ശക്തികൊണ്ട് കാര്യം നേടാൻ ശ്രമിക്കുന്നവരുടെ നിര വളരെ നീണ്ടതാണ്. നേടാനും നേരിടാനും ശക്തി പ്രയോഗിക്കുന്നവർക്കിടയിൽ അശക്തനു ഒരു സ്ഥാനവുമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അശക്തൻ എപ്പോഴും ഒറ്റപ്പെട്ടവനാണ്. ഏകാകിയാണ്. അവനെക്കൂട്ടാൻ ആരുമില്ല. ഉള്ളവർക്കെല്ലാം പിന്നിലായിപ്പോകുന്ന ആരുമില്ലാത്തവന്റെ അവസ്ഥ ആരുമൊട്ടന്വേഷിക്കാറുമില്ല. കാരണം ആരുമില്ലാത്തവനു എന്തുവന്നാലും മറ്റുള്ളവർക്ക് യാതൊന്നുമില്ലെന്നതാണ് സ്ഥിതി.
ഇങ്ങനെ എപ്പോഴും എവിടെയും പിന്നിലാകപ്പെട്ടു പോകുന്ന ആരുമില്ലാത്തവന്റെ ഹൃദയത്തിലാണു ദൈവത്തിന്റെ ഇരിപ്പിടമെന്നു അറിയുന്നവരാണു ഋഷീശ്വരന്മാർ. കാരണം ആരുമല്ലാത്തവരാണ് ആരുമില്ലാത്തവരായിത്തീരുന്നതും. അങ്ങനെയുള്ളവരുടെ ഹൃദയത്തിലാണ് ആത്മീയതയുടെ, നിഷ്കളങ്കതയുടെ സ്പന്ദനങ്ങൾ മാറ്റമില്ലാതെ തുടിക്കുന്നത്.
താൻ ആരെങ്കിലും ആയിരിക്കുന്നുവെന്ന് വിചാരിക്കുന്ന ഒരുവനു ഒരിക്കലും നിഷ്കളങ്കമായ ആത്മീയതയുടെ സ്പന്ദനങ്ങൾ ഉതിർക്കാനാവില്ല. അതുകൊണ്ടാണു യേശുദേവൻ ഒരു ശിശുവിനെപ്പോലെ നിഷ്കളങ്കനായിത്തീരണമെന്ന് ഉപദേശിച്ചത്. എപ്പോഴാണോ ഒരുവനിൽ ഞാൻ ആരെങ്കിലുമാണെന്ന ചിന്തയുണ്ടാകുന്നത് അപ്പോൾ മുതൽ അയാളിലെ നിഷ്കളങ്കത, ആത്മീയത നഷ്ടപ്പെടുകയാണ്. അതുകൊണ്ടാണ് നമ്മുടെ ഗുരുക്കന്മാരായ ഋഷിമാർ ആരും ' ആയിത്തീരാൻ ശ്രമിക്കാതിരുന്നത്. ഒരിക്കൽ ചട്ടമ്പിസ്വാമികൾ ഗുരുദേവതൃപ്പാദങ്ങളോട് 'ഇപ്പോൾ പ്രവൃത്തിയാരുടെ ഉദ്യോഗമാണെന്ന് കേട്ടല്ലോ " എന്നന്വേഷിച്ചപ്പോൾ 'പ്രവൃത്തിയുണ്ട്. ആരില്ല (ആരു ഇല്ല )" എന്ന് പറഞ്ഞ ഗുരുദേവന്റെ മറുപടി ഇതിനൊരു വലിയ ദൃഷ്ടാന്തമാണ്. അതിരറ്ര ആത്മീയതയുടെ പൂർണതയാണ് നമുക്ക് ഇവിടെ ദർശിക്കാനാവുന്നത്.
നമ്മൾ ആരെങ്കിലുമാണെന്ന തോന്നൽ അപൂർണതയെയാണ് കാണിക്കുന്നത്. ആത്മീയ ഗുരുക്കന്മാർ സ്ഥാനമാനങ്ങൾക്കതീതരായി ഇരിക്കുന്നത് അവർ പൂർണ പ്രജ്ഞരായിരിക്കുന്നതു കൊണ്ടാണ്. ആ പൂർണതയുടെ പൊരുളാണ് ഉപനിഷദ് ശാന്തിമന്ത്രത്തിലൂടെ ഇപ്രകാരം വെളിവാകുന്നത്.
പൂർണമദഃ പൂർണമിദം
പൂർണാദ് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ.
'അത് പൂർണമാകുന്നു. ഇതും പൂർണമാകുന്നു. പൂർണത്തിൽ നിന്നും പൂർണം ഉത്ഭവിക്കുന്നു. പൂർണത്തിൽ നിന്നും പൂർണത്തെ നീക്കിയാലും പൂർണം തന്നെ അവശേഷിക്കുന്നു " എന്ന ഈ സത്യവചനത്തോളം മറ്റൊരു പൂർണജ്ഞാനമില്ല. ഈ പരിപൂർണതയാണ് ഗുരുക്കന്മാരുടെ ജീവിതം നിരന്തരം പ്രകാശിപ്പിക്കുന്നത് .
അതിന്റെ വെളിച്ചം അല്പമാത്രമായിട്ടെങ്കിലും നമ്മൾ സ്വാംശീകരിച്ചാൽ സ്ഥാനമാനങ്ങളെക്കുറിച്ചുള്ള കലഹങ്ങൾക്കെല്ലാം അറുതിയുണ്ടാകും. അതുകൊണ്ട് നിയോഗവശാൽ വന്നുചേരുന്ന സ്ഥാനമാനങ്ങൾ വഹിക്കേണ്ട സന്ദർഭങ്ങളുണ്ടാകുമ്പോൾ 'ആര് " ഇല്ലാതെ ആ സ്ഥാനം വഹിക്കാൻ നമുക്ക് സാധിക്കണം. എന്തെന്നാൽ 'ആര് " എന്നത് എവിടെയില്ലാതാകുന്നുവോ അവിടെയാണ് ആത്മീയതയുടെ പൂർണതയുള്ളത്, സർവജ്ഞതയുള്ളത്.
ഇന്നു ലോകം മുഴുവൻ ആരെങ്കിലുമായിത്തീരാൻ പ്രയത്നിക്കുന്നവരുടെയും പ്രാർത്ഥിക്കുന്നവരുടെയും ആഗ്രഹിക്കുന്നവരുടെയും തിക്കും തിരക്കും കൊണ്ട് നിറയപ്പെടുകയാണ്. ആരെങ്കിലും ആയിത്തീരുമ്പോഴാണ് എന്നിലെ 'ഞാൻ"കരുത്താർജിക്കുന്നതെന്നാണ് മനുഷ്യരുടെ പൊതുവിലുള്ള വിചാരം. എന്നാൽ അതാകട്ടെ തുച്ഛതയുടെ ലക്ഷണമാണെന്നു പലരും അറിയുന്നില്ല.
ജലം എത്ര ലളിതവും പവിത്രവുമാണ്. ജലത്താൽ നിലകൊള്ളുന്നവരാണ് നമ്മളേവരും. എല്ലാ പുണ്യകർമ്മങ്ങളിലും ജലത്തിനു മുഖ്യസ്ഥാനമുണ്ട്. എന്നാൽ സ്വന്തമായി അതിനൊരു രൂപമോ സ്ഥാനമോ അതിരോ ഇല്ല. കരുത്തും തീരെയില്ല. പക്ഷേ അതില്ലാത്തിടമില്ല. അതില്ലാതെ യാതൊന്നുമില്ല. 'ആര് "ഇല്ലായ്മയ്ക്ക് പ്രകൃതി നല്കുന്ന ഏറ്റവും ബലപ്പെട്ട ദൃഷ്ടാന്തമാണിത്. ഇവിടെയാണ് പൂർണതയെ അതിലളിതമായി നമുക്ക് ദർശിക്കാനാവുന്നത്. ഈ കരുത്തില്ലാത്ത ജലത്തിൽ നിന്നാണ് എല്ലാ കരുത്തിനും ആധാരമായിരിക്കുന്ന ഊർജത്തെ നാം ഉത്പാദിപ്പിക്കുന്നത്. കരുത്തില്ലായ്മയിലെ കരുത്തിന്റെ പൂർണതയാണത്. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കരുത്തന്മാരെല്ലാം ഒന്നിച്ചാൽപ്പോലും ജലത്തിന്റെ കരുത്തില്ലായ്മയെ ഭേദിക്കാനാവില്ല എന്നതാണു വാസ്തവം.
മനുഷ്യൻ പ്രകൃതിയിൽ എത്ര നിസാരന്മാരാണെന്നതിനു ഇതിലും വലിയ തെളിവ് വേണ്ടതില്ല. എന്നിട്ടും മനുഷ്യൻ ആരൊക്കെയോ ആയിത്തീരാൻ , ആരുമല്ലാത്തവനാകാതിരിക്കാൻ ജീവിതത്തെ വിനിയോഗിക്കുകയാണ്. അതിനായി മറ്റുള്ളവരെ കരുവാക്കുകയാണ്. ഈ മാനവികതയില്ലായ്മയിൽ നിന്നും മനുഷ്യനെ സ്വതന്ത്രനാക്കി അവനെയൊരു വിശ്വമാനവനാക്കാനാണു ഗുരുദേവൻ നവോത്ഥാനപഥങ്ങൾ തീർത്തത്. ഇതര നവോത്ഥാന നായകന്മാരിൽ നിന്നും ഗുരുദേവൻ അതുല്യനാകുന്നതും വേറിട്ടതാകുന്നതും ഈ ദാർശനിക വേറിടൽ ഉണ്ടായിരുന്നതു കൊണ്ടാണെന്നു ചരിത്രകാരന്മാർ പോലും തിരിച്ചറിയുന്നില്ല.
ഒരിക്കൽ ചിത്രകാരനായ ഒരു ശിഷ്യൻ തന്റെ ഗുരുവിനോട് ചോദിച്ചു. 'ഗുരോ, ഒരു ചിത്രം വരയ്ക്കുമ്പോൾ ഏതു ഭാഗം വരയ്ക്കാനാണു ഏറെ പ്രയാസം".
ഗുരു ഒരു പുഞ്ചിരിയോടെ പറഞ്ഞു. 'വരയ്ക്കാത്ത ഭാഗം വരയ്ക്കാൻ ".
നമ്മളെല്ലാം വരച്ച ഭാഗങ്ങൾ മാത്രം കാണുമ്പോൾ വരയ്ക്കാത്ത ഭാഗത്തെക്കൂടി കാണുന്നവരാണ് ഗുരുക്കന്മാർ. അവരുടെ പൂർണമായ ആ ദർശനത്തെ ഭിന്നിക്കാനോ ഭാഗിക്കാനോ മറികടക്കാനോ നമ്മുടെ കേവലബുദ്ധികൊണ്ടു കഴിയുകയില്ല. എന്തുകൊണ്ടെന്നാൽ നമ്മുടെ ബുദ്ധി ഞാൻ എന്ന വ്യക്തി ചിന്തയിൽ നിന്ന് ഉദയം കൊണ്ടതാണ്. ഗുരുക്കന്മാരാകട്ടെ വ്യക്തിചിന്തയില്ലാത്തവരാണ്. അവർക്ക് ആരും അല്ലാത്തവരായിരിക്കാനേ കഴിയൂ. അതുകൊണ്ടാണ് ഗുരുക്കന്മാർ എല്ലാവരുടേതുമായിരിക്കുന്നതും.
മതി മുതലായവ മാറിയാലുമാത്മ -
സ്വതയഴിയാതറിവെന്നു ചൊല്ലിടേണം.
ആത്മോപദേശ ശതകത്തിലെ ഈ ഗുരുമൊഴികൾ ആരുമല്ലായ്മയുടെ പൂർണതയിലേക്കു മനുഷ്യനെ ഉയർത്തുന്ന സത്യത്തിന്റെ വിജ്ഞാപനമാണ്.