യാത്രകൾ ഏറെ വ്യത്യസ്തമാവുന്നത് കാഴ്ചകളും അനുഭവങ്ങളും കൊണ്ടാണ്. സോളോ ട്രിപ്പായും ഗ്രൂപ്പായും യാത്ര പുറപ്പെടുന്നവരുണ്ട്. യാത്ര ചെയ്യാൻ സ്ത്രീയും പുരുഷനും ഇന്ന് ഒരു പോലെ താൽപരരാണ്. ഇന്നത്തെ കാലത്ത് അതത്ര വലിയ കാര്യവുമല്ല. മാറിയ കാലത്തിനനുസരിച്ച് സുരക്ഷാപ്രശ്നങ്ങളും ഒരു പരിധി വരെ അതിജീവിക്കാൻ ഇന്നത്തെ കാലത്ത് സ്ത്രീകളായ യാത്രക്കാർക്ക് സാധിക്കുന്നുണ്ട്.
വീട്ടിലെ ജോലികൾക്കും ഓഫീസിലെ തിരക്കുളിൽ നിന്നെല്ലാം ഒരു ബ്രേക്കെടുത്ത് യാത്ര പോകുന്നവരുമുണ്ട്. എന്നാൽ, സ്ത്രീ യാത്രക്കാർക്ക് വേണ്ടി മാത്രമായി ഒരു ഹോട്ടലുണ്ട്. പതിനാലു വയസിനു മുകളിലുള്ള സ്ത്രീകൾക്ക് വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് സ്പെയിനിലെ പോർട്ടോ ക്രിസ്റ്റോയിലാണ്. സോം ഡോണ എന്നാണ് ഹോട്ടലിന്റെ പേര്. മനോഹരമായി ഒരുക്കിയിരിക്കുന്ന 39 മുറികൾ, സ്വിമ്മിംഗ് പൂൾ, സൗജന്യ വൈഫൈ, മികച്ച ഭക്ഷണവൈവിദ്ധ്യങ്ങൾ, സ്പാ, ലൈവ് മ്യൂസിക്, ബാർ തുടങ്ങി നിരവധ സൗകര്യങ്ങൾ ഇവിടെയുണ്ട്. തൊട്ടടുത്ത് തന്നെയാണ് പ്ലേയ ഡി പോർട്ടോ ക്രിസ്റ്റോ ബീച്ച് ഉള്ളത് എന്നതിനാൽ ഇഷ്ടമുള്ളപ്പോഴൊക്കെ കടൽത്തീരത്ത് പോയിരിക്കുകയും ചെയ്യാം.
സ്ത്രീകൾക്കുവേണ്ടി മാത്രം സുരക്ഷിതമായ സ്ഥലം ഒരുക്കുക എന്നതാണ് ഈ ഹോട്ടലിന്റെ പ്രധാനം ഉദ്ദേശം. സാധാരണയായി പുരുഷന്മാർ ചെയ്യുന്ന ജോലികളിൽ തങ്ങളുടെ വൈദഗ്ദ്ധ്യം തെളിയിക്കാനായി സ്ത്രീകൾക്ക് നൽകുന്ന അവസരമായാണ് ഹോട്ടൽ പ്രസിഡന്റ് ജോണ്‍ എറിക് കാപ്പല്ല ഇതിനെ കാണുന്നത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് ഇവിടെ നൽകുന്നത്.