ്ങി. ഏകദേശം രണ്ടായിരം പേരുടെ ജീവനെടുക്കാൻ ഇത് ധാരാളം.

തീവ്ര ഭക്തയായും, മന്ത്രവാദിയായും അഭിനയിച്ച് വിവിധ പ്രശ്നങ്ങളനുഭവിക്കുന്നവരുമായി ആദ്യം സൗഹൃദത്തിലാകും. ഏതെങ്കിലും ദൂരെയുള്ള തീർത്ഥ സ്ഥലങ്ങളുടെ പേര് പറയുകയും, അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ ഫലമുണ്ടാകുമെന്ന് നിർദേശം നൽകുകയും ചെയ്യും. എന്നാൽ പോകുന്ന കാര്യം ആരും അറിയരുതെന്നും പ്രത്യേകം പറയും. തുടർന്ന് ഇരയെക്കൂട്ടിക്കൊണ്ടുപോകുകയും, തീർത്ഥജലമാണെന്നും മറ്റും പറഞ്ഞ് സയനൈഡ് നൽകി കൊലപ്പെടുത്തും. ശേഷം ആഭരണങ്ങൾ കവരും. തുടർന്ന് വിൽപ്പന നടത്തുന്നതായിരുന്നു മല്ലികയുടെ പതിവ്.

അത്തരത്തിൽ വിൽപ്പന നടത്തുന്നതിനിടെ 2007 ഡിസംബർ 31ന് മല്ലിക പിടിക്കപ്പെട്ടു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജുവലറി കടക്കാരനാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് മല്ലിക നൽകിയത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ വിവരങ്ങൾ പുറത്ത് വന്നത്.

ഹൊസക്കോട്ടെ നിവാസി മമത(30), ഹെബ്ബാൾ നിവാസി പിള്ളമ്മ(60), ബാനസവാടിയിലെ എലിസബത്ത് (52), ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60),​ഹെബ്ബാൾ നിവാസി നാഗവേണി(30)​എന്നിങ്ങനെ നീളുന്നു ഇരകളുടെ പേരുകൾ. ഇതിൽ ഹെബ്ബാൾ നിവാസി പിള്ളമ്മയെ ക്ഷേത്രങ്ങൾ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.

മല്ലികയെ നുണപരിശോധനയ്ക്ക് വിധേയാക്കിയിരുന്നു. ഇതിൽ നാഗവേണിയെ കൊലചെയ്തതിന്റെ പേരിൽ ഒന്നാം അഡീഷനൽ റൂറൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി. ആൺമക്കളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് നാഗവേണിയെ കൂട്ടിക്കൊണ്ടുപോയി കൊലചെയ്തത്. ഇലക്ട്രിക് വയർ കൊണ്ട് കഴുത്ത് ഞെരിച്ച ശേഷം സയനൈഡ് നൽകി കൊല്ലുകയായിരുന്നു.

1965 ൽ ജനിച്ച മല്ലിക ഭർത്താവും മക്കളുമായി അത്ര രസത്തിലായിരുന്നില്ല. അവരുമായി അകന്ന് കഴിഞ്ഞിരുന്ന ഇവർ ചിട്ടി ബിസിനസ് തകർന്നതോടെയാണ് മോഷണത്തിലേക്ക് ഇറങ്ങിയത്. കെ.ഡി കെംപമ്മ എന്നാണ് മല്ലികയുടെ യഥാർത്ഥ പേര്.