ന്യൂഡൽഹി: ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർത്ഥിനിയെ വിവാഹം ചെയ്തത മധ്യവയസ്കൻ മുങ്ങിയതായി പരാതി. ഡൽഹിയിലാണ് സംഭവം. ദ്വാരക സ്വദേശിയായ ജിതേന്ദ്രനാണ് പി.എച്ച്.ഡി വിദ്യാർത്ഥിനിയെ വിവാഹം ചെയ്തത്. താൻ ഡി.ആർ.ഡി.ഒ ശാസ്ത്രഞ്ജനാണെന്ന് പറഞ്ഞായിരുന്നു വിവാഹം കഴിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡും ഇയാൾ യുവതിയുടെ കുടുംബാംഗങ്ങൾക്ക് കാണിച്ചിരുന്നു.
വിവാഹ ശേഷം അമേരിക്കയിലെ ബഹിരാകാശ ഏജൻസിയായ നാസയിൽ പോകുകയാണെന്ന് പറഞ്ഞ് ഇയാൾ വീട് വിട്ടിറങ്ങി. പന്തികേട് തോന്നിയ യുവതി തൊട്ടടുത്ത ദിവസം ജിതേന്ദ്രന്റെ ലോക്കേഷൻ കണ്ടെത്താൻ ശ്രമിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
അമേരിക്കയിൽ പോയ ഭർത്താവ് ഗുരുഗ്രാമിലുണ്ടെന്ന് യുവതിക്ക് മനസിലായി.തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇയാൾ തൊഴിൽ രഹിതനാണെന്നും മറ്റൊരു ഭാര്യ ഉണ്ടെന്നും കണ്ടെത്തി. ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കാര്യമറിഞ്ഞ ജിതേന്ദ്ര വീട്ടിൽ നിന്ന് കടന്നുകളഞ്ഞു. അതേസമയം അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.