ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തമ്മിൽ കെട്ടിപ്പുണർന്ന് സ്നേഹം പങ്കിടുന്ന ചിത്രമാണ് ട്വിറ്ററിലെ തരംഗം. ഇന്ത്യൻ സന്ദർശനത്തിനായി വ്യാഴാഴ്ച എത്തിയ ഷേയ്ഖ് ഹസീന, ഇന്നലെയാണ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഹസീനയെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം പ്രിയങ്ക തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
ഷെയ്ഖ് ഹസീനയെ കാണാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നെന്നും ഈ കെട്ടിപ്പിടിത്തം ഒരു കുടിശിക ആയിരുന്നെന്നുമാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.
വ്യക്തിപരമായ നഷ്ടങ്ങൾ മറികടക്കാൻ ഷെയ്ഖ് ഹസീന കാണിച്ച ധൈര്യവും വിശ്വസിച്ചിരുന്ന കാര്യങ്ങൾ സ്വന്തമാക്കാനുള്ള പ്രയത്നവും തനിക്കെന്നും പ്രചോദനമാണെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ എന്നിവരും പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളുമായുള്ള ഹസീനയുടെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ഷേയ്ഖ് ഹസീന, നിർണായകമായ മൂന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ഏഴ് കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.