കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരങ്ങളുടെ കൂടുതൽ വിവരങ്ങൾ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ജോളി വേറെയും കൊലപാതകൾ നടത്താൻ ആസൂത്രണം ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ ഭർത്താവ് റോയിയുടെ സഹോദരി രഞ്ജിയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കഴിഞ്ഞ ദിവസം ജോളി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് ഞെട്ടലോടെയാണ് കുടുംബാംഗങ്ങൾ കേട്ടത്.
ജോളിയുടെ മൊഴി പുറത്ത് വന്നതോടെ തങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് രഞ്ജിക്കും സഹോദരൻ റോജോയ്ക്കും ഇതിനോടകം തന്നെ ബോധ്യപ്പെട്ടുകഴിഞ്ഞു. റോയി മരിച്ചതിന് ശേഷം ജോളിയിൽ ചെറിയ സംശയം ഇരുവർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ കൂടത്തായിയിലെ വീട്ടിൽ എത്താറുണ്ടായിരുന്നെങ്കിലും അവിടെനിന്ന് ഭക്ഷണം കഴിക്കാനോ താമസിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. വീട്ടിലെത്തുന്ന റോജോയ്ക്കും രഞ്ജിക്കും സ്നേഹത്തോടെ ശീതള പാനീയങ്ങളും മധുരപലഹാരങ്ങളും ജോളി വെച്ചുനീട്ടിയിരുന്നു.ബന്ധുക്കളുടെ മരണശേഷം അമേരിക്കയിൽ നിന്ന് നാട്ടിലെത്തുമ്പോൾ റോജോ താമസിച്ചിരുന്നത് തിരുവമ്പാടിയിലെ ഭാര്യ വീട്ടിലോ ഹോട്ടലിലോ രഞ്ജിയുടെ എറണാകുളത്തെ വീട്ടിലോ ആയിരുന്നു.
2002നും 2016നും ഇടയിൽ സംഭവിച്ച ആറ് മരണങ്ങളും ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സാലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്. റോജോ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2016ൽ മരണപ്പെട്ട സാലിയുടെ ഭർത്താവ് ഷാജുവിനെ തൊട്ടടുത്ത വർഷം വിവാഹം ചെയ്തതും സംശയത്തിനിടയാക്കിയിരുന്നു.
ജോളിക്കൊപ്പം സയനൈഡ് എത്തിച്ച ബന്ധുവായ ജുവലറി ജീവനക്കാരൻ മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രദീപ്കുമാർ എന്നിവരും ഇന്നലെ അറസ്റ്റിലായിരുന്നു. മാത്യുവുമായി ജോളിക്ക് വഴിവിട്ട ബന്ധമുണ്ടെന്നതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്.