തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ സ്നേഹത്തോടെ നയൻതാരയെ വിളിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവച്ച നയൻതാര ഇന്ന് തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നിൽക്കുകയാണ്. കൂടാതെ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ് താരം.
34കാരിയായ നയൻതാരയ്ക്ക് ഭാഷഭേദമില്ലാതെ നിരവധി ആരാധകരുണ്ട്. ഇവർക്കൊക്കെ താരത്തിന്റെ വിശേഷങ്ങളറിയാനും ഏറെ താൽപര്യമുണ്ട്. എന്നാൽ വലിയ രീതിയിൽ നയൻതാര അഭിമുഖങ്ങൾ നൽകാത്തത് ഇവരിൽ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി വോഗ് ഇന്ത്യയോട് മനസ് തുറന്നിരിക്കുകയാണ്.
സിനിമ മേഖലയിലെ പുരുഷ മേധാവിത്വത്തെക്കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. താൻ കേന്ദ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് താനാണെന്ന് നയൻതാര പറയുന്നു. ചിലസമയങ്ങളിൽ സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള കഥകളുമായി സമീപിക്കും. അങ്ങനെ വരുമ്പോൾ അത് ആവശ്യമാണോയെന്നാണ് അവരോട് ചോദിക്കാറുള്ളത് നടി പറയുന്നു.
'എന്തുകൊണ്ടാണ് എപ്പോഴും പുരുഷന്മാർക്ക് മാത്രം അധികാരമുണ്ടാകുന്നത്? പ്രശ്നം എന്താണെന്ന് വെച്ചാൽ ഇപ്പോഴും സ്ത്രീകൾ കമാന്റിംഗ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് തനിക്ക് വേണ്ടതെന്നോ, ഇതാണ് താൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നോ തുറന്ന് പറയാണ് സ്ത്രീകൾക്ക് ഇപ്പോഴും സാധിക്കുന്നില്ല. ഇതൊരു ജൻഡർ വിഷയമല്ല. ഞാൻ നിങ്ങൾ പറയുന്നത് കേൾക്കുന്നുണ്ടെങ്കിൽ തിരിച്ചും കേൾക്കണം'-താരം പറഞ്ഞു.
അതോടൊപ്പം ജയം ഉണ്ടാകുമ്പോൾ അതിൽ മതിമറന്ന് തലക്കനം കൂടുന്ന ഒരാളല്ല താനെന്നും, നല്ലൊരു സിനിമ പ്രേക്ഷകർക്ക് കൊടുക്കാൻ കഴിയുമോ എന്ന ഭയം എപ്പോഴും തന്റെ ഉള്ളിലുണ്ടാകാറുണ്ടെന്നും നയൻതാര വ്യക്തമാക്കി.
എന്തുകൊണ്ടാണ് ഇത്രയും കാലം അഭിമുഖങ്ങളിൽ വരാതിരുന്നതെന്നതിനെപ്പറ്റിയും നയൻതാര മനസ് തുറന്നു. 'ഞാൻ എന്താണ് ചിന്തിക്കുന്നത് എന്ന് ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നില്ല. സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാൻ കഴിയില്ല. എന്റെ ജോലി അഭിനയമാണ്, ബാക്കി ചിത്രങ്ങൾ പറയട്ടെ'-താരം പറഞ്ഞു. തന്റെ സിനിമകളും പാട്ടുകളും ചാനലുകളിൽ വരുന്നത് കാണാറില്ലെന്നും നയൻതാര പറയുന്നു. ദര്‍ബാര്‍, ബിഗില്‍ എന്നിവയാണ് നയൻതാരയുടെ പുതിയ ചിത്രങ്ങൾ.
തെന്നിന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒക്ടോബർ ലക്കത്തിലെ വോഗ് മാഗസീന്റെ കവർ ഷോട്ടോയിലാണ് നയൻതാര ഇടംപിടിച്ചത്. താരത്തിനൊപ്പം ദുൽഖർ സൽമാനും തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവും ഉണ്ട്.