jolly-son

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ സത്യം പുറത്ത് വരട്ടെയെന്ന് മരിച്ച റോയിയുടെ സഹോദരി രഞ്ജി. ആരെയും തേജോവധം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും,​മാതാപിതാക്കളുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി അറിയാനാണ് ശ്രമിച്ചതെന്നും രഞ്ജി മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ക്രൈംബ്രാഞ്ച് അന്വേഷണം നന്നായി പുരോഗമിക്കുന്നുണ്ട്. സത്യം തെളിയും. ഞങ്ങളുടെ സത്യാന്വോഷണം വിജയിച്ചു. ബാക്കിയൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അന്വേഷണ ഉദ്യോഗസ്ഥരോട് നന്ദി പറയുന്നു. ഞാനും എന്റെ സഹോദരനും ഒറ്റയ്ക്കാണ് പൊരുതിയത്.കുടുംബത്തിൽ നിന്നോ മറ്റൊ ഒരു പിന്തുണയും കിട്ടിയില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല.പതിനേഴ് വർഷമല്ല 27 വർഷമായാലും സത്യം എന്നെങ്കിലും തെളിയും. ഒരിക്കലും എന്റെ മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ചിന്തിച്ചിരുന്നില്ല. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും, എനിക്ക് നേരിട്ട അനുഭവവും പിറകോട്ട് ചിന്തിപ്പിച്ചു. താങ്ങാനാകാത്ത സത്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. പലരും പറഞ്ഞു ഇത് സ്വത്ത് കിട്ടാനുള്ള കളിയാണെന്ന് അതിന്റെ ആവശ്യമില്ല. ഏതൊരു പിതാവിന്റെയും സ്വത്ത് മക്കൾക്ക് തുല്യമായി കിട്ടും'-ര‌ഞ്ജി മാദ്ധ്യമങ്ങളോട് പറഞ്ഞു.

തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജോളിയുടെ മകൻ റോമോ പ്രതികരിച്ചു.ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അന്വേഷണത്തിൽ വാസ്തവം തെളിയട്ടെയെന്ന് റോമോ പറഞ്ഞു. കൂടാതെ സത്യവും നീതിയും എന്നും വിജയിക്കട്ടെയെന്നും ജോളിയുടെ മകൻ കൂട്ടിച്ചേർത്തു.

2002നും 2016നും ഇടയിലാണ് ആറ് മരണങ്ങളും സംഭവിച്ചത്. മരണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകൻ റോയി തോമസ്,​ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സാലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്.റോയിയുടെ സഹോദരൻ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്.റോയിയുടെ ഭാര്യ ജോളിയാണ് സംഭവത്തിന് പിന്നിലെന്നും സ്വത്ത് തട്ടിയെടുക്കാനും മറ്റുമാണ് കൊല നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.