tiago

ഉത്സവകാലം ഒട്ടേറെപ്പേർക്ക് സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുന്ന കാലം കൂടിയാണ്. പുതിയ വസ്‌ത്രം, വാഹനം, വീട് എന്നിങ്ങനെ ഏറെക്കാലമായുള്ള ആഗ്രഹ സഫലീകരണകാലം. ഈ നവരാത്രി-ദീപാവലി ആഘോഷ വേളയിൽ പുതിയ വാഹനം സ്വന്തമാക്കാൻ കൊതിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിച്ച പുത്തൻ മോഡലാണ് ടാറ്റാ ടിയാഗോ വിസ്.

ചുരുങ്ങിയ കാലം കൊണ്ട് വിപണിയിൽ മികച്ച സ്വീകാര്യത നേടിയ ടിയാ ഹാച്ച്ബാക്കിന്റെ പ്രീമിയം ലിമിറ്റഡ് എഡിഷൻ പതിപ്പാണിത്. 2016 ഏപ്രിലിൽ ഫുട്‌ബാൾ ഇതിഹാസം ലയണൽ മെസിയെ ബ്രാൻഡ് അംബാസഡറാക്കി ടാറ്റ അവതരിപ്പിച്ച 'ഫാമിലി കാർ" ആണ് ടിയാഗോ. ആഭ്യന്തര വിപണിയിൽ രണ്ടരവർഷം കൊണ്ടുതന്നെ രണ്ടുലക്ഷം ഉപഭോക്താക്കൾ എന്ന റെക്കാഡ് ഈ എൻട്രി ലെവൽ കോംപാക്‌റ്റ് ഹാച്ച്ബാക്ക് സ്വന്തമാക്കിയിരുന്നു. യുവാക്കൾക്ക് ഇടയിലും മികച്ച തരംഗമുണ്ടാക്കാൻ ടിയാഗോയ്ക്ക് സാധിച്ചു.

ടിയാഗോയുടെ മദ്ധ്യവേരിയന്റായ 'എക്‌സ്.ഇസഡിന്റെ" പരിഷ്‌കരിച്ച പതിപ്പാണ് വിസ്. 5.40 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. എക്‌സ്.ഇസഡിനേക്കാൾ 10,000 രൂപ കൂടുതൽ. സാങ്കേതിക വിഭാഗത്തിൽ മാറ്റങ്ങളില്ലെങ്കിലും രൂപഭംഗിയിൽ ഒട്ടേറെ പുതുമകളുമായാണ് വിസിന്റെ വരവ്. ടാറ്റയുടെ 85 ബി.എച്ച്.പി കരുത്തുള്ള, 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനാണുള്ളത്. 114 എൻ.എം ആണ് മാക്‌സിമം ടോർക്ക്. മൾട്ടി-ഡ്രൈവ് മോഡുകളുണ്ട്. 5-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം സ്‌റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു.

ഗ്രേ ബോഡി കളറും കറുപ്പഴക് നിറഞ്ഞ റൂഫുമാണ് ടിയാഗോ വിസിനുള്ളത്. മുന്നിലെ ഗ്രിൽ, സ്‌റ്റൈലിഷായ വീൽ, ഔട്ട്‌സൈഡ് റിയർവ്യൂ മിറർ (ഒ.ആർ.വി.എം) എന്നിവയിൽ ഓറഞ്ച് നിറം പതിച്ചിരിക്കുന്നു. വിസ് ബാഡ്‌ജിംഗ് ക്രോമിൽ തീർത്തിരിക്കുന്നു. അകത്തളത്തിൽ എ.സി വെന്റിലും സീറ്റുകളുടെ സ്‌റ്റിച്ചിംഗിലും എന്നിവിടങ്ങളിലും ഓറഞ്ച് നിറം കാണാം. പുറത്തെ നിറച്ചാർത്തിനോട് നീതി പുലർത്തുന്ന വിധം ഗിയർ ലിവറിലും ടൈറ്റാനിയം ഗ്രേ നിറം കാണാം. അകത്തെ ഡോർ ഹാൻഡിലിന് നിറം ഗ്രാനൈറ്റ് കറുപ്പാണ്.

ടിയാഗോ എക്‌സ്.ഇസഡിന് സമാനമായി യു.എസ്.ബിയോട് കൂടിയ 2-ഡിൻ ഓഡിയോ സ്സ്‌റ്റം, ബ്ളൂടൂത്ത്, സ്‌റ്രിയറിംഗിൽ ഓഡിയോ കൺട്രോൾ ബട്ടണുകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, പവർ അഡ്‌ജസ്‌റ്റബിൾ വിംഗ് മിററുകൾ എന്നിവയുമുണ്ട്.