airindia-one-

ന്യൂഡൽഹി:രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്കായി അമേരിക്കൻ പ്രസിഡന്റിന്റെ 'എയർഫോഴ്‌സ് വൺ' വിമാനത്തിന്റെ മാതൃകയിൽ മിസൈൽ പ്രതിരോധം ഉൾപ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള രണ്ട് സ്ഥിരം 'എയർ ഇന്ത്യ വൺ' വിമാനങ്ങൾ വരുന്നു. അമേരിക്കയിലെ ഡാലസിലുള്ള ബോയിംഗ് കമ്പനിയുടെ കേന്ദ്രത്തിൽ രണ്ട് ബോയിംഗ് 777 വിമാനങ്ങളിലാണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിക്കുന്നത്. അമേരിക്കയാണ് ഇതിന് സാങ്കേതിക സഹായം നൽകുന്നത്. ഇവ അടുത്ത വർഷം ജൂണിൽ ഇന്ത്യയിൽ എത്തും.

ഈ വിമാനങ്ങൾക്ക് ഇടയ്‌ക്ക് ഇന്ധനം നിറയ്‌ക്കാതെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് നിറുത്താതെ പറക്കാൻ കഴിയും. നിലവിൽ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകൾക്കായി രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനമാണ് ഉപയോഗിക്കുന്നത്. വി. ഐ. പികൾക്കായി താൽക്കാലിക സൗകര്യങ്ങൾ ഒരുക്കും. ഇവർ സഞ്ചരിക്കുമ്പോൾ മാത്രം അത് 'എയർ ഇന്ത്യ വൺ' എന്ന വിളിപ്പേര് (കാൾ സൈൻ ) ഉപയോഗിക്കും. കഴിഞ്ഞ മാസം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ വിദേശ സന്ദർശന വേളയിൽ സൂറിച്ചിൽ വച്ച് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. 26 വർഷം പഴക്കമുള്ള വിമാനമായിരുന്നു അത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിനു കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ 4469 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു.

ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് (LAIRCM), സെൽഫ് പ്രൊട്ടക്‌ഷൻ സ്യൂട്ട്സ് (SPS), ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ട് എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. 1350 കോടി രൂപയാണ് ഇവയുടെ വില. ശത്രുവിന്റെ റഡാർ ഫ്രീക്വൻസി ജാം ചെയ്‌ത് ശത്രു മിസൈലുകളുടെ നിയന്ത്രണ സംവിധാനം താറുമാറാക്കുന്ന സംവിധാനമാണിത്. വിമാനത്തിന്റെ

ചൂട് തിരിച്ചറിഞ്ഞ് വരുന്ന മിസൈലുകൾക്ക് ഇതോടെ ലക്ഷ്യം തെറ്റും. ശത്രു മിസൈലിനെ ജാം ചെയ്‌ത വിവരം പൈലറ്റിനെ അറിയിക്കുകയും ചെയ്യും.

 പറക്കുന്ന വൈറ്റ് ഹൗസ്

യു.എസ് പ്രസിഡന്റിന്റെ വിമാനമായ എയർഫോഴ്സ് വൺ പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് അറിയപ്പെടുന്നത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണ് പ്രസിഡന്റ് . വിമാനത്തിൽ നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം. ആധുനിക വാർത്താവിനിമയ സംവിധാനം. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിൽസാ സൗകര്യങ്ങൾ. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. എത്രനേരവും ആകാശത്തു തുടരാം. ആണവ സ്ഫോടനത്തിന്റെ ആഘാതത്തെ പോലും അതിജീവിക്കും

 ആഡംബര സൗകര്യങ്ങൾ,

 പത്രസമ്മേളന മുറി,

 മെഡിക്കൽ സജ്ജീകരണങ്ങൾ

 വൈഫൈ

 മിസൈൽ പ്രതിരോധം