ന്യൂഡൽഹി: ഉപഭോക്തൃ വിപണിയിൽ വീശിയടിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ കാറ്ര്, പ്രാരംഭ ഓഹരി വിപണിക്കും (ഐ.പി.ഒ) തിരിച്ചടിയാകുന്നു. കേന്ദ്രസർക്കാർ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതടക്കം ഒട്ടേറെ നടപടികൾ പ്രഖ്യാപിച്ചെങ്കിലും മാന്ദ്യമകലാൻ ഇനിയുമേറെ കാലമെടുക്കുമെന്ന വിലയിരുത്തലുകളാണ് പുതിയ കമ്പനികളെ പ്രാരംഭ ഓഹരി വിപണിയിൽ നിന്ന് അകറ്റിനിറുത്തുന്നത്.
കോർപ്പറേറ്ര് നികുതിയിളവ് ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച ഉത്തേജക നടപടികൾ ഉത്‌പാദന വർദ്ധനയ്ക്ക് മാത്രമേ ഉപകരിക്കൂ. ഉപഭോഗം കൂടണമെങ്കിൽ ജനങ്ങളുടെ ആദായ നികുതി ബാദ്ധ്യത ഉൾപ്പെടെ കുറയണം. ആദായ നികുതി കുറയ്‌ക്കുന്നത് സംബന്ധിച്ച സൂചനയൊന്നും സർക്കാർ നൽകിയിട്ടില്ല. വായ്‌പാ ഡിമാൻഡ് കൂട്ടി, വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ റിസർവ് ബാങ്ക് തുടർച്ചയായി അഞ്ചുതവണ റിപ്പോനിരക്ക് കുറച്ചെങ്കിലും ഇതിന്റെ പ്രതിഫലനം ഇനിയും കണ്ടു തുടങ്ങിയിട്ടില്ല.
ഇന്ത്യയുടെ ജി.ഡി.പി വളർച്ച സമീപഭാവിലെങ്ങും മെച്ചപ്പെടില്ലെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തലും പ്രാരംഭ ഓഹരി വിപണിക്ക് ക്ഷീണമാകുന്നു. നടപ്പു സാമ്പത്തിക വർഷം (2019-20) ഇന്ത്യ ഏഴ് ശതമാനം വളരുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തിയിരുന്നത്. ആഗസ്‌റ്റിലെ ധനനയ നിർണയ യോഗത്തിൽ ഇത് 6.9 ശതമാനത്തിലേക്കും കഴിഞ്ഞ യോഗത്തിൽ 6.1 ശതമാനത്തിലേക്കും വെട്ടിക്കുറച്ചത് നിക്ഷേപക ലോകത്തെ ആശങ്കപ്പെടുത്തുകയാണ്.
കഴിഞ്ഞ യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചെങ്കിലും, ജി.ഡി.പി വളർച്ച ഇടിയുമെന്ന അഭിപ്രായം ഓഹരി വിപണിയെ വൻ നഷ്‌ടത്തിലേക്ക് വീഴ്‌ത്തിയിരുന്നു. നേട്ടത്തിൽ നിന്ന് 730 പോയിന്റോളം ഇടിഞ്ഞാണ്, കഴിഞ്ഞ വെള്ളിയാഴ്‌ച സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രാരംഭ ഓഹരി വിപണി
2018: ആകെ 31 കമ്പനികൾ പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചു.
2018 ജനുവരി-സെപ്‌തംബറിൽ ഐ.പി.ഒ എണ്ണം 24.
2019 ജനുവരി-സെപ്‌തംബറിൽ ഐ.പി.ഒ നടത്തിയത് 13 കമ്പനികൾ മാത്രം.
ഈ വർഷം സെപ്‌തംബർ വരെ കുറവ് 45 ശതമാനം.
₹11,000 കോടി
ഈവർഷം ജനുവരി-സെപ്‌തംബറിൽ 13 കമ്പനികൾ ഐ.പി.ഒയിലൂടെ സമാഹരിച്ചത് 11,000 കോടി രൂപയാണ്. 2018ൽ 24 കമ്പനികൾ ചേർന്ന് ആകെ 30,959 കോടി രൂപ സമാഹരിച്ചിരുന്നു.
തിരിച്ചടിയുടെ കാരണം
ജി.ഡി.പി വളർച്ചാ ഇടിവ്
ഉപഭോക്തൃ വിപണിയിലെ മാന്ദ്യം
കടന്നുകൂടിയവയ്ക്ക്
ഇതു നല്ലകാലം
പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) നടത്തി, ഓഹരി വിപണിയിലേക്ക് ചുവടുവയ്‌ക്കാൻ കമ്പനികൾ പൊതുവേ മടിക്കുകയാണ്. എന്നാൽ, ഈ വർഷം ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലെത്തിയ കമ്പനികൾ കാഴ്‌ചവയ്‌ക്കുന്നത് മികച്ച പ്രകടനമാണ്.
ഈ വർഷം ഐ.പി.ഒ നടത്തിയ കമ്പനികളിൽ 70 ശതമാനവും വ്യാപാരം ചെയ്യപ്പെടുന്നത് അടിസ്ഥാന വിലയേക്കാളും ഉയർന്ന മൂല്യത്തിൽ
ചില കമ്പനികൾ നിക്ഷേപകർക്ക് നൽകിയ ലാഭം (റിട്ടേൺ) ഏഴുമുതൽ 95 ശതമാനം വരെ
ജൂലായിൽ ഐ.പി.ഒ നടത്തിയ ഇന്ത്യാമാർട്ട് ഇന്റർമെഷ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത് ഇഷ്യൂ വിലയേക്കാൾ 95 ശതമാനം ഉയരത്തിൽ
വിദേശ നിക്ഷേപം
കൊഴിയുന്നു
കോർപ്പറേറ്റ് നികുതിയിലും റിപ്പോയിലും മികച്ച ഇളവ് ലഭിച്ചെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് കൂടൊഴിയുകയാണ് വിദേശ നിക്ഷേപകർ. ഈമാസം ഇതുവരെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) 2,947 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളും 977 കോടി രൂപയുടെ കടപ്പത്രങ്ങളും വിറ്രൊഴിഞ്ഞു. സാമ്പത്തികമാന്ദ്യം കടുക്കുമെന്ന ഭീതിയും അമേരിക്ക-ചൈന വ്യാപാരയുദ്ധം ശമിക്കാത്തതുമാണ് കാരണം.
₹1 ലക്ഷം കോടി
ഇന്ത്യയിലെ ഏഴ് മുൻനിര കോർപ്പറേറ്റ് കമ്പനികളുടെ മൂല്യത്തിൽ നിന്ന് കഴിഞ്ഞവാരം കൊഴിഞ്ഞുപോയത് ഒരുലക്ഷം കോടി രൂപയാണ്. 30,000 കോടി രൂപയുമായി എച്ച്.ഡി.എഫ്.സി ബാങ്കാണ് മുന്നിൽ.