തിരുവനന്തപുരം: മറ്റുള്ളവരെ ആക്ഷേപിക്കാൻ നടക്കുന്നതിനെക്കാൾ ബി.ജെ.പിക്ക് വോട്ടുപിടിക്കുന്നതാണ് ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരന് നല്ലതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുമ്മനത്തിനെതിരായി നടത്തിയ പ്രസ്താവനയിൽ മാപ്പ് ചോദിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. " കുമ്മനടി" പ്രയോഗം കുമ്മനത്തിന് വിഷമമായെങ്കിൽ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, കുമ്മനം തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രളയകാലത്ത് കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു. ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് ജനങ്ങളുടെ സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ ആക്ഷേപിക്കാൻ നടക്കുന്നതിനെക്കാൾ ബി.ജെ.പിക്ക് വോട്ടുപിടിക്കുന്നതാണ് കുമ്മനത്തിന് നല്ലതെന്ന് കടകംപള്ളി പറഞ്ഞു.
കുമ്മനത്തിനെതിരായുള്ള കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കഴിഞ്ഞ ദിവസം കുമ്മനം മറുപടി നൽകിയിരുന്നു. " 28ാം വയസിൽ കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ചാണ് ഞാൻ പൊതു പ്രവർത്തനം തുടങ്ങിയത്. അല്ലാതെ അങ്ങയെപ്പോലെ പൊതുപ്രവർത്തനത്തിൽ വന്നതിന് ശേഷം 'ജോലി' കിട്ടിയതല്ല. മാത്രവുമല്ല ഞാൻ കടിപിടി കൂടാൻ പോകാത്തതു കൊണ്ടാണ് അങ്ങ് പറഞ്ഞ ഗവർണ്ണർ സ്ഥാനം ഉപേക്ഷിക്കാൻ പാർട്ടി നിർദ്ദേശിച്ചപ്പോൾ അര നിമിഷം പോലും ആലോചിക്കാതെ അതിന് മുതിർന്നതും.
ഞാൻ രാജ്ഭവന്റെ പടികടന്ന് ചെന്നതും പടിയിറങ്ങിയതും വലിയ സ്വപ്നങ്ങളോടു കൂടി തന്നെയാണ്. ഈ നാട്ടിലെ ദരിദ്രനാരായണൻമാരായ കോടിക്കണക്കിന് ജനങ്ങളുടെ കദനം അകറ്റാൻ കിട്ടാവുന്ന ഏത് അവസരവും ഉപയോഗിക്കണമെന്ന സ്വപ്നം. ഏത് തീരുമാനമെടുക്കുമ്പോഴും ആ വികാരമാണ് എന്നെ നയിച്ചിട്ടുള്ളത്. അല്ലാതെ കൂടെയുള്ളവന്റെ കുതികാൽ വെട്ടിയും അധികാരത്തിൽ കടിച്ചു തൂങ്ങണമെന്ന അങ്ങയുടെ വികാരമല്ല. അതു കൊണ്ടാണ് വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് ആദ്യമേ നിലപാടെടുത്തത്" -എന്നായിരുന്നു കുമ്മനം ഫേസ്ബുക്കിൽ മറുപടി നൽകിയത്.